ദുബൈ – വ്യാജ ചെക്ക് ഉപയോഗിച്ച് പോര്‍ഷെ കയെന്‍ കൈക്കലാക്കിയ തട്ടിപ്പ് സംഘത്തിന് ആറു മാസം തടവും പിഴയും നാടുകടത്തലും ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി.
ആഡംബര കാറിന്റെ മൂല്യം തിരികെ നല്‍കാനും ഇരക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ഉടമ തന്റെ പോര്‍ഷെ കയെന്‍ ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ വില്‍പ്പനക്ക് വെച്ചതോടെയാണ് സംഭവം ആരംഭിച്ചത്. തട്ടിപ്പ് സംഘത്തില്‍ ഒരാള്‍ ഉടമയെ ബന്ധപ്പെടുകയും താല്‍പ്പര്യം പ്രകടിപ്പിക്കുകയും വാഹന രജിസ്‌ട്രേഷന്‍ സെന്ററില്‍ വെച്ച് അദ്ദേഹത്തെ കാണുകയും ചെയ്തു. ഇവിടെ വെച്ച് സംഘം 5,75,000 ദിര്‍ഹത്തിന്റെ വ്യാജ ചെക്ക് നല്‍കി കാര്‍ കൈവശപ്പെടുത്തുകയും കാര്‍ രാജ്യത്തിന് പുറത്തേക്ക് അയക്കുകയുമായിരുന്നു. ഉടമക്ക് വ്യാജ ചെക്ക് കൈമാറിയ ശേഷം തട്ടിപ്പ് സംഘം തങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരു പ്രതിയുടെ പേരില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ സൗകര്യമൊരുക്കാനായി മൂന്നാം കക്ഷിയുടെ പേരിലേക്ക് പെട്ടെന്ന് ഉടമസ്ഥാവകാശം കൈമാറുകയായിരുന്നു.
ചെക്ക് വ്യാജമാണെന്ന് കണ്ടെത്തി ഇര പിന്നീട് ക്രിമിനല്‍ കോടതിയിൽ പരാതി നല്‍കി. ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ പ്രതികള്‍ക്കെതിരെ വ്യാജ രേഖ നിര്‍മ്മിച്ച് ഉപയോഗിച്ചതിനും മറ്റൊരാളുടെ സ്വത്ത് വഞ്ചനാപരമായി കൈക്കലാക്കിയതിനും കുറ്റം ചുമത്തി. ക്രിമിനല്‍ കോടതി കേസ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചു. നാലംഗ സംഘത്തില്‍ മൂന്നു പേര്‍ വിചാരണക്കിടെ കോടതിയില്‍ ഹാജരായി. ഒരാളെ അയാളുടെ അസാന്നിധ്യത്തിലാണ് വിചാരണ ചെയ്തത്. പ്രതികള്‍ക്ക് ആറ് മാസം വീതം തടവും കാറിന്റെ വിലയായി നല്‍കിയ വ്യാജ ചെക്കിലെ മൂല്യമായ 5,75,000 ദിര്‍ഹം സംയുക്ത പിഴയും നാടുകടത്തലുമാണ് കോടതി ശിക്ഷ വിധിച്ചത്. അപ്പീലില്‍ വിധി ശരിവെച്ചു.
തുടര്‍ന്ന് കാറുടമ വാഹനത്തിന്റെ മൂല്യം തിരികെ ലഭിക്കണമെന്നും തനിക്ക് സംഭവിച്ച കഷ്ടനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ട് സിവില്‍ കേസ് ഫയല്‍ ചെയ്തു. ക്രിമിനല്‍ വിധിന്യായത്തിലെ കണ്ടെത്തലുകള്‍ നിര്‍ബന്ധിതമാണെന്ന് സിവില്‍ കോടതി വിധിച്ചു. വ്യാജ ചെക്ക്, അതിന്റെ ഉപയോഗം, വാഹനം നിയമവിരുദ്ധമായി തട്ടിയെടുക്കല്‍ എന്നിവ സിവില്‍ നിയമപ്രകാരവും നടപടിയെടുക്കാവുന്ന കുറ്റമാണെന്ന് കോടതി പറഞ്ഞു.
മോഷ്ടിച്ച വാഹനത്തിന്റെ വിലയായ 5,75,000 ദിര്‍ഹം, ഭൗതികവും മാനസികവുമായ കഷ്ടനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരമായി 50,000 ദിര്‍ഹം എന്നിവ നാല് പ്രതികളും സംയുക്തമായി നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. കോടതി ഫീസും നിയമപരമായ ചെലവുകളും പ്രതികള്‍ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.



