ദുബൈ/തിരുവനന്തപുരം– തിരുവനന്തപുരത്ത് നടക്കുന്ന 69-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ മെഡൽ നേട്ടവുമായി യു.എ.ഇ. സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ അബൂദബി മുസഫയിലെ മോഡൽ പ്രൈവറ്റ് സ്‌കൂൾ വിദ്യാർഥി സ്വാനിക് ജോഷ്വ വെള്ളി മെഡൽ കരസ്ഥമാക്കി. 12.18 സെക്കൻ്റിലാണ് സ്വാനിക് ഫിനിഷ് ചെയ്തത്.
സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ഗൾഫ് മേഖല നേടുന്ന ആദ്യ മെഡൽ എന്ന പ്രത്യേകതകൂടി ഈ നേട്ടത്തിനുണ്ട്.
ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന ഈ കായിക മേളയിൽ, കേരളത്തിൻ്റെ 15-ാമത് ജില്ലയായാണ് ഗൾഫ് മേഖലയിലെ സ്‌കൂളുകൾ മത്സരിക്കുന്നത്. കേരള സിലബസ് പിന്തുടരുന്ന പ്രവാസി വിദ്യാർഥികളെ കഴിഞ്ഞ വർഷം മുതലാണ് സംസ്ഥാന കായിക മേളയിൽ ഉൾപ്പെടുത്തിത്തുടങ്ങിയത്. ഏറെക്കാലത്തെ ആവശ്യങ്ങൾക്കും അഭ്യർഥനകൾക്കുമൊടുവിലാണ് ഈ ചരിത്രപരമായ തീരുമാനം നടപ്പായത്.
പെൺകുട്ടികൾ അടക്കം 37 പ്രവാസി വിദ്യാർഥികളാണ് ഇത്തവണ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ജി.വി രാജ സ്പോർട്‌സ് സ്‌കൂളിൽ നടക്കുന്ന ഫുട്‌ബോൾ, സെൻട്രൽ സ്‌റ്റേഡിയത്തിലെ ബാസ്‌കറ്റ് ബോൾ, ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിലെ ബാഡ്‌മിൻ്റൺ തുടങ്ങിയ ഇനങ്ങളിലും പ്രവാസി താരങ്ങൾ വെള്ളിയാഴ്ച മത്സരിക്കും.



