അബുദാബി – പ്രവാചക നഗരിയിലേക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന തീര്‍ഥാടകർക്ക് ഈ ആഴ്ച മുതല്‍ അബുദാബിയില്‍ നിന്ന് മദീനയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്സ് പ്രഖ്യാപിച്ചു. യാത്രക്കാരില്‍ നിന്നുമുള്ള വര്‍ധിച്ചുവരുന്ന ആവശ്യത്തെ തുടർന്നാണ് ഇത്തിഹാദ് എയര്‍വേയ്സ് അബുദാബി – മദീന സര്‍വീസുകള്‍ ആരംഭിക്കുന്നത്. എയര്‍ബസ് എ-321 ഇനത്തില്‍ പെട്ട വിമാനം ഉപയോഗിച്ച് മദീനയിലേക്ക് ആഴ്ചയില്‍ അഞ്ച് സര്‍വീസുകള്‍ വീതം തുടക്കത്തില്‍ നടത്തും. ഈ വര്‍ഷാവസാനത്തോടെ സര്‍വീസുകള്‍ ആറായി ഉയര്‍ത്തുമെന്നും ഇത്തിഹാദ് എയര്‍വേയ്സ് വ്യക്തമാക്കി.
മദീന സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ സൗദിയിലേക്കുള്ള ഇത്തിഹാദിന്റെ പ്രതിവാര സര്‍വീസുകള്‍ 93 ആയി ഉയരും. നിലവില്‍ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് ദിവസേന നാല് വിമാന സര്‍വീസുകളും അല്‍ഖസീമിലേക്ക് ആഴ്ചയില്‍ മൂന്ന് വിമാന സര്‍വീസുകളുമാണ് നടത്തുന്നത്. ഇത്തിഹാദ് എയര്‍വേയ്സിന്റെ വളര്‍ച്ചാ തന്ത്രത്തിന്റെ ഭാഗമാണ് മദീന സര്‍വീസ്.
കഴിഞ്ഞ 12 മാസത്തിനിടെ എയര്‍ലൈന്‍ അതിവേഗ നെറ്റ്വര്‍ക്ക് വളര്‍ച്ച കൈവരിച്ചതായും മുപ്പതിലേറെ പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചതായും ഇത്തിഹാദ് എയര്‍വേയ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മാജിദ് അല്‍മര്‍സൂഖി വ്യക്തമാക്കി. മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ 15 ലേറെ ലക്ഷ്യസ്ഥാനങ്ങളിലേക്കു കൂടി അടുത്ത വര്‍ഷം സര്‍വീസുകള്‍ ആരംഭിക്കും. സലാല, ക്രാക്കോ, മയ്യോർക്ക തുടങ്ങിയ സീസണല്‍ ലക്ഷ്യസ്ഥാനങ്ങളും ബാക്കു, ദമാസ്‌കസ് പോലെ വര്‍ഷം മുഴുവനുമുള്ള ലക്ഷ്യസ്ഥാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തിഹാദ് എയര്‍വേയ്സിന്റെ വളർച്ചക്കും അബുദാബിയിലേക്ക് വരുന്നവരും അബുദാബിയിലൂടെ കടന്നുപോകുന്നവരുമായ കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനും പുതിയ സര്‍വീസുകൾ സഹായിക്കുമെന്ന് മാജിദ് അല്‍മര്‍സൂഖി പറഞ്ഞു.



