അബൂദാബി- 35 വർഷത്തെ പ്രവാസ ജീവതം അവസാനിപ്പിച്ച് ഹംസ മദനി തെന്നല നാടണയുകയാണ്. 33 വര്‍ഷക്കാലം ഒരേ മസ്ജിദില്‍ ജോലി ചെയ്ത്, അതേ പള്ളിയില്‍ മകനെ പകരക്കാരനാക്കിയാണ് ഹംസ മദനി നാട്ടിലേക്ക് മടങ്ങുന്നത്.
മലപ്പുറം ജില്ലയിലെ തെന്നല വെസ്റ്റ് ബസാര്‍ കുഞ്ഞുമുഹമ്മദ് എന്ന മാനു ഹാജിയുടെ മകനായ ഹംസ മദനി 63 വയസ്സ് പിന്നിടുമ്പോഴാണ് പ്രവാസത്തോട് വിട പറയുന്നത്.
നാട്ടിൽ കുറഞ്ഞ കാലം ദര്‍സ് നടത്തിയശേഷമാണ് അദ്ദേഹം പ്രവാസിയായി യു എ ഇയിലത്തുന്നത്. തുടർന്ന് കഴിഞ്ഞ 33 വര്‍ഷമായി അബൂദാബി മുശ്രിഫിലെ അഹ്മദ് ഹാളിര് മുറൈഖി പള്ളിയില്‍ ജോലി ചെയ്യാന്‍ ഹംസ മദനിക്ക് അവസരം ലഭിച്ചു.
ഈ പള്ളിയില്‍ മകന് മുഹമ്മദ് ഹസ്ബുല്ല ശാമില്‍ ഇര്‍ഫാനി കാമിൽ സഖാഫിയെ പകരക്കാരനാക്കിയാണ് ഹംസ മദനി നാട്ടിലേക്ക് മടങ്ങുന്നത്.
ജീവകാരുണ്യ സാമൂഹിക മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവന്ന അദ്ദേഹം നിലവില്‍ ഐ.സി.എഫ് അബൂദാബി റീജന്‍ ഡെപ്യൂട്ടി പ്രസിഡന്റ്, കാരന്തൂര്‍ മര്‍കസ് അബൂദബി പ്രസിഡൻ്റ്,കുണ്ടൂര്‍ അഹ്ബാബ് ഗൗസിയ അബൂദബി ഘടകം പ്രസിഡന്റ്, തെന്നലവെസ്റ്റ് ബസാര്‍ എസ്.വൈ.എസ് യു.എ.ഇ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു.
അബുദാബിയിൽ നടന്ന യാത്രയയപ്പ് യോഗത്തില്‍ കാരന്തൂര്‍ മര്‍കസ് അബൂദാബി ഘടകത്തിന്റെ ഉപഹാരം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് നല്കി. ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി,സിദ്ദീഖ് അന്‍വരി, മര്‍സൂക്ക് സഅദി, ഹംസ അഹ്സനി, ഉസ്മാന്‍സഖാഫി തിരുവത്ര, ഷാഫി പട്ടുവം തുടങ്ങിയവര്‍ സംബന്ധിച്ചു. ഐ.സി.എഫ് മുറൂര്‍, മുശ് രിഫ് ഡിവിഷനുകള്‍, ഐ.സി.എഫ് അബൂദാബിറീജന്, മലപ്പുറം ജില്ല എസ്.വൈ.എസ് അബൂദബി ഘടകം, ആര്.എസ് സി അബൂദബി സിറ്റി കമ്മിറ്റി എന്നിവർ യാത്രയയപ്പ് നല്കി. തെന്നലയില്നിന്നുള്ള നാട്ടുകാര്‍ നല്കിയ യാത്രയയപ്പില്‍ പാലക്കണ്ണില് അബ്ദു, നെടുവണ്ണ മുത്തു, പി.സി അബ്ദുറഹ്മാൻ തുടങ്ങിയര്‍ നേതൃത്വം നല്കി.



