ഫുജൈറ– ഫുജൈറയിലെ സഫാദ് പ്രദേശത്ത് 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (എൻസിഎം) നാഷണൽ സീസ്മിക് നെറ്റ്വർക്ക് അറിയിച്ചു. യുഎഇ പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.35 നാണ് 2.3 കിലോമീറ്റർ ആഴത്തിൽ ഭൂചലനം അനുഭവപ്പെട്ടത്. പ്രദേശത്തെ താമസക്കാർക്ക് ഇത് അനുഭവപ്പെട്ടിട്ടില്ലെന്നും മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും എൻസിഎം സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം ഒമാനിലെ മാധ മേഖലയിൽ പുലർച്ചെ 5.13 ന് 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഈ മാസം ആദ്യം, അൽ സിലയിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം ഉണ്ടായിരുന്നു. പ്രദേശത്ത് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ ഒന്നുമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, സില ഭൂകമ്പത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ആഗസ്ത് 5ന്, ഖോർ ഫക്കാനിൽ 2 തീവ്രതയിൽ ഭൂകമ്പം രേഖപ്പെടുത്തി. രാത്രി 8.35 ന് കണ്ടെത്തിയ ഭൂകമ്പം താമസക്കാർക്ക് നേരിയ തോതിൽ അനുഭവപ്പെട്ടെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു.