റിയാദ് – മധ്യപൗരസ്ത്യദേശത്തെ ആദ്യത്തെ ഫൈവ് സ്റ്റാര്‍ ട്രെയിന്‍ ആയ ഡ്രീം ഓഫ് ദി ഡെസേര്‍ട്ട് (മരുഭൂമിയുടെ സ്വപ്നം) സര്‍വീസില്‍ ടിക്കറ്റ് റിസര്‍വേഷനുകള്‍ ഈ വര്‍ഷാവസാനത്തിനു മുമ്പായി ആരംഭിക്കുമെന്ന് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ വെളിപ്പെടുത്തി.
സൗദി അറേബ്യ റെയില്‍വേയ്‌സ് കമ്പനിയും ആഡംബര ട്രെയിന്‍ നിര്‍മാണ മേഖലയിലെ മുന്‍നിര ഇറ്റാലിയന്‍ കമ്പനിയായ ആഴ്‌സണലിയും തമ്മിലുള്ള സവിശേഷ സംരംഭവും പങ്കാളിത്തവുമായാണ് റിയാദിനും ഉത്തര സൗദി അറേബ്യക്കുമിടയില്‍ 1,300 കിലോമീറ്റര്‍ ദൂരമുള്ള റൂട്ടില്‍ ലക്ഷ്വറി ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. സൗദിയിലെ നിലവിലുള്ള റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ലക്ഷ്വറി ട്രെയിന്‍ രാജ്യത്തിന്റെ സംസ്‌കാരത്തെയും സ്വത്വത്തെയും പ്രതിഫലിപ്പിക്കും.
ഓറിയന്റ് എക്‌സ്പ്രസ് കോച്ചുകളേക്കാള്‍ ആഡംബരപൂര്‍ണവും, സൗദി വാസ്തുവിദ്യാ ഘടകങ്ങള്‍ പ്രതിഫലിപ്പിക്കാനായി സാംസ്‌കാരിക മന്ത്രാലയവുമായി സഹകരിച്ച് രൂപകല്‍പ്പന ചെയ്തതുമായ ട്രെയിനിന്റെ ആദ്യ കോച്ച് ഇന്ന് പ്രദര്‍ശിപ്പിക്കുകയാണ്. അടുത്ത വര്‍ഷം അവസാനത്തോടെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. ഹറമൈന്‍, മശാഇര്‍, കിഴക്കന്‍ പ്രവിശ്യ, ഉത്തര സൗദി, ഗുഡ്‌സ് ട്രെയിനുകള്‍ ഉള്‍പ്പെടെ 6,000 കിലോമീറ്ററിലധികം റെയില്‍ പാതകള്‍ രാജ്യത്തുണ്ട്. സേവനങ്ങള്‍ വികസിപ്പിക്കാനും ഉയര്‍ന്ന കാര്യക്ഷമതയോടെ ചരക്കുകളും യാത്രക്കാരെയും കൊണ്ടുപോകാനുമുള്ള ശക്തമായ അടിത്തറയാണ് ഈ റെയില്‍വെ ശൃംഖല.
ആഗോള വ്യാപാരത്തിന്റെ 13 ശതമാനം നിലവില്‍ ചെങ്കടലിലൂടെയാണ് കടന്നുപോകുന്നത്. ഇത് ഒരു ആഗോള ലോജിസ്റ്റിക്‌സ് ഹബ് എന്ന നിലയില്‍ സൗദി അറേബ്യയുടെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നു. സൗദി വിമാന കമ്പനികള്‍ 500 ലേറെ വിമാനങ്ങള്‍ക്ക് സ്ഥിരീകരിച്ച ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലുതും സാങ്കേതികമായി ഏറ്റവും പുരോഗമിച്ചതുമായ വിമാനത്താവളങ്ങളില്‍ ഒന്നായിരിക്കും കിംഗ് സല്‍മാന്‍ വിമാനത്താവളം. സൗദി വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസ് ശൃംഖല ഏകദേശം 200 ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് വികസിക്കുന്നു. ഈ വര്‍ഷം രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം 13 കോടിയിലെത്തുമെന്നും ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി പറഞ്ഞു.
