അബൂദാബി– കേരളത്തിലെ സ്വന്തം നാട്ടിലേക്ക് യാത്ര തിരിച്ച ഭാര്യക്കും മകനും അബൂദാബി വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകിയ യുവ എൻജിനീയർ മണിക്കൂറുകൾക്കകം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ സ്വദേശിയായ ഹരിരാജ് സുദേവൻ (37)*ആണ് തിങ്കളാഴ്ച പുലർച്ചെ യുഎഇയിലെ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്. ഈ ദുരന്തവാർത്ത യുഎഇയിലെ ഇന്ത്യൻ പ്രവാസികളെയും നാട്ടിലെ ബന്ധുക്കളെയും ഒരുപോലെ കണ്ണീരിലാഴ്ത്തി.
വിസയുള്ളതിനാൽ ആറ് മാസം കൂടുമ്പോൾ ഹരിരാജിനൊപ്പം സമയം ചെലവഴിക്കാൻ യുഎഇയിൽ എത്താറുണ്ടായിരുന്ന ഭാര്യ ഡോ. അനു അശോകും മകൻ ഈശാൻ ദേവ് ഹരിയും ഞായറാഴ്ച വൈകിട്ടാണ് നാട്ടിലേക്ക് മടങ്ങിയത്. അവരെ വിമാനത്താവളത്തിൽ യാത്രയാക്കി തിരിച്ചെത്തിയ ശേഷമാണ് ഹരിരാജിനെ മരണം കവർന്നത്.
ഒക്ടോബർ 27-ന് മകൻ ഈശാൻ ദേവിന്റെ പത്താം പിറന്നാൾ ആഘോഷത്തിനായി നാട്ടിലേക്ക് പോകാൻ ഹരിരാജ് തയ്യാറെടുക്കുകയായിരുന്നു. “എല്ലാ പിറന്നാളിനും അവൻ വരാറുണ്ടായിരുന്നു. ഇത്തവണയും അവധി പ്ലാൻ ചെയ്തിരുന്നു,” കേരളത്തിൽ നിന്ന് സംസാരിച്ച ഹരിരാജിന്റെ ഭാര്യാപിതാവ് അശോകൻ കെ.പി വേദനയോടെ പറഞ്ഞു. “അവൻ ഇനി ഞങ്ങളോടൊപ്പം ഇല്ലെന്ന സത്യം അംഗീകരിക്കാൻ പ്രയാസമാണ്, ഞങ്ങൾ ആകെ തകർന്നിരിക്കുകയാണ്.”
കഴിഞ്ഞ 12 വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന ഹരിരാജ്, ദുബൈയിലെ ഒരു കമ്പനിയിൽ 11 വർഷം സബ്‌സീ പൈപ്പ്‌ലൈൻ ഇൻസ്റ്റലേഷൻ എൻജിനീയറായി പ്രവർത്തിച്ചു. കഴിഞ്ഞ വർഷമാണ് അബൂദാബിയിൽ സീനിയർ ഓഫ്‌ഷോർ കൺസ്ട്രക്ഷൻ എൻജിനീയറായി മാറിയത്.
സംഭവ ദിവസം നടന്ന കാര്യങ്ങൾ ഹരിരാജിന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ ദിഗിൻ തോമസ് ഓർത്തെടുത്തു: ഭാര്യയെയും മകനെയും യാത്രയാക്കിയ ശേഷം വിമാനത്താവളത്തിൽ നിന്ന് റൂംമേറ്റ് സുജിത്തിനെ കൂട്ടിക്കൊണ്ടുവന്ന ഹരിരാജ്, രാത്രി 8 മണിയോടെ ദിഗിന്റെ വീട്ടിലെത്തി. “അന്ന് എൻ്റെ മകളുടെ പിറന്നാളായിരുന്നു. അവൻ കേക്ക് മുറിക്കലിൽ പങ്കെടുത്തു, സമ്മാനം നൽകി, കുട്ടികളോടൊപ്പം കളിച്ചു. ഞങ്ങളുടെ കുടുംബത്തിന്റെ ആത്മാവായിരുന്നു അവൻ,” ദിഗിൻ ഓർക്കുന്നു. ഏകദേശം രാത്രി 9 മണിയോടെ മടങ്ങിയ ഹരിരാജ്, നാട്ടിലെത്തിയ ഭാര്യയുമായി വീഡിയോ കോളിൽ സംസാരിച്ച ശേഷം രാത്രി ഭക്ഷണം കഴിച്ച് ടാബ്‌ലെറ്റിൽ എന്തോ നോക്കുകയായിരുന്നു. രാത്രി 11:40-ന് ഹരിരാജിന് കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടതോടെ റൂംമേറ്റ് സുജിത്ത് ദിഗിനെയും ആംബുലൻസിനെയും വിളിച്ചു. ശ്വാസതടസ്സവും വിയർപ്പും ഉണ്ടായതിനെ തുടർന്ന് ഉടൻ തന്നെ പാരാമെഡിക്കുകൾ എത്തി സിപിആർ നൽകി. എന്നാൽ, അത് ഫലിക്കാതെ വന്നപ്പോൾ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
“ഡോക്ടർമാർ ഏകദേശം അരമണിക്കൂറോളം ശ്രമിച്ചെങ്കിലും ഹരിയെ രക്ഷിക്കാൻ കഴിഞ്ഞില്ല,” ദിഗിൻ പറഞ്ഞു.
പ്രമേഹം നിയന്ത്രിക്കുന്നതിൽ ശ്രദ്ധിച്ചിരുന്ന ഹരിരാജ് ബാഡ്മിന്റൺ കളിക്കാറുണ്ടായിരുന്നു. എന്നാൽ, ഒഫ്‌ഷോർ പരിശോധനയുടെ ഭാഗമായി അടുത്തിടെ നടത്തിയ ഇസിജിയിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അധിക പരിശോധനകൾ ശരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നെഞ്ചെരിച്ചിലിനെ ഗ്യാസ്ട്രിക് പ്രശ്നമായി കരുതി അവഗണിച്ചതാണ് ഈ ദുരന്തത്തിലേക്ക് വഴി തുറന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേരളത്തിലെ കുസാറ്റിൽ നിന്ന് ബി.ടെക്കും, ഐഐടി മദ്രാസിൽ നിന്ന് എം.ടെക്കും മികച്ച മാർക്കോടെ പൂർത്തിയാക്കിയ ഹരിരാജ് അക്കാദമിക് രംഗത്തെ മികച്ച പ്രതിഭയായിരുന്നു. ചൊവ്വാഴ്ച അദ്ദേഹത്തിൻ്റെ മൃതദേഹം ആലപ്പുഴയിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.
സൗഹൃദപരമായ പെരുമാറ്റവും പുഞ്ചിരിയും എപ്പോഴും ഓർമ്മിക്കപ്പെടുന്ന ഈ മികച്ച എൻജിനീയറുടെ അകാല വിയോഗം യുഎഇയിലെ പ്രവാസി സമൂഹത്തിന് തീരാനഷ്ടമായി.