ജിദ്ദ – സൗദിയ ഗ്രൂപ്പിനു കീഴിലെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ അദീല്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ വിമാന നിര ഇരട്ടിയിലേറെയായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതായി കമ്പനി സി.ഇ.ഒ സ്റ്റീഫന്‍ ഗ്രീന്‍വേ പറഞ്ഞു. വിമാനങ്ങളുടെ എണ്ണം 100 ലേറെയായി ഉയര്‍ത്താനാണ് നീക്കം. നിലവില്‍ കമ്പനിക്കു കീഴില്‍ 45 വിമാനങ്ങളാണുള്ളത്. നിലവില്‍ നാരോ-ബോഡി വിമാന മോഡലായ എയര്‍ബസ് എ320 മാത്രമാണ് നിലവില്‍ കമ്പനി ആശ്രയിക്കുന്നത്. വിമാനങ്ങളുടെയും ലക്ഷ്യസ്ഥാനങ്ങളുടെയും എണ്ണത്തില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ചക്കാണ് കമ്പനി സാക്ഷ്യം വഹിക്കുന്നത്. 186 സീറ്റുകളുള്ള എയര്‍ബസ് എ320 വിമാനങ്ങള്‍ ഉപയോഗിച്ച് കമ്പനി മേഖലയിലും ഗള്‍ഫിലും സര്‍വീസ് നടത്തുകയും യൂറോപ്പിലേക്കും ഇന്ത്യയിലേക്കും സര്‍വീസ് വ്യാപിപ്പിക്കുകയും ചെയ്യുന്നു.
വലിയ ദീര്‍ഘദൂര വിമാനങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ അടുത്ത ഘട്ടത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന ശേഷിയില്‍ ഗുണപരമായ മാറ്റമുണ്ടാകും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍, തുടര്‍ച്ചയായി 12 മുതല്‍ 13 മണിക്കൂര്‍ വരെ പറക്കാന്‍ കഴിവുള്ള വൈഡ്-ബോഡി വിമാനങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കും. ഇത് ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ്, ബംഗ്ലാദേശ് തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചേരാനും ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് വികസിപ്പിക്കാനും പ്രാപ്തരാക്കും.
ഫ്‌ളൈ അദീലിന് എയര്‍ബസ് എ321 വിമാനങ്ങള്‍ ഉടന്‍ തന്നെ ലഭിച്ചുതുടങ്ങും. ഇവക്ക് 240 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. എ320 നെക്കാള്‍ 50 ലേറെ പേര്‍ക്ക് എ321 വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയും. ഈ വിമാനങ്ങളില്‍ ആദ്യത്തേത് 2027 ജൂണില്‍ എത്തും. അതേ വര്‍ഷം ജൂലൈയില്‍ വൈഡ്-ബോഡി എയര്‍ബസ് എ330 നിയോ വിമാനം എത്തിത്തുടങ്ങും. എയര്‍ബസ് എ330 നിയോ വിമാനങ്ങള്‍ക്ക് 420 യാത്രക്കാരെ ഉള്‍ക്കൊള്ളാനും തുടര്‍ച്ചയായി 13 മണിക്കൂര്‍ വരെ പറക്കാനും കഴിയും. ഈയിനത്തില്‍ പെട്ട 10 വിമാനങ്ങള്‍ ഫ്‌ളൈ അദീലിന് ലഭിക്കും.
