ജിദ്ദ – കഴിഞ്ഞ വര്‍ഷം സൗദിയില്‍ 119.2 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ എത്തിയതായി നിക്ഷേപ മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം 109 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളില്‍ 24.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ കഴിഞ്ഞ കൊല്ലം ചരിത്രപരമായ ഫലങ്ങള്‍ നല്‍കി. മൊത്തം സ്ഥിര മൂലധന രൂപീകരണം (ആഭ്യന്തര നിക്ഷേപം) 1.3 ട്രില്യണിലേറെ റിയാലിലെത്തി. ഇത് ലക്ഷ്യമിട്ടതിലും 38 ശതമാനം കൂടുതലാണ്. സര്‍ക്കാരിതര, എണ്ണയിതര സ്വകാര്യ മേഖലാ ആഭ്യന്തര നിക്ഷേപത്തില്‍ വലിയ വളര്‍ച്ചയുണ്ടായി. മൊത്തം ആഭ്യന്തര നിക്ഷേപത്തിന്റെ ഏകദേശം 76 ശതമാനം സ്വകാര്യ മേഖലയുടെ സംഭാവനയാണ്.
പ്രാദേശിക ആസ്ഥാനങ്ങള്‍ സൗദിയിലേക്ക് മാറ്റാന്‍ പ്രധാന ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അനുവദിച്ച ലൈസന്‍സുകളുടെ എണ്ണത്തിലും ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായി. കഴിഞ്ഞ വര്‍ഷാവസാനത്തോടെ 660 ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങളുടെ റീജ്യനല്‍ ആസ്ഥാനങ്ങള്‍ സൗദിയിലേക്ക് മാറ്റി. വിദേശ കമ്പനികള്‍ക്ക് അനുവദിച്ച നിക്ഷേപ ലൈസന്‍സുകളുടെ എണ്ണം 50,000 കവിഞ്ഞു. വിഷന്‍ 2030 പ്രകാരമുള്ള സാമ്പത്തിക പരിവര്‍ത്തന യാത്രയിലെ നാഴികക്കല്ലാണ് ഈ നേട്ടങ്ങള്‍. സൗദി അറേബ്യ നടപ്പാക്കുന്ന സാമ്പത്തിക, നിയമനിര്‍മാണ പരിഷ്‌കാരങ്ങളില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം ഇത് പ്രകടമാക്കുന്നു.
2016 ല്‍ വിഷന്‍ 2030 പ്രഖ്യാപിച്ച ശേഷം, സൗദിയില്‍ വിദേശ നിക്ഷേപം ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചു. രാജ്യത്തേക്കുള്ള വിദേശ നിക്ഷേപങ്ങളുടെ ഒഴുക്ക് നാലിരട്ടിയിലേറെ വര്‍ധിച്ചു. 2017 ല്‍ 28.1 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് സൗദിയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 119.2 ബില്യണ്‍ റിയാലായി ഉയര്‍ന്നു. സൗദിയിലെ ആകെ
വിദേശ നിക്ഷേപങ്ങള്‍ ഒമ്പതു വര്‍ഷത്തിനിടെ ഏകദേശം ഇരട്ടിയായി. 2017 ല്‍ സൗദിയിലെ ആകെ വിദേശ നിക്ഷേപങ്ങള്‍ 501.8 ബില്യണ്‍ റിയാലായിരുന്നു. കഴിഞ്ഞ വര്‍ഷാവസാനത്തോടെ ഇത് 977.3 ബില്യണ്‍ റിയാലായി. 2016 നും 2024 നും ഇടയില്‍ ഇഷ്യൂ ചെയ്ത വിദേശ നിക്ഷേപ ലൈസന്‍സുകളുടെ എണ്ണം പത്തിരട്ടിയിലധികമായി.
ആഗോള സാമ്പത്തിക വെല്ലുവിളികളുടെയും അന്താരാഷ്ട്ര തലത്തില്‍ നേരിട്ടുള്ള നിക്ഷേപ പ്രവാഹത്തിന്റെ വളര്‍ച്ചാ നിരക്കിലെ മാന്ദ്യത്തിന്റെയും പശ്ചാത്തലത്തിലാണ് നേരിട്ടുള്ള വിദേശ നിക്ഷേപ വളര്‍ച്ചയില്‍ സൗദി അറേബ്യ മികച്ച പ്രകടനം കാഴ്ച വെച്ചതെന്ന് നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും വളര്‍ച്ച കൈവരിക്കാനും ആകര്‍ഷകമായ നിക്ഷേപ അന്തരീക്ഷം ശക്തമാക്കാനും ഗുണനിലവാരമുള്ള നിക്ഷേപ അവസരങ്ങള്‍ നല്‍കാനും ശ്രമിക്കുന്ന അഭിലാഷകരമായ ദര്‍ശനത്തിന് അനുസൃതമായി എല്ലാ സാമ്പത്തിക, നിക്ഷേപ വെല്ലുവിളികളെയും നേരിടാനുള്ള രാജ്യത്തിന്റെ ശേഷി ഇത് പ്രതിഫലിപ്പിക്കുന്നു.
ലോകമെമ്പാടും നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതില്‍ വിഷന്‍ 2030 ഉം ദേശീയ നിക്ഷേപ തന്ത്രവും ഇതിനകം വിജയിച്ചതായി ഈ ഡാറ്റകള്‍ തെളിയിക്കുന്നു. 2024 ല്‍ ആദ്യമായി എണ്ണ ഇതര വിദേശ നിക്ഷേപ പ്രവാഹം ആകെ വിദേശ നിക്ഷേപ ഒഴുക്കിന്റെ ഏകദേശം 90 ശതമാനമായി ഉയര്‍ന്നു. സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും സുസ്ഥിര വികസനത്തിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. 2024 ല്‍ എണ്ണയിതര മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ എണ്ണയിതര വിദേശ നിക്ഷേപത്തിന്റെ പങ്ക് 4.2 ശതമാനമായി ഉയര്‍ന്നു. ഗുണപരമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് സൗദി വിപണിയിലേക്കുള്ള വിദേശ നിക്ഷേപ പ്രവാഹം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും നിക്ഷേപ മന്ത്രി പറഞ്ഞു.