റിയാദ്– 2026-ലെ ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള ആഗോള ട്രോഫി പര്യടനത്തിന് സൗദി അറേബ്യയിൽ പ്രൗഢഗംഭീരമായ തുടക്കം. ലോകകപ്പ് ട്രോഫിയുടെ 150 ദിവസം നീളുന്ന ലോകസഞ്ചാരത്തിന്റെ ആദ്യ കേന്ദ്രമായി ഫിഫ തിരഞ്ഞെടുത്തത് സൗദിയിലെ റിയാദിനെയാണ്. ശനിയാഴ്ച നടന്ന ചടങ്ങിൽ കായിക ലോകത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ട്രോഫി അനാച്ഛാദനം ചെയ്തു.
കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിലെത്തിയ ട്രോഫിയെ ഫുട്ബാൾ ഇതിഹാസങ്ങളും ഉദ്യോഗസ്ഥരും ചേർന്നാണ് വരവേറ്റത്. ഇറ്റാലിയൻ ഫുട്ബാൾ ഇതിഹാസം അലസ്സാൻഡ്രോ ഡെൽ പിയേറോ ട്രോഫി അനാച്ഛാദനം ചെയ്തു. സൗദി ഫുട്ബാളിലെ ഇതിഹാസ താരങ്ങളായ മജീദ് അബ്ദുല്ല, ഫുവാദ് അൻവർ എന്നിവരും ചടങ്ങിൽ മുഖ്യാതിഥികളായി.


അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റായിരിക്കും. 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള 30 രാജ്യങ്ങളിലെ 75 നഗരങ്ങളിലൂടെ കടന്നുപോകുന്ന ട്രോഫി പര്യടനം ആഗോളതലത്തിൽ ഫുട്ബാൾ ആവേശം ഉണർത്തുകയാണ് ലക്ഷ്യമിടുന്നത്.


ആഗോള ഫുട്ബാൾ ഭൂപടത്തിൽ സൗദി അറേബ്യ കൈവരിച്ച വലിയ മുന്നേറ്റത്തിന്റെ സാക്ഷ്യപത്രമാണ് റിയാദിൽ നിന്നുള്ള ഈ യാത്രയുടെ തുടക്കം. ഭാവിയിൽ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്ന സൗദിക്ക് ഇതൊരു വലിയ അംഗീകാരമാണെന്ന് സൗദി ഫുട്ബാൾ ഫെഡറേഷൻ വൈസ് പ്രസിഡന്റ് ലാമിയ ബഹ്‌യാൻ പറഞ്ഞു. അന്താരാഷ്ട്ര കായിക മാമാങ്കങ്ങൾ സംഘടിപ്പിക്കാനുള്ള രാജ്യത്തിന്റെ ശേഷിയും കായിക പ്രേമികളുടെ വലിയ പിന്തുണയുമാണ് ഈ തിരഞ്ഞെടുപ്പിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