കമ്പനിക്കു കീഴിലെ 45-ാമത്തെ വിമാനം ദിവസങ്ങള്‍ക്കു മുമ്പാണ് ലഭിച്ചത്. ഇത് വികസനത്തിന്റെ ദ്രുതഗതിയിലുള്ള വേഗതയെ പ്രതിഫലിപ്പിക്കുന്നു. എ320 ന്റെ വലിയ പതിപ്പായ എ321 ഇനത്തില്‍ പെട്ട 39 വിമാനങ്ങള്‍ക്ക് കമ്പനി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
സിറിയയിലേക്കുള്ള സര്‍വീസുകള്‍ കമ്പനി വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ജിദ്ദയില്‍ നിന്നും റിയാദില്‍ നിന്നും ദമാസ്‌കസിലേക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ അലപ്പോയിലേക്ക് സര്‍വീസ് നടത്താനുള്ള അനുമതി നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഫ്‌ളൈ അദീല്‍ നിലവില്‍ ജിദ്ദ, റിയാദ്, ദമാം, മദീന എന്നിവിടങ്ങളിലെ ഹബ്ബുകളില്‍ നിന്ന് മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, യൂറോപ്പ്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ 30 ഡെസ്റ്റിനേഷനുകളിലേക്ക് പ്രതിദിനം 250 സര്‍വീസുകള്‍ നടത്തുന്നു. വിമാന കമ്പനിയുടെ നാരോ-ബോഡി വിമാന നിരയുടെ അറുപത് ശതമാനവും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പതിനൊന്ന് വിമാനങ്ങള്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളവും അഞ്ച് വിമാനങ്ങള്‍ ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളവും രണ്ട് വിമാനങ്ങള്‍ മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളവും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഫ്‌ളൈ അദീല്‍ യാത്രക്കാരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തി. 2025 ല്‍ യാത്രക്കാരുടെ എണ്ണം 33 ശതമാനം തോതില്‍ വര്‍ധിച്ചു. ഒരു വര്‍ഷത്തിനിടെ ആദ്യമായി യാത്രക്കാരുടെ എണ്ണം ഒരു കോടി മറികടന്നു. പുതിയ വിമാനങ്ങള്‍ കൂട്ടിച്ചേര്‍ത്തതിന്റെയും അന്താരാഷ്ട്ര വികസനത്തിന്റെയും പിന്തുണയോടെ 2024 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ഫ്‌ളൈ അദീല്‍ സര്‍വീസ് നടത്തുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 66 ശതമാനം തോതില്‍ വികസിച്ചു. ഹജ്, ഉംറ വിമാന സര്‍വീസുകള്‍ അസാധാരണമായ വളര്‍ച്ച കൈവരിച്ചു. 2024 നെ അപേക്ഷിച്ച് 2025 ല്‍ ഹജ്, ഉംറ വിമാന സര്‍വീസുകള്‍ 100 ശതമാനത്തിലേറെ വര്‍ധിച്ചു. 2,20,000 തീര്‍ഥാടകരെ പ്രത്യേക വിമാന സര്‍വീസുകളില്‍ എത്തിച്ചു. കമ്പനിക്കു കീഴില്‍ നിലവില്‍ 1,800 ജീവനക്കാരുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം 4,000 നും 5,000 നും ഇടയിലായി ഉയരുമെന്നും ഫ്‌ളൈ അദീല്‍ സി.ഇ.ഒ സ്റ്റീഫന്‍ ഗ്രീന്‍വേ പറഞ്ഞു.
സൗദി അറേബ്യയുടെ വ്യോമ കണക്റ്റിവിറ്റി വര്‍ധിപ്പിക്കാനും ആഗോള വ്യോമയാന ഭൂപടത്തില്‍ രാജ്യത്തിന്റെ സാന്നിധ്യം വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള വ്യക്തമായ തന്ത്രത്തിന്റെ പിന്‍ബലത്തില്‍, നാരോ-ബോഡി വിമാനങ്ങളെ ആശ്രയിക്കുന്ന പ്രാദേശിക ബജറ്റ് വിമാന കമ്പനിയില്‍ നിന്ന് ദീര്‍ഘദൂര വിപണിയിലെ പ്രധാന കമ്പനിയിലേക്കുള്ള ഫ്‌ളൈ അദീലിന്റെ പരിവര്‍ത്തനത്തെ ഈ വിപുലീകരണം പ്രതിഫലിപ്പിക്കുന്നു.