ഡ്രീം ഓഫ് ദി ഡെസേര്‍ട്ട് ട്രെയിന്‍ കോച്ചിന്റെ പ്രദര്‍ശനം, ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി അതുല്യവും സംയോജിതവുമായ യാത്രാ അനുഭവങ്ങളിലൂടെ സൗദിയില്‍ റെയില്‍ ഗതാഗത മേഖല സാക്ഷ്യം വഹിക്കുന്ന പ്രധാന വികസന കുതിച്ചുചാട്ടങ്ങളെയും ഗതാഗത സേവനങ്ങളുടെ ഗുണനിലവാരത്തെയും പ്രതിഫലിപ്പിക്കുന്നു.
പ്രമുഖ അന്താരാഷ്ട്ര നിക്ഷേപകരും ആഗോള കമ്പനികളും രാജ്യത്തെ ഗതാഗത, ലോജിസ്റ്റിക് മേഖലകളില്‍ നടത്തുന്ന വൈവിധ്യമാര്‍ന്ന വിദേശ നിക്ഷേപങ്ങളില്‍ ഒന്നാണ് ലക്ഷ്വറി ട്രെയിന്‍. ജീവിത നിലവാരം മെച്ചപ്പെടുത്താനായി ആധുനിക ഗതാഗത രീതികളും വിനോദസഞ്ചാര ഗതാഗത ബദലുകളും ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് തന്ത്രത്തിന്റെ ഫലങ്ങളിലൊന്നാണിതെന്നും എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയെ പിന്തുണക്കുന്നതിലും സുസ്ഥിര വികസനം കൈവരിക്കുന്നതിലും രാജ്യത്തിന്റെ റെയില്‍വേ മേഖലയും ആധുനിക ട്രെയിന്‍ ശൃംഖലകളും ഗണ്യമായ പങ്ക് വഹിക്കുന്നതായും മന്ത്രി പറഞ്ഞു.
ഡ്രീം ഓഫ് ദി ഡെസേര്‍ട്ട് പദ്ധതി സൗദി അറേബ്യ റെയില്‍വേയ്‌സ് കമ്പനിയും ആഗോള നിക്ഷേപകരും തമ്മിലുള്ള പങ്കാളിത്തത്തിന്റെ മുന്‍നിര മാതൃകയാണെന്ന് സൗദി അറേബ്യ റെയില്‍വേയ്‌സ് കമ്പനി സി.ഇ.ഒ ഡോ. ബശാര്‍ അല്‍മാലിക് പറഞ്ഞു. ടൂറിസം അനുഭവം മെച്ചപ്പെടുത്താനും നിക്ഷേപം ആകര്‍ഷിക്കാനും സഹായിക്കുന്ന ഗുണനിലവാരമുള്ള ഗതാഗത പരിഹാരങ്ങള്‍ വികസിപ്പിക്കാനുള്ള സൗദി അറേബ്യ റെയില്‍വേയ്‌സ് കമ്പനിയുടെ പ്രതിബദ്ധതയാണ് പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്നും ഡോ. ബശാര്‍ അല്‍മാലിക് പറഞ്ഞു.
റിയാദില്‍ ഇന്നലെ ആരംഭിച്ച ഒമ്പതാമത് ത്രിദിന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിനോടനുബന്ധിച്ച് ഡ്രീം ഓഫ് ദി ഡിസേര്‍ട്ട് ട്രെയിനിന്റെ കോച്ച് പ്രദര്‍ശിപ്പിച്ചു. ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ കോച്ച് സന്ദര്‍ശിച്ചു. അത്യാഡംബര സൗകര്യങ്ങളോടെ സജ്ജീകരിച്ച ഡ്രീം ഓഫ് ദി ഡെസേര്‍ട്ട് ട്രെയിനിന് ഉള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ അല്‍ഇഖ്ബാരിയ ചാനല്‍ സംപ്രേക്ഷണം ചെയ്തു. മനോഹരവും സുഖപ്രദവുമായ സീറ്റുകളും ആധുനിക ആഡംബരവുമായി ക്ലാസിക് ശൈലി സംയോജിപ്പിക്കുന്ന ഡൈനിംഗ് കാറും യാത്രക്കാര്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള സുഖസൗകര്യങ്ങളും സ്വകാര്യതയും നല്‍കാനായി രൂപകല്‍പ്പന ചെയ്ത ആഡംബര കിടക്കകളുള്ള സ്ലീപ്പിംഗ് റൂമുകളും വീഡിയോയില്‍ കാണിച്ചു. മുറികളില്‍ സ്വകാര്യ കുളിമുറികളും സമഗ്രമായ ഹോട്ടല്‍ സേവനങ്ങളും ഉള്‍പ്പെടുന്നു. ഇത് യാത്രക്കാര്‍ക്ക് മരുഭൂമിയിലൂടെയുള്ള യാത്രക്കിടെ അസാധാരണമായ അനുഭവം നല്‍കുന്നു.
