ദോഹ– മാജിക്കും സംഗീതവും മോട്ടിവേഷനും സമന്ന്വയിപ്പിച്ചു ലോക പ്രശസ്ത മാന്ദ്രികനും മോട്ടിവേഷൻ സ്പീക്കറും സാമൂഹ്യ പ്രവർത്തകനുമായ ഗോപിനാഥ് മുതുകാടും സംഘവും ദോഹയിലെ ഡി പി എസ് മോഡേൺ ഇന്ത്യൻ സ്കൂളിലെ നിറഞ്ഞ സദസ്സിന് മുന്നിൽ അവതരിപ്പിച്ച എം ക്യൂബ് കാണികളിൽ ഏറെ വിസ്‌മയം തീർത്തു. പുതിയ രീതിയിലുള്ള പരിപാടി ആദ്യമായാണ് ഖത്തറിൽ അരങ്ങേറിയത്. കലയും സംഗീതവും സംസ്‌കാരവും മാനവികതയും മനുഷ്യത്വവും ഉദ്‌ഘോഷിച്ച സവിശേഷ വിരുന്നായി എം ക്യൂബ് മാറി.


കാസര്‍ക്കോട് വരാനിരിക്കുന്ന സമൂഹത്തിലെ ഭിന്ന ശേഷിക്കാരുടെ സമഗ്രമായ വളര്‍ച്ചക്കുള്ള അത്യാധുനിക പദ്ധതിയുടെ പ്രമോഷന് വേണ്ടി സംഘടിപ്പിച്ച കലാവിരുന്ന് ഖത്തറിലെ സഹൃദയ ലോകത്തിന് അവിസ്മരണീയ രാവാണൊരുക്കിയത്. സമൂഹത്തിലെ ഭിന്ന ശേഷിക്കാരായ മനുഷ്യ മക്കളെ ചേര്‍ത്തുനിര്‍ത്തി, അവരുടെ കഴിവുകളെ ശാസ്ത്രീയമായ രീതിയില്‍ വികസിപ്പിക്കുകയെന്ന മഹത്തായ ദൗത്യമാണ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത് ഡിസ്എബിലിറ്റീസ് ഏറ്റെടുക്കുന്നത്. തിരുവനന്തപുരത്തെ പ്രശസ്തമായ രീതിയില്‍ നടന്നുവരുന്ന ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മാതൃകയില്‍ ആയിരം കുടുംബങ്ങളെയാണ് കാസര്‍ക്കോട് ഉയരുന്ന ഈ കേന്ദ്രം സംരംക്ഷിക്കുക.
കാസർകോഡ് ജില്ലയിലുയർന്ന കെട്ടിട സമുച്ചയത്തിൽ ബേക്കൽ കോട്ടയുടെ മാതൃകയിലുള്ള ഒരു കെട്ടിടം ഖത്തറില്‍ നിന്നുള്ള സുമനസുകള്‍ ചേര്‍ന്ന് നിര്‍മിക്കുമെന്ന പ്രഖ്യാപനവും ആ രംഗത്ത് ഓരോ മനുഷ്യ സ്‌നേഹിയും തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന ആഹ്വാനവും സാമൂഹ്യ പ്രതിബദ്ധതയുടേയും മനുഷ്യ സ്‌നേഹത്തിന്റേയും അടയാളപ്പെടുത്തലായിരുന്നു.
ഖത്തറിൽ നടന്ന എം ക്യൂബയിൽ ഗോപിനാഥ് മുതുകാടിനോടൊപ്പം പ്രശസ്ത പിന്നണി ഗായകൻ അതുൽ നറുകര, സ്വേതാ അശോക്, വയലിനിസറ്റ് വിഷ്ണു, ഫാത്തിമ അൻഷി, ആദിത്യ സുരേഷ്, ഡാൻസർ വിഷ്ണു അമർ നാഥ്, വിദ്യ എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.


ഖത്തറില്‍ നിന്നും ഈ ദൗത്യത്തിന് പിന്തുണ നല്‍കാനും കൂടുതല്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്താനും പരിശ്രമിക്കുന്ന എം ക്യൂബ് ഖത്തർ കൺവീനർ മൻസൂർ മൊയ്‌ദീൻ, ഷംസീര്‍ ഹംസ (അഡ്രസ് ഗേറ്റ് വേ), നൗഫല്‍ അബ്ദു റഹിമാൻ, എന്നിവരടങ്ങുന്ന ടീം പരിപാടിക്ക് നേതൃതം നൽകി.