ദുബൈ– യു.എ.ഇ.യുടെ 10 വർഷ കാലാവധിയുള്ള ഗോൾഡൻ വിസയ്ക്ക് ഇനി വിഎഫ്എസ് ഗ്ലോബൽ വഴി ഇന്ത്യയിൽ നിന്ന് അപേക്ഷിക്കാം. റിയാദ് ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നേരത്തെ യുഎഇയിൽ നേരിട്ടെത്തി വേണമായിരുന്നു അപേക്ഷിക്കേണ്ടത്. എന്നാൽ ഇനി മുതൽ ഇന്ത്യയിൽ നിന്നു തന്നെ അപേക്ഷിക്കാം. പക്ഷേ അന്തിമ നടപടികൾക്കായി അപേക്ഷകർ യുഎഇയിൽ എത്തണം. അപേക്ഷ നൽകുക, നാമനിർദേശ ജോലികൾ പൂർത്തീകരിക്കുക എന്നിവ ഇന്ത്യയിൽ തന്നെ പൂർത്തിയാക്കാം. ഓൺലൈനായും ഫോണിലൂടെയും ഡൽഹി, മുംബൈ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, പുണെ എന്നിവിടങ്ങളിലെ വിഎഫ്എസ് – റിയാദ് ഗ്രൂപ്പ് കേന്ദ്രങ്ങൾ വഴിയും ആദ്യ ഘട്ട അപേക്ഷകൾ നൽകാം. അപേക്ഷകരുടെ തൊഴിൽ യോഗ്യത, സാമ്പത്തിക യോഗ്യത, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചായിരിക്കും നടപടികൾ. വ്യവസായികൾ, ശാസ്ത്രജ്‌ഞർ, പ്രധാന തൊഴിൽ മേഖലയിൽ വൈദഗ്‌ധ്യമുള്ള പ്രഫഷനലുകൾ, കലാകാരന്മാർ, ഇൻഫ്ലുവൻസർ, സംരംഭകർ എന്നിവർക്കാണ് ഗോൾഡൻ വീസയ്ക്ക് അർഹതയുള്ളത്,
അപേക്ഷകർ വ്യക്തിപരവും തൊഴിൽപരവുമായ വൈദഗ്ധ്യം വിശദീകരിക്കുന്ന പ്രൊഫൈൽ തയാറാക്കണം. പാസ്പോർട്ടിന്റെ പകർപ്പ്, ഉയർന്ന വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, 6 മാസത്തെ ബാങ്ക് സ്‌റ്റേറ്റ്മെൻ്റ് ,വിലാസം തെളിയിക്കുന്നതിനുള്ള രേഖ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. അപേക്ഷ നൽകേണ്ട വെബ്സൈറ്റ്:
അപേക്ഷ നൽകേണ്ട വെബ്സൈറ്റ്: www.onevasco.com/ind/en/immigration/uae-golden-visa.html, ഫോൺ: +91-22-62018483.
23 ലക്ഷം രൂപ നൽകിയാൽ ആജീവനാന്ത ഗോൾഡൻ വിസ ലഭിക്കുമെന്ന വാർത്ത വ്യാജം; നിയമ നടപടികൾക്കൊരുങ്ങി യു.എ.ഇ ഫെഡറൽ അതോറിറ്റി
23 ലക്ഷം രൂപ നൽകിയാൽ ഇന്ത്യക്കാർക്ക് യുഎഇയുടെ ആജീവനാന്ത ഗോൾഡൻ വിസ നേടാം എന്നവിധം മലയാളത്തിലെയടക്കം പ്രമുഖ മാധ്യമങ്ങൾ കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രത്യക്ഷപ്പെട്ട ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വ്യക്തമാക്കി. പ്രചാരണം തട്ടിപ്പ് ലക്ഷ്യമിട്ടെന്നും സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഫെഡറൽ അതോറിറ്റി അറിയിച്ചു.
വിദേശത്ത് പ്രവർത്തിക്കുന്ന കൺസൾട്ടിങ് ഓഫീസ് പുറത്തിറക്കിയ വാർത്താകുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രചാരണം. ഇതിലെ വിവരങ്ങൾ വസ്‌തുതതാ വിരുദ്ധമാണ്. ഏവർക്കും എളുപ്പത്തിൽ ലഭിക്കുന്നതല്ല യുഎഇ ഗോൾഡൻ വിസ, യു.എ.ഇ.ക്കകത്തെ ഔദ്യോഗിക സംവിധാനങ്ങൾ വഴി മാത്രമേ ഇതിന് അപേക്ഷ സ്വീകരിക്കൂ.