2026 അവസാനത്തോടെ ആദ്യ യാത്ര ആരംഭിക്കാന്‍ പോകുന്ന ട്രെയിനില്‍ 33 ആഡംബര സ്യൂട്ടുകള്‍ ഉണ്ട്. 66 അതിഥികളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ട്രെയിന്‍, സ്വകാര്യതയും ആഡംബരവും കൊണ്ട് സവിശേഷമായ അസാധാരണ അനുഭവം വാഗ്ദാനം ചെയ്യുന്നു. രണ്ട് ഡൈനിംഗ് കാറുകള്‍ മികച്ച ഡൈനിംഗ് അനുഭവം വാഗ്ദാനം ചെയ്യും. ആധികാരിക സൗദി, പരമ്പരാഗത അറബ് വിഭവങ്ങളും ലോകത്തിലെ ഏറ്റവും വിദഗ്ധരായ പാചകക്കാര്‍ ഇറ്റാലിയന്‍ സ്പര്‍ശങ്ങളോടെ തയാറാക്കുന്ന അന്താരാഷ്ട്ര വിഭവങ്ങളും ഡൈനിംഗ് കാറുകളില്‍ ലഭിക്കും.
സൗദി മരുഭൂമിയുടെ മനോഹരമായ പ്രകൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ശ്രദ്ധാപൂര്‍വ്വം കൊത്തിയെടുത്ത മര ഉരുപ്പടികളും നിറങ്ങളും കൊണ്ട് അലങ്കരിച്ച, സൗദി പൈതൃകത്തിന്റെ ആധികാരികതയും ഊഷ്മളതയും പ്രതിഫലിപ്പിക്കുന്ന, സ്വര്‍ണം പൂശിയ ആഡംബര വാസ്തുവിദ്യാ ശൈലിയിലുള്ള വ്യതിരിക്തമായ മജ്ലിസ് (സിറ്റിംഗ്) ലോഞ്ചും ട്രെയിനില്‍ ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര ആര്‍ക്കിടെക്റ്റും ഡിസൈനറുമായ അലിന്‍ അസ്മര്‍ ഡി അമ്മാന്‍ രൂപകല്‍പ്പന ചെയ്ത ലോഞ്ച്, ആധുനിക ചാരുതയാല്‍ അലങ്കരിച്ചിരിക്കുന്നു. ആധികാരിക സൗദി പൈതൃകവും മികച്ച ഇറ്റാലിയന്‍ കരകൗശലവും സമന്വയിപ്പിക്കുന്ന മനോഹരമായ ഇന്റീരിയറുകള്‍ ട്രെയിന്‍ അവതരിപ്പിക്കുന്നു. പര്യവേക്ഷണം, സംസ്‌കാരം, ആഡംബരം, ആധികാരിക സൗദി ആതിഥ്യം എന്നിവ സമന്വയിപ്പിക്കുന്ന അനുഭവം അതിഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ഒന്നോ രണ്ടോ രാത്രികളുള്ള യാത്രകളിലൂടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര, പ്രകൃതിദത്ത ലക്ഷ്യസ്ഥാനങ്ങളിലൂടെ ട്രെയിന്‍ കടന്നുപോകും.
