കയ്‌റോ: ഇന്ന് അർധരാത്രി മുതൽ ഈജിപ്തിൽ വേനൽക്കാല സമയം (ഡേലൈറ്റ് സേവിംഗ് ടൈം) നടപ്പാക്കുന്നു. സർക്കാർ തീരുമാനമനുസരിച്ച് രാജ്യത്തിന്റെ ഔദ്യോഗിക സമയം ഇന്ന് അർധരാത്രി 12 മണിക്ക് 60 മിനിറ്റ് വർധിപ്പിക്കും. ഇതനുസരിച്ച് ഇന്ന് അർധരാത്രി 12 മണി രാജ്യത്തിന്റെ ഔദ്യോഗിക സമയം പുലർച്ചെ ഒരു മണിയായി മാറും.

വസന്തകാല, വേനൽക്കാല സീസണുകളിൽ വൈദ്യുതി ഉപഭോഗം യുക്തിസഹമാക്കാനും നീണ്ട പകൽ സമയം പ്രയോജനപ്പെടുത്താനുമുള്ള രാജ്യത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ സമയ മാറ്റം.
2018-ൽ നിർത്തലാക്കിയ വേനൽക്കാല സമയ സംവിധാനം 2023 മാർച്ചിൽ പുനഃസ്ഥാപിക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഔദ്യോഗിക അവധി ദിവസമായതിനാൽ വെള്ളിയാഴ്ചയാണ് സമയമാറ്റം നടപ്പാക്കാൻ തീരുമാനിച്ചത്. പൗരന്മാർക്കും സ്ഥാപനങ്ങൾക്കും പുതിയ സമയക്രമവുമായി പൊരുത്തപ്പെടാൻ ഇത് മതിയായ സമയം അനുവദിക്കും.
വൈദ്യുതി ഉപയോഗ കാര്യക്ഷമത മെച്ചപ്പെടുത്തുക, വൈദ്യുതി ഉപഭോഗത്തിലെ പീക്ക് സമയം കുറക്കുക, അന്താരാഷ്ട്ര സമയ മാനേജ്‌മെന്റ് സംവിധാനങ്ങളുമായി ഏകോപിപ്പിക്കുക എന്നിവയുൾപ്പെടെ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ ഡേലൈറ്റ് സേവിംഗ് ടൈം സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നു. അടുത്ത ശരത്കാലത്തിന്റെ തുടക്കത്തിൽ ഈജിപ്ത് ശൈത്യകാല സമയത്തിലേക്ക് മടങ്ങും.