കുവൈത്ത് സിറ്റി – ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗരാജ്യങ്ങളിലെ പൗരന്മാരുടെ അതിര്‍ത്തി കടന്നുള്ള യാത്ര ലളിതമാക്കാൻ വണ്‍-സ്റ്റോപ്പ് യാത്രാ സംവിധാനത്തിന് ജി.സി.സി അംഗീകാരം. അടുത്ത മാസം (ഡിസംബര്‍) മുതല്‍ യു.എ.ഇയും ബഹ്റൈനും തമ്മില്‍ ആദ്യ പരീക്ഷണ ഘട്ടം ആരംഭിക്കുമെന്ന് കുവൈത്തില്‍ നടന്ന 42-ാമത് ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിന് ശേഷം സംസാരിച്ച ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി പറഞ്ഞു. ഈ സംവിധാനം വിജയകരമായാൽ എല്ലാ ജി.സി.സി അംഗരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.
പുതിയ സംവിധാനത്തിലൂടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സ്വദേശി യാത്രക്കാര്‍ക്ക് ഒരു ചെക്ക് പോയിന്റില്‍ വെച്ച് ഇമിഗ്രേഷന്‍, കസ്റ്റംസ്, സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇത് ഒന്നിലധികം പരിശോധനകള്‍ ഒഴിവാക്കുകയും എത്തിച്ചേരല്‍ പ്രോസസ്സിംഗ് സമയം കുറക്കുകയും ചെയ്യും. അംഗരാജ്യങ്ങള്‍ക്കിടയില്‍ യാത്രയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ ട്രാക്ക് ചെയ്യാനും പങ്കിടാനുമായി ഏകീകൃത ഇലക്‌ട്രോണിക് പ്ലാറ്റ്ഫോം പുതിയ സംവിധാനത്തെ പിന്തുണക്കും. പ്രാദേശിക യാത്ര വേഗത്തിലും കാര്യക്ഷമമായും നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് വണ്‍-സ്റ്റോപ്പ് സംവിധാനം നടപ്പാക്കുന്നതെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ പറഞ്ഞു. വണ്‍-സ്റ്റോപ്പ് സംവിധാനത്തില്‍ ജി.സി.സി അംഗരാജ്യങ്ങളായ ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലെ പൗരന്മാര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഒരൊറ്റ ചെക്ക്പോസ്റ്റില്‍ പാസ്പോര്‍ട്ട് നടപടിക്രമങ്ങളും സുരക്ഷാ സ്‌ക്രീനിംഗും പൂര്‍ത്തിയാക്കിയാല്‍ മതിയാകും. ആ ക്ലിയറന്‍സുകള്‍ എത്തിച്ചേരുമ്പോള്‍ അംഗീകരിക്കപ്പെടുകയും ഡ്യൂപ്ലിക്കേറ്റ് പരിശോധനകളുടെ ആവശ്യകത ഇല്ലാതാക്കുകയും കാത്തിരിപ്പ് സമയം കുറക്കുകയും ചെയ്യും.
യൂറോപ്യന്‍ യൂണിയനില്‍ നിലവിലുള്ള ഷെന്‍ഗന്‍ ശൈലിയിലുള്ള ഏകോപനത്തെ പുതിയ വണ്‍-സ്റ്റോപ്പ് സംവിധാനം പ്രതിഫലിപ്പിക്കുന്നു. ഇത് ആഴത്തിലുള്ള പ്രാദേശിക സംയോജനത്തിനുള്ള ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ പ്രേരണയെ പ്രതിഫലിപ്പിക്കുന്നു. സഞ്ചാരം മെച്ചപ്പെടുത്താനും യാത്രാ അടിസ്ഥാന സൗകര്യങ്ങള്‍ സംയോജിപ്പിക്കാനുമുള്ള വിശാലമായ പ്രാദേശിക ശ്രമങ്ങളുടെ ഭാഗമാണ് വണ്‍-സ്റ്റോപ്പ് സംവിധാനം. ഗള്‍ഫ് രാജ്യങ്ങള്‍ ഏകീകൃത ടൂറിസ്റ്റ്-വിസ പദ്ധതിയായ ജി.സി.സി ഗ്രാന്‍ഡ് ടൂര്‍സ് വിസക്ക് രൂപംനല്‍കുന്നുണ്ട്. ഇത് സന്ദര്‍ശകരെ ഒറ്റ പെര്‍മിറ്റില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കും. ഈ വര്‍ഷം നാലാം പാദത്തില്‍ ഏകീകൃത ഗള്‍ഫ് വിസയുടെ പൈലറ്റ് ഘട്ടം നടപ്പാക്കാനായി ജി.സി.സി പ്രവര്‍ത്തിക്കുന്നു. ഇത് വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ എളുപ്പത്തില്‍ അതിര്‍ത്തി കടന്നുള്ള യാത്ര അനുവദിക്കും.



