ജിദ്ദ – സൗദിയില്‍ ഓണ്‍-ഡിമാന്റ് സര്‍വീസുകള്‍ നടത്താന്‍ വിദേശ വിമാന കമ്പനിയായ എയര്‍ എക്സ് ചാര്‍ട്ടറിന് ലൈസന്‍സ് നല്‍കി. എക്സിക്യൂട്ടീവ് റെഗുലേഷന്‍സ് ഫോര്‍ ഏവിയേഷന്‍ സേഫ്റ്റിയുടെ 129-ാം ഭാഗം പ്രകാരം സൗദിയില്‍ ഓണ്‍-ഡിമാന്റ് സര്‍വീസുകള്‍ നടത്താനാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ എയര്‍ എക്സ് ചാര്‍ട്ടറിന് വിദേശ ഓപ്പറേറ്റര്‍ പെര്‍മിറ്റ് അനുവദിച്ചിരിക്കുന്നത്. സൗദിയിലെ എല്ലാ ബാധകമായ നിയന്ത്രണ മാനദണ്ഡങ്ങളും ആവശ്യകതകളും വ്യോമ സുരക്ഷാ വ്യവസ്ഥകളും പാലിച്ചതിനെ തുടര്‍ന്നാണ് കമ്പനിക്ക് പെര്‍മിറ്റ് അനുവദിച്ചത്. പൊതു സ്വകാര്യ വ്യോമയാന മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും രാജ്യത്ത് വ്യോമ സേവനങ്ങളുടെ ശ്രേണി വികസിപ്പിക്കാനുമുള്ള ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ശ്രമങ്ങളുടെ ഭാഗമായാണിത്.
റിയാദില്‍ ജി.എ.സി.എ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജി.എ.സി.എ വ്യോമയാന സുരക്ഷാ, പരിസ്ഥിതി സുസ്ഥിരത എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുലൈമാന്‍ അല്‍മുഹൈമിദി എയര്‍ എക്സ് ചാര്‍ട്ടര്‍ സി.ഇ.ഒ ഹുസാം ഹസൂരിക്ക് ലൈസന്‍സ് കൈമാറി. ജി.എ.സി.എ നേതാക്കളും എക്‌സിക്യൂട്ടീവുകളും ചടങ്ങില്‍ സംബന്ധിച്ചു. പെര്‍മിറ്റ് ഉപയോഗിച്ച് സൗദിയിലെ വിവിധ വിമാനത്താവളങ്ങള്‍ക്കിടയില്‍ ഓണ്‍-ഡിമാന്‍ഡ് വിമാന സര്‍വീസുകള്‍ കമ്പനി ആരംഭിക്കും. പ്രാദേശികവും അന്തര്‍ദേശീയവുമായ പരിസ്ഥിതി, സാങ്കേതിക നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് സ്വകാര്യ വ്യോമയാന വിപണിയുടെ വികസനത്തിനും ടൂറിസത്തിന്റെയും വാണിജ്യ മേഖലകളുടെയും അതിവേഗം വളരുന്ന ആവശ്യങ്ങള്‍ നിറവേറ്റാനും ഇത് സഹായിക്കും.


എയര്‍ എക്സ് ചാര്‍ട്ടറിന് ലൈസന്‍സ് നല്‍കുന്നത് വ്യോമ സുരക്ഷയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഉയര്‍ന്ന നിലവാരത്തോടുള്ള ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായി സുലൈമാന്‍ അല്‍മുഹൈമിദി പറഞ്ഞു. അന്താരാഷ്ട്ര ഓപ്പറേറ്റര്‍മാരെ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ആകര്‍ഷിക്കുന്നത്, നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ നേരിട്ട് സഹായിക്കുമെന്നും രാജ്യത്തെ ആഗോള ലോജിസ്റ്റിക്‌സ് പ്ലാറ്റ്ഫോമായും മേഖലയിലെ പ്രധാന വ്യോമയാന കേന്ദ്രമായും മാറ്റാന്‍ ലക്ഷ്യമിടുന്ന വിഷന്‍ 2030 ലക്ഷ്യങ്ങളെ പിന്തുണക്കുന്നതായും സുലൈമാന്‍ അല്‍മുഹൈമിദി കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ വ്യോമയാന വിപണിയില്‍ പുതിയ നിക്ഷേപ അവസരങ്ങള്‍ തുറക്കാനും സ്വകാര്യ വിമാന സര്‍വീസുകള്‍ക്കും ബിസിനസ് സേവനങ്ങള്‍ക്കുമുള്ള വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്ന വഴക്കമുള്ള പ്രവര്‍ത്തന ഓപ്ഷനുകള്‍ നല്‍കാനും അതുവഴി മേഖലയുടെ മത്സരശേഷിയും സുസ്ഥിരതയും വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്ന വ്യോമയാന പ്രോഗ്രാം ലക്ഷ്യങ്ങളുമായി ഈ തന്ത്രപരമായ ചുവടുവെപ്പ് ഒത്തുപോകുന്നു.
എയര്‍ എക്സ് ചാര്‍ട്ടര്‍ കമ്പനിക്ക് ലൈസന്‍സ് അനുവദിച്ചത് വ്യോമയാന പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാനും മത്സരശേഷി വര്‍ധിപ്പിക്കാനുമുള്ള അതോറിറ്റിയുടെ തുടര്‍ച്ചയായ ശ്രമങ്ങളെ പൂര്‍ത്തീകരിക്കുന്നു. 2025 ല്‍ അതോറിറ്റി ഫ്‌ലെക്‌സ് ജെറ്റിനും വിസ്റ്റ ജെറ്റിനും സമാനമായ ലൈസന്‍സുകള്‍ നല്‍കിയിരുന്നു. വ്യോമയാന മേഖലയുടെ ശേഷികള്‍ വര്‍ധിപ്പിക്കുകയും പ്രകടന കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഗുണനിലവാരമുള്ള പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കുന്നതിലൂടെ വ്യോമഗതാഗത വ്യവസായ റെഗുലേറ്റര്‍ എന്ന നിലയില്‍ അതോറിറ്റിയുടെ പങ്ക് ഇത് ശക്തമാക്കുന്നു.



