റിയാദ്- എടിഎം കൗണ്ടറില്‍ പണം എടുക്കാനെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനോട് സഹായമഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് ഏതാനും പേര്‍ക്ക് പണം നഷ്ടപ്പെട്ടു. റിയാദിലെ സുലൈമാനിയയിലാണ് സംഭവം.
പണം എടുക്കാനായി രാത്രി എടിഎം മെഷീനിന് മുന്നിലെത്തിയതായിരുന്നു സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന കോഴിക്കോട് സ്വദേശി റാശിദ്. എടിഎം കാര്‍ഡ് മെഷീനില്‍ ഇട്ടുനോക്കിയിട്ടും പണം ലഭിച്ചില്ല. ഉടന്‍ സമീപത്ത് സെക്യൂരിറ്റി വേഷത്തിലുണ്ടായിരുന്ന ഒരാള്‍ സഹായത്തിനെത്തി. എടിഎം കാര്‍ഡും പിന്‍നമ്പറും നല്‍കി അദ്ദേഹവും പണം പിന്‍വലിക്കാന്‍ ശ്രമം നടത്തി. നടക്കില്ലെന്ന് പറഞ്ഞ് അയാള്‍ എടിഎം കാര്‍ഡ് തിരിച്ചുനല്‍കി.
പിന്നീട് റാശിദ് മറ്റൊരു എടിഎം മെഷീനില്‍ പോയി കാര്‍ഡിട്ട് പിന്‍നമ്പര്‍ അടിച്ചെങ്കിലും ശരിയായില്ല. മൂന്നു പ്രാവശ്യം പിന്‍നമ്പര്‍ അടിച്ചപ്പോള്‍ നമ്പര്‍ തെറ്റായത് കാരണം കാര്‍ഡ് എടിഎം മെഷീനില്‍ നിന്ന് തിരിച്ചുവന്നില്ല. വൈകാതെ 4000 റിയാല്‍ പിന്‍വലിച്ചതായി മൊബൈലില്‍ സന്ദേശമെത്തുകയും ചെയ്തു. പിറ്റേന്ന് ബാങ്കില്‍ ബന്ധപ്പെട്ടപ്പോള്‍ പണം പിന്‍വലിച്ചത് മറ്റൊരു പ്രദേശത്തെ എടിഎം മെഷീനില്‍ നിന്നാണെന്നും ഇദ്ദേഹം ഉപയോഗിച്ച എടിഎം കാര്‍ഡ് മറ്റാരുടെയോ പേരിലുള്ളതാണെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനാണ് ബാങ്ക് നിര്‍ദേശിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി സഹായിക്കാനെത്തിയത് തട്ടിപ്പുകാരനായിരുന്നുവെന്നും ഏതാനും പേര്‍ ഇയാളുടെ ചതിയില്‍ പെട്ടിട്ടുണ്ടെന്നും മനസ്സിലായി. സഹായിക്കാനായി എടിഎം കാര്‍ഡും പിന്‍ നമ്പറും കൈക്കലാക്കുന്ന ഇത്തരം തട്ടിപ്പുകാര്‍ കയ്യിലുള്ള മറ്റൊരു എടിഎം കാര്‍ഡാണ് ഇവര്‍ക്ക് തിരിച്ചുനല്‍കുക. തിരിച്ചുനല്‍കുമ്പോള്‍ എടിഎം കാര്‍ഡിലെ പേര് ആരും നോക്കുകയുമില്ല.
മറ്റു എടിഎം മെഷീനില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇവര്‍ തരുന്ന കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ നമ്മുടെ കാര്‍ഡിന്റെ പിന്‍ നമ്പറായിരിക്കും അടിച്ചുനോക്കുക. പിന്‍ നമ്പര്‍ ശരിയല്ലെന്ന് പറഞ്ഞ് കാര്‍ഡ് മെഷീന്‍ പിടിച്ചുവെക്കുകയും ചെയ്യും. സെക്യൂരിറ്റി ജീവനക്കാരുടെ വേഷത്തിലെത്തി എടിഎം മെഷീന്‍ ഉപയോക്താക്കളെ വിശ്വാസത്തിലെടുത്താണ് ഇവര്‍ കൊള്ളനടത്തുന്നത്. കാര്‍ഡും പിന്‍ നമ്പറും കിട്ടിയാല്‍ എകൗണ്ടിലെ മുഴുവന്‍ പണവും പിന്‍വലിക്കലാണ് ഇവരുടെ രീതി.
പ്രവൃത്തിസമയത്ത് മാത്രമാണ് ബാങ്കുകളില്‍ സെക്യൂരിറ്റി ജീവനക്കാര്‍ പുറത്തുണ്ടാവുകയുള്ളൂ. അല്ലാത്ത സമയത്ത് അവര്‍ ബാങ്കിന് ഉള്ളിലായിരിക്കും. എന്നാല്‍ എടിഎം മെഷീനുകള്‍ക്ക് ബാങ്കുകള്‍ സെക്യൂരിറ്റി ഏര്‍പ്പെടുത്താറുമില്ല. ഇക്കാര്യം എടിഎം കാര്‍ഡ് ഉപയോക്താക്കള്‍ ശ്രദ്ധിക്കണമെന്നും ആരുടെയെങ്കിലും സഹായമഭ്യര്‍ഥിച്ചാല്‍ തിരിച്ചുതരുന്ന കാര്‍ഡ് നമ്മുടെത് തന്നെയല്ലെയെന്ന് ഉറപ്പുവരുത്തണമെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.