എക്‌സ്‌ക്ലൂസീവ് ടൂറുകള്‍, വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, ഓരോ അതിഥിക്കും വ്യക്തിഗത സേവനങ്ങള്‍ എന്നിവയിലൂടെ ആഡംബരത്തിന്റെയും അസാധാരണ അനുഭവങ്ങളുടെയും ഒരു മിശ്രിതം ഡ്രീം ഓഫ് ദി ഡെസേര്‍ട്ട് വാഗ്ദാനം ചെയ്യുന്നു. ലോകമെമ്പാടുമുള്ള ആഡംബര യാത്രാ ലക്ഷ്യസ്ഥാനങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ പദവിക്ക് അനുയോജ്യമായ ആധുനിക ചൈതന്യത്തോടെ, മാനവികത, ഭൂമി, പൈതൃകം എന്നിവ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന, രാജ്യത്തിന്റെ പ്രകൃതി സൗന്ദര്യവും സാംസ്‌കാരിക ആഴവും എടുത്തുകാണിക്കുന്ന അവിസ്മരണീയ യാത്ര സന്ദര്‍ശകര്‍ക്ക് അനുഭവിക്കാന്‍ ലക്ഷ്വറി ട്രെയിന്‍ സര്‍വീസ് അവസരമൊരുക്കും.
ആഡംബര യാത്ര ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് സൗദിയില്‍ ഫൈവ് സ്റ്റാര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. വ്യത്യസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്ന അസാധാരണമായ യാത്രാനുഭവങ്ങള്‍ നല്‍കാനുള്ള പ്രതിബദ്ധതയെയും ആഡംബരവും നൂതനത്വവും ആധികാരിക സാംസ്‌കാരിക സ്വത്വവും സമന്വയിപ്പിക്കുന്ന പുതിയ ട്രെയിന്‍ പ്രതിഫലിപ്പിക്കുന്നു.
ആതിഥ്യമര്യാദയുടെയും ഉയര്‍ന്ന നിലവാരമുള്ള രൂപകല്‍പനയുടെയും ഉന്നത നിലവാരത്തെ പ്രതിഫലിപ്പിക്കുന്ന ചലിക്കുന്ന ആഡംബര ലക്ഷ്യസ്ഥാനം (ഡെസ്റ്റിനേഷന്‍) എന്നോണമാണ് ഡ്രീം ഓഫ് ദി ഡെസേര്‍ട്ട് ട്രെയിന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട പൈതൃകങ്ങളും പ്രകൃതിദത്ത അടയാളങ്ങളും അടുത്തറിയാന്‍ സഹായിക്കുന്ന നിലക്ക്, റിയാദില്‍ നിന്ന് ആരംഭിക്കുന്ന ഉത്തര റെയില്‍വെ ശൃംഖലയിലൂടെയുള്ള അസാധാരണമായ സര്‍വീസിലൂടെയാണ് ഈ ട്രെയിന്‍ അതിഥികളെ കൊണ്ടുപോവുക. സാംസ്‌കാരിക മന്ത്രാലയവുമായി സഹകരിച്ച്, യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താന്‍ സമ്പന്നമായ സാംസ്‌കാരിക പരിപാടികള്‍ ട്രെയിനില്‍ സംഘടിപ്പിക്കും. ഡെവലപ്‌മെന്റ് അതോറിറ്റീസ് സപ്പോര്‍ട്ട് സെന്ററുമായും സൗദി ടൂറിസം അതോറിറ്റിയുമായും ഏകോപിപ്പിച്ച് വികസിപ്പിക്കുന്ന അതുല്യമായ ടൂറിസം പരിപാടികള്‍ അഭൂതപൂര്‍വമായ രീതിയില്‍ സൗദി പൈതൃകത്തിന്റെ ഹൃദയം തൊട്ടറിയുന്ന സംയോജിത അനുഭവം യാത്രക്കാര്‍ക്ക് ഉറപ്പാക്കും. സൗദി അറേബ്യയുടെ സാംസ്‌കാരികവും പ്രകൃതിദത്തവുമായ അടയാളങ്ങളെ എടുത്തുകാണിക്കുന്ന കലാസൃഷ്ടികളുടെയും ഫോട്ടോഗ്രാഫുകളുടെയും ശേഖരം ട്രെയിന്‍ ഇടനാഴികള്‍ മനോഹരമാക്കും.



