മസ്കത്ത്– നിക്ഷേപകർക്കായി വലിയ അവസരങ്ങൾ ഒരുക്കി കൊണ്ടാണ് ഒമാന്റെ പുതിയ ഗോൾഡൻ വിസ പ്രോഗ്രാമിന്റെ കടന്നു വരവ്. ഓഗസ്റ്റ് 31 നാണ് ഗോൾഡൻ വിസ പദ്ധതി അവതരിപ്പിക്കുന്നത്. ആഗോള നിക്ഷേപങ്ങളെ ആകർഷിക്കുക, വാണിജ്യ മേഖലയിലെ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുക എന്നിവയാണ് ഇതിനുപിന്നിലെ ലക്ഷ്യം. ദീർഘകാല നിക്ഷേപ താത്പര്യമുള്ളവരെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഒമാനെ ആഗോള നിക്ഷേപ ഹബ്ബായി രൂപപ്പെടുത്താനും ഇതുവഴി സാധ്യമാകും.
ഗോൾഡൻ വിസ ആർക്കൊക്കെ നേടാം? യോഗ്യതകൾ എന്തൊക്കെ?
ഒമാനിൽ റിയൽ എസ്റ്റേറ്റ് ഓഹരി വാങ്ങുന്നതിലൂടെ ഗോൾഡൻ വിസ സ്വന്തമാക്കാൻ സാധിക്കും. ഇതുകൂടാതെ, കമ്പനി ഉടമസ്ഥാവകാശം അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ്, ഐടി, പുനരുപയോഗ ഊർജ്ജം, ടൂറിസം തുടങ്ങിയ പ്രധാന മേഖലകളിലെ മൂലധന നിക്ഷേപം വഴിയും നിക്ഷേപകർക്ക് യോഗ്യത നേടാം. വിസ ഉടമകൾക്ക് പൂർണ്ണ ബിസിനസ്സ് ഉടമസ്ഥാവകാശം ഉണ്ട്.
5 വർഷമോ 10 വർഷമോ കാലാവധിയുള്ള ഗോൾഡൻ വിസ പുതുക്കാൻ സാധിക്കുന്നതാണ്. വിസ ലഭിക്കുന്ന ആൾക്കും അവരുടെ പങ്കാളികൾക്കും 25 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്കും ആശ്രിതരായ മാതാപിതാക്കൾക്കും പ്രാദേശിക സ്പോൺസർഷിപ്പിന്റെ ആവശ്യമില്ലാതെ ഒമാനിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും ഇതുവഴി സാധ്യമാകും.
കമ്പനികളുടെ കൊമേർഷ്യൽ രജിസ്ട്രേഷൻ ട്രാൻസ്ഫറുകൾക്ക് ഇലക്ട്രോണിക് സർട്ടിഫിക്കേഷൻ വഴിയുള്ള ഡിജിറ്റൽ സേവനം ലഭ്യമാക്കുന്നതോടെ നിക്ഷേപകർക്ക് സമയവും ചെലവും കുറയുന്ന രീതിയിൽ സേവനം ലഭ്യമാകും. ബിസിനസ് ഇടപാടുകളുടെ ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുന്നതിലും ഈ സംവിധാനം സഹായകരമാകും.
എങ്ങിനെ സ്വന്തമാക്കാം?
ഗോൾഡൻ വിസ സ്വന്തമാക്കാൻ ഒരു രജിസ്റ്റർ ചെയ്ത കൺസൾട്ടൻസി സ്ഥാപനത്തിന്റേയോ വിദഗ്‌ധരുടെയോ സഹായം തേടാവുന്നതാണ്.
പിന്നീട് ആവശ്യമായ രേഖകൾ സമ്മർപ്പിക്കലാണ് അടുത്ത ഘട്ടം. നിക്ഷേപിച്ചതിന്റെ തെളിവ്, ആരോഗ്യ ഇൻഷുറൻസ്, പാസ്‌പോർട്ട് പകർപ്പുകൾ
മറ്റ് ആവശ്യമായ രേഖകളുമാണ് സമർപ്പിക്കേണ്ടത്. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയത്തിനാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എല്ലാ രേഖകളും പൂർണ്ണവും കൃത്യവുമാണെന്ന് ഉറപ്പാക്കണം. തുടർന്ന് അപേക്ഷ വിജയകരമായാൽ ഗോൾഡൻ വിസ സ്വന്തമാക്കാം.