ജിദ്ദ- ചൂണ്ടാണി വിരലിൽ പുരട്ടിയ മഷി ഒലിച്ചിറങ്ങി ഇന്ത്യയായി രൂപപ്പെടുന്ന പോസ്റ്റർ ഒരുക്കി പ്രമുഖ ഡിസൈനർ സൈനുൽ ആബിദ്. വോട്ടു രേഖപ്പെടുത്തിയെന്നതിന്റെ ഔദ്യോഗിക മഷിയടയാളത്തിൽനിന്ന് മറക്കണ്ട ഇന്ത്യ എന്ന വാക്ക് മുകളിൽ എഴുതിയുള്ള പോസ്റ്ററാണ് തെരഞ്ഞെടുപ്പ് തലേന്ന് വൈറലായത്.
മറക്കണ്ട ഇന്ത്യ എന്ന തലക്കെട്ടിൽ നീല പശ്ചാതലത്തിൽ വിരലടയാളത്തിൽ ഇന്ത്യയുടെ ഭൂപടമുള്ള പോസ്റ്ററാണ് തയ്യാറാക്കിയത്. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും പോസ്റ്റർ ഒരുക്കിയിട്ടുണ്ട്.
മറക്കണ്ട ഇന്ത്യ എന്ന തലക്കെട്ട് നിലവിലുള്ള സഹചര്യത്തിൽ ഏറെ രാഷ്ട്രീയ വായന കൂടി ഉള്ളതാണ്. പ്രതിപക്ഷ സഖ്യത്തിന്റെ പേര് എന്നതിന് പുറമെ ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പ് എന്ന വായന കൂടി പോസ്റ്ററിനുണ്ട്. ഇന്ത്യ ഏത് അവസ്ഥയിലാണ് എന്ന് ചൂണ്ടികാണിക്കുന്ന ഗൗരവമേറിയ വായന കൂടി പോസ്റ്റർ നിർവഹിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പോസ്റ്റർ പങ്കുവെച്ചത്. കൊച്ചിയിലെ ഡിസൈൻ സ്റ്റുഡിയോ സാരഥി കൂടിയായി സൈനുൽ ആബിദ് ഇന്ത്യയിലെ അറിയപ്പെടുന്ന ഡിസൈനറാണ്.
ഡിസൈൻ ചെയ്യുന്നത് ഒരു രാഷ്ട്രീയ പ്രവർത്തനമായി കാണുന്ന ആളാണ് ഞാനെന്ന് സൈനുൽ ആബിദ് ദ മലയാളം ന്യൂസിനോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പിന്റെ തലേന്ന് എല്ലാവർക്കും പെട്ടെന്ന് ഫോളോ ചെയ്യാൻ പറ്റുന്ന, അല്ലെങ്കിൽ അതിനോട് ഐക്യപ്പെടാൻ പറ്റുന്ന ഒരു ആഹ്വാനം ഏറ്റവും മിനിമലായും സിംപിളായും എങ്ങിനെ ചെയ്യാനാകും എന്ന ആലോചനയിൽനിന്നാണ് ഈ ആശയം രൂപപ്പെട്ടതെന്നും സൈനുൽ ആബിദ് പറഞ്ഞു. എല്ലാവർക്കും മനസിലാകുന്ന ഭാഷയിലായിരിക്കണം, എല്ലാവർക്കും റിലേറ്റ് ചെയ്യാവുന്ന സിംപിൾ വിഷ്വലായിരിക്കണം, അതിനകത്ത് ഒരു ആശയം വേണം, ക്രിയേറ്റീവ് എലമെന്റ് വേണം എന്ന ആലോചനയിൽനിന്നാണ് ഈ പോസ്റ്റർ രൂപപ്പെടുന്നത്.
വിരലിൽ മഷി പുരട്ടുക എന്നത് കൊച്ചുകുട്ടികൾക്ക് വരെ മനസിലാകുന്ന ഒന്നാണ്. എല്ലാ തലമുറയിലെ കുട്ടികൾക്കും അത് മനസിലാകും. വിരലിൽനിന്ന് ഒലിച്ചിറങ്ങുന്ന മഷിയിൽ ഇന്ത്യയെ പ്രതിഷ്ഠിക്കുന്ന ഇമേജ്. മഷി ഒലിച്ചിറങ്ങി ഇന്ത്യയുടെ ഭൂപടം വിരലിൽ മുദ്രയായി ബാക്കിയാകും. വോട്ട് ചെയ്യുമ്പോൾ വിരലിൽനിന്ന് മഷി ഒലിച്ചിറങ്ങുന്നതിന് പ്രത്യേക രൂപമില്ല. ഡിസൈൻ, ടെക്സ്റ്റ്, കളർ എന്നിവയിലൊന്നും അധികമായി ഒന്നുമുണ്ടാകരുത് എന്ന് നിർബന്ധമുണ്ടായിരുന്നു. പ്രത്യേക രാഷ്ട്രീയ സഹചര്യത്തിൽ എങ്ങിനെ വോട്ടു ചെയ്യണമെന്നുള്ളത് ഒരു അടയാളം പോലെ തോന്നണം എന്ന ചിന്തയിൽനിന്നാണ് ഇങ്ങിനെ ഒരു ആശയം രൂപപ്പെട്ടത്.
മറക്കണ്ട ഇന്ത്യ എന്ന ടെക്സ്റ്റും ഏറ്റവും മിനിമലായാണ് ഉപയോഗിച്ചത്. ഈ ആശയം വൈറലായതിൽ ഏറെ സന്തോഷം. നിരവധി എഴുത്തുകാരും മറ്റും ഈ ആശയം പങ്കുവെക്കുന്നത് കാണുന്നത് ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പ് തലേന്ന് ഇരട്ടി സന്തോഷം നൽകുന്നുവെന്നും സൈനുൽ ആബിദ് പറഞ്ഞു.