ദോഹ – ലോകത്തിലെ പ്രമുഖ വിനോദസഞ്ചാര നഗരങ്ങളിൽ അതിവേഗ വൈ ഫൈ ഇൻ്റർനെറ്റ് സേവനം നൽകുന്ന കാര്യത്തിൽ ഖത്തർ തലസ്ഥാനമായ ദോഹ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. മൊബൈൽ ഡേറ്റാ സ്പെഷലിസ്റ്റുകളായ ഹോളാഫ്ലൈ നടത്തിയ പുതിയ പഠനത്തിലാണ് അന്താരാഷ്ട്ര തലത്തിൽ ദോഹ ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയതായി വ്യക്തമാക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും ദോഹ കൈവരിച്ച വൻ മുന്നേറ്റത്തിന്റെ അടയാളപ്പെടുത്തലായി ഈ റിപ്പോർട്ട് വിലയിരുത്തപ്പെടുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ആഗോള ഡിജിറ്റൽ ഹബ്ബായി മാറുന്ന ദോഹയുടെ വളർച്ചയിൽ ഈ ഹൈ-സ്പീഡ് കണക്റ്റിവിറ്റി നിർണ്ണായക പങ്കാണ് വഹിക്കുന്നത്.
നഗരങ്ങളിലെ ശരാശരി മൊബൈൽ ഇൻ്റർനെറ്റ് വേഗത ഉപയോഗിച്ച് ഒരു ജി.ബി (1 GB) വലിപ്പമുള്ള സിറ്റി മാപ്പ് ഡൗൺലോഡ് ചെയ്യാൻ എത്ര സമയമെടുക്കും എന്നതായിരുന്നു ഹോളാഫ്ലൈയുടെ പഠന രീതിയുടെ മാനദണ്ഡം. ശരാശരി 354.5 Mbps കണക്റ്റിവിറ്റി വേഗതയുള്ള ദോഹയിൽ ഇത്തരമൊരു വലിയ ഫയൽ ഡൗൺലോഡ് ചെയ്യാൻ വെറും മൂന്നു സെക്കൻഡിൽ താഴെ സമയം മാത്രമാണ് വേണ്ടിവന്നത്. ദുബൈ, അബുദാബി തുടങ്ങിയ നഗരങ്ങളെയും മറ്റ് പ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളെയും പിന്നിലാക്കിയാണ് ദോഹ ഈ നേട്ടം കൈവരിച്ചത്. അതേസമയം, പട്ടികയിൽ ഏറ്റവും പിന്നിലുള്ള ക്യൂബയിലെ ഹവാനയിൽ ഒരു ജി.ബി മാപ്പ് ഡൗൺലോഡ് ചെയ്യാൻ ഏകദേശം നാല് മിനിറ്റോളം സമയമെടുത്തു എന്നതും ശ്രദ്ധേയമാണ്. ലാറ്റിൻ അമേരിക്കയിലെയും ദക്ഷിണേഷ്യയിലെയും പല നഗരങ്ങളിലും ഇൻ്റർനെറ്റ് വേഗത ഇപ്പോഴും ദയനീയമായി തുടരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന സഞ്ചാരികൾക്ക് വിമാനമിറങ്ങുന്ന നിമിഷം മുതൽ യാതൊരു തടസ്സവുമില്ലാത്ത ഹൈ-സ്പീഡ് ഇൻ്റർനെറ്റ് സേവനം ലഭ്യമാണ്. അതിവേഗ മാപ്പുകൾ, തത്സമയ യാത്രാ വിവരങ്ങൾ, വീഡിയോ ഗൈഡുകൾ എന്നിവ പ്രയാസമില്ലാതെ ഉപയോഗിക്കാൻ ഇത് യാത്രക്കാരെ സഹായിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഖത്തർ സർക്കാർ നടത്തിയ ദീർഘവീക്ഷണത്തോടെയുള്ള നിക്ഷേപങ്ങളുടെയും രാജ്യവ്യാപകമായി 5ജി നെറ്റ് വർക്ക് ലഭ്യമാക്കിയതിന്റെയും ഫലമായാണ് ഈ വിസ്മയിപ്പിക്കുന്ന നേട്ടം സാധ്യമായത്. ആഗോള കായിക മാമാങ്കങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും സ്ഥിരമായി ആതിഥേയത്വം വഹിക്കുന്ന ദോഹയുടെ സാങ്കേതിക മികവ് നഗരത്തിന്റെ വികസനത്തിന് പുതിയ ഊർജ്ജം നൽകുന്നു.



