ജിദ്ദ – കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം മൂന്നാം പാദത്തില്‍ സൗദിയിലേക്കുള്ള അറ്റ വിദേശ നിക്ഷേപ ഒഴുക്കില്‍ 34.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വെളിപ്പെടുത്തി.
മൂന്നാം പാദത്തില്‍ 24.9 ബില്യണ്‍ സൗദി റിയാലിന്റെ അറ്റ വിദേശ നിക്ഷേപങ്ങള്‍ രാജ്യത്തെത്തി. 2024 മൂന്നാം പാദത്തില്‍ 18.5 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് സൗദിയിലെത്തിയത്. ഈ വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 5.2 ശതമാനം തോതില്‍ വര്‍ധിച്ചു. രണ്ടാം പാദത്തില്‍ 23.7 ബില്യണ്‍ റിയാലിന്റെ അറ്റ വിദേശ നിക്ഷേപങ്ങള്‍ രാജ്യത്തെത്തി.
മൂന്നാം പാദത്തില്‍ ആകെ 27.7 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് രാജ്യത്തെത്തിയത്. 2024 മൂന്നാം പാദത്തില്‍ ഇത് 26.5 ബില്യണ്‍ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വര്‍ഷം മൂന്നാം പാദത്തില്‍ ആകെ വിദേശ നിക്ഷേപത്തില്‍ 4.4 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഈ വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ രാജ്യത്തെത്തിയ ആകെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 3.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. രണ്ടാം പാദത്തില്‍ ആകെ 26.8 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് രാജ്യത്തെത്തിയത്.
മൂന്നാം പാദത്തില്‍ 2.7 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ സൗദിയില്‍ നിന്ന് പുറത്തേക്കൊഴുകി. 2024 ലെ മൂന്നാം പാദത്തില്‍ ഇത് 8 ബില്യണ്‍ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ കൊല്ലം മൂന്നാം പാദത്തില്‍ രാജ്യത്തു നിന്ന് പുറത്തേക്ക് പോയ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 65.7 ശതമാനം തോതില്‍ കുറഞ്ഞു. ഈ വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ സൗദിയില്‍ നിന്ന് പുറത്തേക്കൊഴുകിയ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 11.4 ശതമാനം തോതില്‍ കുറഞ്ഞു. രണ്ടാം പാദത്തില്‍ 3.1 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ സൗദിയില്‍ നിന്ന് പുറത്തുപോയിരുന്നു.
കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ പങ്ക് 16 ശതമാനമായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തി. 2023 ല്‍ ഇത് 15.6 ശതമാനമായിരുന്നു. വിവര, ആശയവിനിമയ സാങ്കേതികവിദ്യ ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന കോര്‍ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ സംഭാവന ജി.ഡി.പിയുടെ 2.7 ശതമാനത്തിലെത്തി. ഡിജിറ്റല്‍ ഇന്‍പുട്ടുകളെ ആശ്രയിക്കുന്ന ഇടുങ്ങിയ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ 2.4 ശതമാനം സംഭാവന ചെയ്തു. ഡിജിറ്റല്‍ ഇന്‍പുട്ടുകള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിശാലമായ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 10.9 ശതമാനം സംഭാവന ചെയ്തു.
കഴിഞ്ഞ വര്‍ഷം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്മ്യൂണിക്കേഷന്‍സ് മേഖലയുടെ പ്രവര്‍ത്തന വരുമാനം 249.8 ബില്യണ്‍ റിയാലിലെത്തി. ടെലികമ്മ്യൂണിക്കേഷന്‍സ് മേഖല 133.9 ബില്യണ്‍ റിയാലും കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് മേഖല 31.1 ബില്യണ്‍ റിയാലും വരുമാനം നേടി. ഈ മേഖലയുടെ പ്രവര്‍ത്തനച്ചെലവ് 122.2 ബില്യണ്‍ റിയാലായിരുന്നു. ഇതില്‍ 29.2 ബില്യണ്‍ റിയാല്‍ ജീവനക്കാരുടെ വേതനമായിരുന്നു.
വിവരസാങ്കേതികവിദ്യ, ആശയവിനിമയ വസ്തുക്കളുടെ ഇറക്കുമതി 23.5 ശതമാനം വര്‍ധിച്ച് 67.9 ബില്യണ്‍ റിയാലിലെത്തി. 2023 ല്‍ ഇത് 54.9 ബില്യണ്‍ സൗദി റിയാലായിരുന്നു. ഇറക്കുമതിയില്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ഉപകരണങ്ങളാണ് മുന്നില്‍. 36.8 ബില്യണ്‍ റിയാലിന്റെ ടെലികമ്മ്യൂണിക്കേഷന്‍സ് ഉപകരണങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്തു. വിവരസാങ്കേതികവിദ്യ, ആശയവിനിമയ വസ്തുക്കളുടെ കയറ്റുമതിയും പുനര്‍കയറ്റുമതിയും 118 ശതമാനം തോതില്‍ വര്‍ധിച്ച് 25.8 ബില്യണ്‍ റിയാലിലെത്തി. 2023 ല്‍ ഇത്തരം ഉല്‍പന്നങ്ങളുടെ കയറ്റുമതി 11.8 ബില്യണ്‍ റിയാലായിരുന്നു.
വിവരസാങ്കേതികവിദ്യ, ആശയവിനിമയ വസ്തുക്കളുടെ കയറ്റുമതിയില്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ഉപകരണങ്ങള്‍ 24.9 ബില്യണ്‍ റിയാലുമായി ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്ത് കമ്പ്യൂട്ടര്‍ ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളുമാണ്. കഴിഞ്ഞ വര്‍ഷം 57.95 കോടി റിയാലിന്റെ കമ്പ്യൂട്ടര്‍ ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും കയറ്റി അയച്ചു.
ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ എണ്ണം 40,953 ആയി വര്‍ധിച്ചു. 2023 ല്‍ ഇത് 37,481 ആയിരുന്നു. ആപ്ലിക്കേഷന്‍ വികസന മേഖലയില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ 15,775 ആയും ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവന മേഖലയില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ 3,005 ആയും സാമ്പത്തിക സാങ്കേതിക പരിഹാര മേഖലയില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ 3,152 ആയും വര്‍ധിച്ചു. ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദി അറേബ്യയുടെ സേവന കയറ്റുമതി 58.2 ബില്യണ്‍ റിയാലിലെത്തി. ഇതേ പാദത്തില്‍ സേവന ഇറക്കുമതി 120.8 ബില്യണ്‍ റിയാലായതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.



