ജിദ്ദ – ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദി അറേബ്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 14.5 ശതമാനം തോതില്‍ വര്‍ധിച്ചു. മൂന്നു മാസത്തിനിടെ രാജ്യത്തെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം 22.8 ബില്യണ്‍ റിയാലായി. കഴിഞ്ഞ വര്‍ഷത്തെ ഇതേ പാദത്തില്‍ വിദേശ നിക്ഷേപം 19.9 ബില്യണ്‍ റിയാലായിരുന്നു. ഈ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ നേരിട്ടുള്ള വിദേശ അറ്റ നിക്ഷേപം 3.5 ശതമാനം തോതില്‍ കുറഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് സ്ഥിതിവിവരകണക്കുകള്‍ വ്യക്തമാക്കുന്നു. ആദ്യ പാദത്തില്‍ നേരിട്ടുള്ള വിദേശ അറ്റ നിക്ഷേപം 23.7 ബില്യണ്‍ റിയാലായിരുന്നു.
ഈ വര്‍ഷം രണ്ടാം പാദത്തില്‍ ആകെ 24.9 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് രാജ്യത്തെത്തിയത്. 2024 ലെ രണ്ടാം പാദത്തില്‍ ഇത് ഏകദേശം 28.2 ബില്യണ്‍ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 11.5 ശതമാനം തോതില്‍ കുറഞ്ഞു. ഈ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 4.1 ശതമാനം കുറവ് രേഖപ്പെടുത്തി. ആദ്യ പാദത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 26 ബില്യണ്‍ റിയാലായിരുന്നു.
ഈ കൊല്ലം രണ്ടാം പാദത്തില്‍ രാജ്യത്തു നിന്ന് 2.1 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ പുറത്തേക്ക് പോയി. 2024 ലെ രണ്ടാം പാദത്തില്‍ ഇത് 8.2 ബില്യണ്‍ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ കൊല്ലം രണ്ടാം പാദത്തില്‍ രാജ്യത്തു നിന്ന് പുറത്തേക്ക് പോയ നേരിട്ടുള്ള വിദേശ നിക്ഷേപം 74.5 ശതമാനം തോതില്‍ കുറഞ്ഞു. ഈ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ രാജ്യത്തു നിന്ന് പുറത്തേക്ക് പോയ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 10.5 ശതമാനം കുറവ് രേഖപ്പെടുത്തി. ആദ്യ പാദത്തില്‍ 2.3 ബില്യണ്‍ റിയാലിന്റെ വിദേശ നിക്ഷേപങ്ങള്‍ പുറത്തേക്കൊഴുകിയിരുന്നു.
2024 ല്‍ 119.2 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ രാജ്യത്തെത്തി. 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 24 വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം 109 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിനെക്കാള്‍ 10.2 ബില്യണ്‍ റിയാലിന്റെ അധിക വിദേശ നിക്ഷേപം കഴിഞ്ഞ വര്‍ഷം രാജ്യത്തെത്തി