ജിദ്ദ: ഹജ്, ഉംറ തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാൻ സൗദി അറേബ്യ നടപ്പാക്കുന്ന ഡിജിറ്റൽ പരിവർത്തനം സഹായിക്കുന്നതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ഹജ്, ഉംറ മന്ത്രിയുടെ ബ്രിട്ടനിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഹറംകാര്യ വകുപ്പുമായും പിൽഗ്രിംസ് സർവീസ് പ്രോഗ്രാമുമായും സഹകരിച്ച് ഹജ്, ഉംറ മന്ത്രാലയം ഇരു ഹറമുകളും തീർത്ഥാടന കർമങ്ങളും എന്ന ശീർഷകത്തിൽ ലണ്ടനിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ ബ്രിട്ടനിലെ മുസ്‌ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു മന്ത്രി.
തീർത്ഥാടന കർമങ്ങൾ നിർവഹിക്കാൻ പുണ്യഭൂമിയിലേക്കുള്ള തീർത്ഥാടകരുടെ വരവ് സുഗമമാക്കാനും ഹജും ഉംറയുമായും ബന്ധപ്പെട്ട ബോധവൽക്കരണ, മാർഗനിർദേശ സംരംഭങ്ങൾക്ക് പിന്തുണ നൽകാനും സംയുക്ത സഹകരണം വർധിപ്പിക്കേണ്ടത് ഏറെ പ്രധാനമാണെന്നും ഹജ്, ഉംറ മന്ത്രി പറഞ്ഞു.
ഒരു നൂറ്റാണ്ടിലേറെയായി ഇരു ഹറമുകളുടെയും വികസനം എടുത്തുകാണിക്കുന്ന വൈവിധ്യമാർന്ന പ്രദർശനങ്ങൾ, വിപുലീകരണ പദ്ധതികളിലൂടെ തീർത്ഥാടകരെ സേവിക്കുന്നതിൽ സൗദി അറേബ്യ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങൾ, ഇരുപതിലേറെ ഭാഷകളിൽ ലഭ്യമായ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഹജ്, ഉംറ നടപടിക്രമങ്ങൾ സുഗമമാക്കുന്ന നുസുക് പ്ലാറ്റ്‌ഫോം പോലുള്ള ഡിജിറ്റൽ സംരംഭങ്ങൾ എന്നിവ എക്‌സിബിഷനിൽ പ്രദർശിപ്പിക്കുന്നു.
പ്രദർശനത്തോടനുബന്ധിച്ച് നിരവധി പ്രത്യേക ശിൽപശാലകളും സംഘടിപ്പിച്ചു. ഇരു ഹറമുകളുടെയും വികസനം: പരിചരണത്തിന്റെയും വികാസത്തിന്റെയും നൂറു വർഷങ്ങൾ, ചരിത്രപൈതൃക സ്ഥലങ്ങൾ എന്നീ ശീർഷകങ്ങളിലുള്ള ശിൽപശാലകളാണ് നടന്നത്. അന്താരാഷ്ട്ര പങ്കാളികളുമായുള്ള ചർച്ചാ സെഷൻ, ഡിജിറ്റൽ പരിഹാരങ്ങളിലൂടെ മധ്യവർത്തികളില്ലാതെ നേരിട്ടുള്ള ഉംറ സുഗമമാക്കാനുള്ള സംവിധാനങ്ങൾ അവലോകനം ചെയ്യുന്ന പ്രോഗ്രാം എന്നിവയും നടന്നു.
നൂതനാശയങ്ങളിലും മികവിലും അധിഷ്ഠിതമായ സംയോജിത സേവനങ്ങൾ നൽകാൻ ഉന്നമിട്ട് സൗദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ഹജ്, ഉംറ സംവിധാനം വികസിപ്പിക്കാനുള്ള സൗദി അറേബ്യയുടെ അക്ഷീണ ശ്രമങ്ങളെ പങ്കാളികളികളും സന്ദർശകരും പ്രശംസിച്ചു.