അബൂദാബി– നാഷണൽ എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന അബുദാബി ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഇക്വിസ്ട്രിയൻ എക്‌സിബിഷനിൽ (അഡിഹെക്‌സ്) വിൽപ്പന നടത്തിയത് 17 ലക്ഷം ദിർഹത്തിന്റെ (ഏകദേശം ഇന്ത്യൻ രൂപ നാല് കോടിക്കു മേലെ) ഫാൽക്കണുകളെയാണെന്ന് റിപ്പോർട്ട്. ആറു ലേലങ്ങളിലായി മൊത്തം 41 ഫാൽക്കണുകളാണ് ഇത്രയും തുകയ്ക്ക് വിറ്റുപോയത്. ആയിരത്തിലേറെ ഫാൽക്കണുകളെ വിശദമായി പരിശോധിച്ചാണ് ലേലത്തിലേക്ക് തിരഞ്ഞെടുത്തത്. ഓരോന്നിന്റെയും ഭാരം, നിറം, ചിറകുകളുടെ കൃത്യമായ അളവുകൾ എന്നിവ കണക്കിലെടുത്ത് ബ്യൂട്ടി ഫാൽക്കണുകൾ, റേസിങ് ഫാൽക്കണുകൾ എന്നിവങ്ങനെ തരംതിരിച്ചിട്ടുണ്ട്.
ഇത്തവണ ഓൺലൈൻ ലേല പ്ലാറ്റ്ഫോമിനു പുറമേ ആറ് തത്സമയ ലേലവും ഉൾപ്പെട്ടിരുന്നു. 46 പ്രാദേശിക, അന്താരാഷ്ട്ര ഫാമുകളിൽനിന്നുള്ള അപൂർവവും പ്രത്യേകതകളുള്ള ഫാൽക്കണുകളെയാണ് തത്സമയ ലേലത്തിൽ അവതരിപ്പിച്ചിരുന്നത്. ഇവ സൗന്ദര്യത്തിലും റേസിങ് വൈദഗ്ധ്യത്തിലും മുൻപന്തിയിലുള്ള ഇനമാണ്. മികച്ച ഫാൽക്കണുകളെ വാങ്ങുന്നതിലും വിൽക്കുന്നതിലും പ്രജനനം നടത്തുന്നതിലും സുസ്ഥിര രീതികൾ നടപ്പാക്കുക, ഫാൽക്കൺ ഫാമുകളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് മേഖലയിലെ പ്രമുഖ പൈതൃക പരിപാടികളിലൊന്നായ അഡിഹെക്‌സ് ലക്ഷ്യമിടുന്നത്.