അബുദാബി: ഫിസിക്കൽ എമിറേറ്റ്‌സ് ഐ.ഡി കാർഡുകളുടെ ആവശ്യകത ഇല്ലാതാക്കുന്ന നൂതന ബയോമെട്രിക് ഐഡന്റിഫിക്കേഷൻ സിസ്റ്റങ്ങൾ വികസിപ്പിച്ച് വിജയകരമായി പരീക്ഷിക്കുന്നതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി സ്ഥിരീകരിച്ചു.
സേവന കാര്യക്ഷമത വർധിപ്പിക്കാനുള്ള ഇലക്‌ട്രോണിക് ഐഡന്റിറ്റി സൊല്യൂഷനുകളുടെ പ്രോത്സാഹനവും നടപ്പാക്കലും സംബന്ധിച്ച കൗൺസിൽ അംഗമായ ഡോ. അദ്‌നാൻ ഹമദ് അൽഹമ്മാദിയുടെ ചോദ്യത്തിന് മറുപടിയായി ഫെഡറൽ നാഷണൽ കൗൺസിലിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി നൂതന ബയോമെട്രിക് ഐഡന്റിഫിക്കേഷൻ സിസ്റ്റങ്ങൾ വികസിപ്പിച്ച് വിജയകരമായി പരീക്ഷിക്കുന്നതായി അറിയിച്ചത്.
തന്ത്രപരമായ പങ്കാളികളുമായി സഹകരിച്ച് നിർമിച്ച ഈ നൂതന സംവിധാനങ്ങൾ സ്മാർട്ട് ആപ്ലിക്കേഷനിലൂടെ ആക്‌സസ് ചെയ്യാവുന്ന മുഖം തിരിച്ചറിയൽ, നിർമിതബുദ്ധി സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. നിലവിലുള്ള ഐഡന്റിറ്റി സംവിധാനങ്ങൾക്ക് പൂരകമെന്നോണമാണ് ഈ പരിഹാരങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. അതോടൊപ്പം വിവിധ മേഖലകളിൽ സുരക്ഷ, കൃത്യത, സൗകര്യം എന്നിവ വർധിപ്പിക്കുകയും ചെയ്യുന്നു.
അത്യാധുനിക സാങ്കേതികവിദ്യയാൽ പ്രവർത്തിക്കുന്ന ബയോമെട്രിക് ഐ.ഡി സംവിധാനങ്ങൾ കൃത്യവും സുരക്ഷിതവുമായ ഉപഭോക്തൃ തിരിച്ചറിയൽ നിർണായകമായ സർക്കാർ, ബാങ്കിംഗ്, ടെലികമ്മ്യൂണിക്കേഷൻസ്, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി, ഇൻഷുറൻസ് വ്യവസായങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിൽ സ്വീകരിക്കാനായി രൂപകൽപന ചെയ്തിരിക്കുന്നു. ദേശീയ ഡാറ്റാ സംരക്ഷണ നിയമങ്ങളും റിസ്‌ക് മാനേജ്‌മെന്റ് ചട്ടക്കൂടുകളും പാലിച്ച് ഈ സംവിധാനങ്ങൾ ഉയർന്ന സാങ്കേതികവും നടപടിക്രമപരവുമായ സ്ഥിരീകരണ മാനദണ്ഡങ്ങൾ പ്രയോഗിക്കുന്നു.
ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്ത ഘട്ടങ്ങളിലൂടെയാണ് ഡിജിറ്റൽ ഐഡന്റിറ്റി സൊല്യൂഷനുകളുടെ വിന്യാസം നടപ്പാക്കുന്നതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി പറയുന്നു. ഉപയോക്താക്കൾക്ക് ഉടനടി പ്രയോജനം നൽകാനായി ലളിതമായ സേവനങ്ങളുടെ ഡിജിറ്റൈസേഷനോടെയാണ് ഐ.ഡി പരിവർത്തന പ്രക്രിയ ആരംഭിച്ചത്. പൂർണ ഡിജിറ്റൽ ആവാസ വ്യവസ്ഥയിലേക്കുള്ള സുഗമവും സമഗ്രവുമായ മാറ്റം ഉറപ്പാക്കുന്നതിന് കൂടുതൽ സങ്കീർണമായ സേവനങ്ങൾ ഇപ്പോൾ പുതിയ സംവിധാനത്തിൽ സംയോജിപ്പിക്കുന്നു. എല്ലാ മേഖലകളിലും ഈ സംവിധാനങ്ങളുടെ പൂർണ തോതിലുള്ള വ്യാപനം അടുത്ത വർഷത്തിനകം പൂർത്തിയാകുമെന്ന് അതോറിറ്റി പറഞ്ഞു.
