ദോഹ– ഖത്തറിൽ നവംബറിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ഡേ പാസ് രൂപത്തിൽ ലഭ്യമാകുന്ന ടിക്കറ്റിന് 20 ഖത്തർ റിയാൽ വിലയുണ്ട്. ഡേ പാസ് ഉപയോഗിച്ച് ഒരു ദിവസത്തെ ഒന്നിലധികം മത്സരങ്ങളും കായിക-വിനോദ പരിപാടികളും ആസ്വദിക്കാം.
വിസ കാർഡ് ഉടമകൾക്ക് www.roadtoqatar.qa വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. പൊതുവിൽ ടിക്കറ്റ് വിൽപന ഒക്ടോബർ 7-ന് ദോഹ സമയം രാവിലെ 8 മുതൽ ആരംഭിക്കും. നവംബർ 3 മുതൽ 27 വരെ ദോഹയിലെ ആസ്‌പയർ സോൺ സ്റ്റേഡിയങ്ങളിൽ നടക്കുന്ന ടൂർണമെന്റിൽ ദിനംപ്രതി 8 മത്സരങ്ങൾ ഉൾപ്പെടെ ആകെ 104 മത്സരങ്ങൾ അരങ്ങേറും.
പ്രധാന മത്സരങ്ങൾക്ക് പ്രൈം പാസ് വഴി സീറ്റുകൾ റിസർവ് ചെയ്യാം. ഖത്തർ ടീം ആരാധകർക്കായി ‘ഫോളോ മൈ ടീം’ ടിക്കറ്റും ലഭ്യമാണ്. ഫൈനൽ മത്സരം നവംബർ 27-ന് വൈകിട്ട് 7 മണിക്ക് ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ഫൈനൽ ടിക്കറ്റുകൾ രണ്ട് വിഭാഗങ്ങളിലായി 15 റിയാൽ മുതൽ ലഭിക്കും.
ഖത്തർ ആതിഥേയത്വം വഹിക്കുന്ന തുടർച്ചയായ അഞ്ച് പതിപ്പുകളിൽ ആദ്യത്തേ ഫിഫ അണ്ടർ 17 ലോകകപ്പാണ് ഈ വർഷം നടക്കുന്നത്. 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ഫിഫ ലോകകപ്പ് എന്ന പ്രത്യേകതയുമുണ്ട്.