റിയാദ്: നിയമവിരുദ്ധമായി പിരിച്ചുവിട്ട ജീവനക്കാരന് സ്വകാര്യ കമ്പനി അഞ്ചു ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകണമെന്ന ലേബർ കോടതി വിധി റിയാദ് ലേബർ അപ്പീൽ കോടതി വിധി ശരിവെച്ചു. തൊഴിൽ നിയമ വ്യവസ്ഥകൾ ലംഘിക്കുന്ന രീതിയിൽ നിയമവിരുദ്ധമായി പിരിച്ചുവിട്ടതു മൂലം നേരിട്ട പ്രയാസങ്ങൾക്ക് ജീവനക്കാരന് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ലേബർ കോടതി വിധിക്കുകയായിരുന്നു.
തൊഴിൽ ബന്ധം അവസാനിപ്പിച്ചതിനുള്ള നഷ്ടപരിഹാരം, സർവീസ് ആനുകൂല്യം, ഉപയോഗിക്കാത്ത അവധിക്കാല വേതനം എന്നിവയും എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റും ജീവനക്കാരന് നൽകണമെന്ന് ലേബർ കോടതി സ്ഥാപനത്തോട് ഉത്തരവിട്ടു. സ്ഥാപനവും ജീവനക്കാരനും തമ്മിൽ ഒപ്പുവച്ച തൊഴിൽ കരാർ പരിശോധിച്ച കോടതി കരാർ പുതുക്കൽ തീയതിക്ക് 30 ദിവസം മുമ്പ് ഇരു കക്ഷികളിലും പെട്ട ഒരാൾ കരാർ പുതുക്കാൻ താൽപര്യമില്ലെന്ന് മറ്റേയാളെ നോട്ടീസ് മൂലം അറിയിച്ചില്ലെങ്കിൽ കരാർ സ്വയമേവ പുതുക്കുമെന്ന് കണ്ടെത്തി.
തൊഴിൽ ബന്ധം അവസാനിക്കുന്നതിന് 26 ദിവസം മുമ്പു മാത്രമാണ് സ്ഥാപനം പിരിച്ചുവിട്ട ജീവനക്കാരന് തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള തീരുമാനം അറിയിച്ച് നോട്ടീസ് നൽകിയതെന്ന് കോടതി കണ്ടെത്തി. ഇത് തൊഴിൽ കരാർ അവസാനിപ്പിക്കൽ നിയമവിരുദ്ധമാക്കുന്നതായും തൊഴിൽ നിയമത്തിലെ 77ാം വകുപ്പ് അനുസരിച്ച് ജീവനക്കാരന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.
നിയമവിരുദ്ധമായ കാരണത്താൽ കരാർ അവസാനിപ്പിക്കുന്നതിലൂടെ പ്രയാസങ്ങൾ ഉണ്ടാകുന്ന കക്ഷിക്ക് നിയമം നഷ്ടപരിഹാരം ഉറപ്പാക്കുന്നതായും കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. ലേബർ കോടതി വിധിക്കെതിരെ സ്ഥാപനം സമർപ്പിച്ച അപ്പീൽ പരിശോധിച്ച റിയാദ് ലേബർ അപ്പീൽ കോടതി, ലേബർ കോടതി വിധി ശരിവെക്കുകയായിരുന്നു.