ആഗോള ഡിജിറ്റൽ ലീഡർഷിപ്പിലുള്ള യു.എ.ഇയുടെ പ്രതിബദ്ധത ശക്തിപ്പെടുത്താനായി ബയോമെട്രിക് സംവിധാനങ്ങൾ അവരുടെ പ്ലാറ്റ്‌ഫോമുകളിൽ ഉൾപ്പെടുത്തുന്നതിന് പ്രമുഖ സ്ഥാപനങ്ങളുമായും വകുപ്പുകളുമായും തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നുണ്ട്. ഡിജിറ്റൽ ഐഡന്റിറ്റി വെറുമൊരു ഉപകരണം മാത്രമല്ല, ഇത് മികച്ച സേവനങ്ങളിലേക്കും ശക്തമായ സുരക്ഷയിലേക്കും കൂടുതൽ സൗകര്യത്തിലേക്കുമുള്ള ഒരു കവാടമാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി പറഞ്ഞു.
വിശാലമായ ഡിജിറ്റൽ പരിവർത്തന തന്ത്രത്തിന്റെ ഭാഗമായി ഗവൺമെന്റ് ബ്യൂറോക്രസി എലിമിനേഷൻ പ്ലാൻ പ്രകാരം അതോറിറ്റി ഒരു കൂട്ടം സംരംഭങ്ങൾ 2024 ഓഗസ്റ്റിൽ ആരംഭിച്ചു. ദി മന്ത് ഓഫ് എലിമിനേറ്റിംഗ് ഗവൺമെന്റ് ബ്യൂറോക്രസി എന്ന മുൻനിര കാമ്പെയ്ൻ ഗവൺമെന്റ് ജീവനക്കാരിലും പൊതുജനങ്ങളിലും അവബോധം വളർത്താനും നവീകരണത്തിന് പ്രചോദനം നൽകാനുമായി രൂപകൽപന ചെയ്തതാണ്.
കാര്യക്ഷമതയില്ലായ്മകൾ തിരിച്ചറിയുന്നതിലും പ്രായോഗിക പരിഹാരങ്ങൾ നിർദേശിക്കുന്നതിലും പങ്കാളിത്തം വഹിക്കാൻ പൗരന്മാരെയും വിദേശികളെയും ക്ഷണിച്ച് യു.എ.ഇയിലുടനീളമുള്ള കമ്മ്യൂണിറ്റി കൗൺസിലുകൾ, ഷോപ്പിംഗ് മാളുകൾ, സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഔട്ട്‌റീച്ച് പ്രവർത്തനങ്ങൾ ഈ സംരംഭത്തിൽ ഉൾപ്പെടുന്നു. ഈ കാമ്പെയ്‌നിന് അനുസൃതമായി, സർക്കാർ മേഖലയിലെ നവീകരണത്തെ പ്രോത്സാഹിപ്പിക്കാൻ ബ്യൂറോക്രസി എലിമിനേഷൻ അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി ജീവനക്കാർക്കും ഉപയോക്താക്കൾക്കും പങ്കാളികൾക്കും പങ്കെടുക്കാവുന്ന ഈ അവാർഡ്, നടപടിക്രമങ്ങൾ ലളിതമാക്കാനും സേവന വിതരണം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ആശയങ്ങൾ സമർപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു.
സ്മാർട്ട് ഗവേണൻസിൽ യു.എ.ഇയുടെ മുൻനിര സ്ഥാനം വീണ്ടും ഉറപ്പിച്ച് പൗരന്മാരുടെയും വിദേശികളുടെയും സന്ദർശകരുടെയും ജീവിതം സുഗമമായ ഡിജിറ്റൽ സേവനങ്ങളിലൂടെ ലളിതമാക്കാനുള്ള നിരന്തരമായ ശ്രമങ്ങൾ നടത്തുന്നതായി അതോറിറ്റി പറഞ്ഞു. ബയോമെട്രിക് ഐ.ഡി സംവിധാനങ്ങളുടെ സംയോജനവും ഉദ്യോഗസ്ഥ പരിഷ്‌കരണത്തോടുള്ള പ്രതിബദ്ധതയും ഭരണത്തിനും സേവന മികവിനുമുള്ള രാജ്യത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള സമീപനത്തെ പ്രതിഫലിപ്പിക്കുന്നതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി പറഞ്ഞു.