ജിദ്ദ – ജിദ്ദ കെ.എം.സി.സി കായിക വിഭാഗം സംഘടിപ്പിക്കുന്ന ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ ടൂർണമെന്റിൽ സെമിഫൈനൽ ഫൈനൽ മത്സരങ്ങൾ ഇന്നു നടക്കും. വൈകുന്നേരം 5.30 ന് ആരംഭിക്കുന്ന ജൂനിയർ വിഭാഗം മത്സരത്തിൽ അമിഗോസ് എഫ്.സി, സോക്കർ എഫ്.സിയെ നേരിടും.
ജില്ലാതല ചാമ്പ്യൻഷിപ്പിലെ ആദ്യ സെമി ഫൈനലിൽ പാലക്കാട് കെ.എം.സി.സി, വയനാട് കെ.എം.സി.സിയെ നേരിടും. ഇന്ത്യൻ താരം വി.പി സുഹൈറടക്കം വിവിധ ദേശീയ താരങ്ങൾ ഈ മത്സത്തിൽ മാറ്റുരക്കും. ക്ലബ്ബ് വിഭാഗം ചാമ്പ്യൻഷിപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ സി-മാക്ക് ഫൈസലീയ എഫ്.സി, ശക്തരായ ബിറ്റ്-ബോൾട്ട് എഫ്.സിയെ നേരിടും.
ക്ലബ്ബ് ചാമ്പ്യൻഷിപ്പിലെ രണ്ടാം സെമിയിൽ കൺഫർട്ട് ട്രാവൽസ് റീം എഫ്.സി , സയാൻ അൽ ജസീറയെ നേരിടും. ജില്ലാതല ചാമ്പ്യൻഷിപ്പിലെ രണ്ടാം സെമി ഫൈനലിൽ കണ്ണൂർ കെ.എം.സി.സിയെ , കാസർഗോഡ് കെ.എം.സി.സി നേരിടും.
കഴിഞ്ഞ ആഴ്ചയിൽ നടന്ന ജൂനിയർ വിഭാഗം മത്സരത്തിൽ ജെ.എസ്.സി, ടാലെൻറ് ടീൻസിനെ പരാജയപ്പെടുത്തി. മുഴുവൻ സമയത്ത് ഗോൾ രഹിത സമനിലയിൽ തുടർന്ന മത്സരത്തിൽ, പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനാണ് ജെ.എസ്.സി വിജയിച്ചത്. ജെ.എസ്.സിയുടെ ഗോൾ കീപ്പർ ഫുസൈലിനെ മികച്ച താരമായി തിരഞ്ഞെടുത്തു.
ജില്ലാ തല മത്സരങ്ങളിലെ ആദ്യ ക്വാർട്ടർ മത്സരത്തിൽ മലപ്പുറം ജില്ലയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക്, കണ്ണൂർ കെഎംസിസി പരാജയപ്പെടുത്തി. മികച്ച പ്രകടനം കാഴ്ചവെച്ച കണ്ണൂരിന്റെ ഹാഷിം അഹമ്മദിനെ കളിയിലെ മികച്ച താരമായി തിരഞ്ഞെടുത്തു.
മറ്റൊരു ജില്ലാതല ക്വാർട്ടർ മത്സരത്തിൽ കാസർഗോഡ് കെഎംസിസി ഒന്നിനെതിരെ നാലുഗോളുകൾക്ക് , കോഴിക്കോട് കെഎംസിസിയെ പരാജയപ്പെടുത്തി. രണ്ടു ഗോളുകൾ സ്കോർ ചെയ്യുകയും നിരവധി മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്ത കാസർഗോഡിന്റെ ഷെഫിൻ അഹമ്മദിനെ കളിയിലെ കേമനായി തിരഞ്ഞെടുത്തു.
ക്ലബ്ബ് വിഭാഗം മത്സരത്തിലെ ആദ്യ കളിയിൽ സയ്യാൻ അൽജസീറ, വിജയ് മസാല ബി.എഫ്.സിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. സയ്യാൻ അൽജസീറയുടെ മുഹമ്മദ് ഫാസിലിനെ മാൻ ഓഫ് ത മാച്ചായി തിരഞ്ഞുടുത്തു.
ക്ലബ്ബ് വിഭാഗത്തിലെ അവസാന മത്സരത്തിൽ കംഫർട്ട് ട്രാവൽസ് റീം എഫ്.സി, ടൗൺ ടീം ഷറഫിയ്യയെ ഏകപക്ഷീയമായി നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി. കംഫർട്ട് ട്രാവൽസിന്റെ ജിതിനെ മികച്ച കളിക്കാരനായി തിരഞെടുത്തു.