അബുദാബി : ഡോക്ടർമാരുടെ കൈപ്പിടിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്നവർ വേദനകളിൽ നിന്നും പ്രതീക്ഷയിലേക്കുള്ള ആ യാത്രയിൽ ഒരിക്കൽ കൂടി കണ്ടു. അനുഭവിച്ച വെല്ലുവിളികളും വേദനകളും ആശ്വാസമായ വൈദ്യസഹായവും തീവ്രത ഒട്ടും ചേരാതെ അബുദാബി അൽ ഖാനയിലെ സ്ക്രീനിൽ തെളിഞ്ഞപ്പോൾ അതിജീവിച്ചവരുടെ മുഖങ്ങളിൽ കണ്ണീരും പുഞ്ചിരിയും.
യു എ ഇയിലെ ആദ്യ “ഹെൽത്ത് ഫോർ ഹോപ്പ് “പ്രദർശന വേദിയാണ് പ്രേക്ഷകർക്ക് ദൃശ്യാനുഭവം ഒരുക്കിയത്. ബുർജിൽ ഫോൾഡിങ്സിന് കീഴിൽ ബുർജിൽ മെഡിക്കൽ സിറ്റി (BMC) നിർമിച്ച എച്ച് ഫോർ ഹോപ്പ് യഥാർത്ഥ ജീവിതത്തിലെ രോഗികളുടെയും അപൂർവ്വവും സങ്കീർണവുമായ അനുഭവങ്ങൾക്കാണ് ദൃശ്യവിഷ്കാരം നൽകിയത്. പ്രദർശനത്തിന് മുന്നോടിയായി ഇവർ റെഡ് കാർപെറ്റിലൂടെ ഒരുമിച്ച് നടന്നെത്തി.
അഞ്ച് ഹൃസ്വ ചിത്രങ്ങളാണ് ആദ്യ സീസൺ അബുദാബി ഗ്ലോബൽ ഹെൽത്ത് കെയർ വീക്കിനോട് അനുബന്ധിച്ച് പുറത്തിറക്കിയത്. പ്രത്യേക സ്ക്രീനിങ്ങിൽ സർക്കാർ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും രോഗത്തെ അതിജീവിച്ചവരുടെ കുടുംബാംഗങ്ങളും അടക്കം അനേകം പേരാണ് പ്രേക്ഷകരായി എത്തിയത്.
രോഗത്തെ അതിജീവിച്ച് റെഡ് കാർപെറ്റിലൂടെ നടക്കാനായത് അവിസ്മരണീയമായ അനുഭവമാണെന്ന് പങ്കെടുത്തവരും കുടുംബാംഗങ്ങളും പറഞ്ഞു. അബുദാബിയുടെ മെഡിക്കൽ മുന്നേറ്റം പ്രേക്ഷകരുമായി പങ്കിടുന്നതിനാണ് സീരീസിലൂടെ ശ്രമിക്കുന്നതെന്നും പ്രത്യാശയുടെ പ്രതീകങ്ങളാണ് ഇതിലൂടെ ഓരോ അനുഭവങ്ങളെന്നും ബുർജിൻ ഹോൾഡിംങ്സ് സി. ഇ ഒ . ജോൺ സുനിൽ പറഞ്ഞു. എച്ച് ഫോർ ഹോപ്പ് സീരീസിലെ വീഡിയോകൾ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് കാണാം.