റിയാദ്: മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ രണ്ടു ശാക്തിക രാജ്യങ്ങളായ സൗദി അറേബ്യയും ഇറാനും തമ്മിൽ പ്രതിരോധ മേഖലാ സഹകരണം ശക്തമാക്കാൻ ശ്രമം. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും ഇറാൻ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ മുഹമ്മദ് ബാഖിരിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചക്കിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സൈനിക, പ്രതിരോധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്തു.
മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളിൽ നടത്തുന്ന ശ്രമങ്ങളും വിശകലനം ചെയ്തു. സൗദി ജനറൽ സ്റ്റാഫ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഫയാദ് അൽറുവൈലി, എക്‌സിക്യൂട്ടീവ് കാര്യങ്ങൾക്കുള്ള പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് അൽബയാരി, റോയൽ കോർട്ട് ഉപദേഷ്ടാവ് ഖാലിദ് ഹദ്‌റാവി, യെമനിലെ സൗദി അംബാസഡർ മുഹമ്മദ് ആലുജാബിർ, ഇറാനിലെ സൗദി അംബാസഡർ അബ്ദുല്ല അൽഅനസി, പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ ഹിശാം ബിൻ അബ്ദുൽ അസീസ് ബിൻ സൈഫ്, തെഹ്‌റാൻ സൗദി എംബസി മിലിട്ടറി അറ്റാഷെ ബ്രിഗേഡിയർ ജനറൽ ഖാലിദ് ബിൻ ആയിദ് അൽശലവി എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഇറാൻ നാവിക സേനാ കമാൻഡർ റിയർ അഡ്മിറൽ ഷഹ്‌റാം ഇറാനി, ഇന്റലിജൻസ്, സുരക്ഷാ കാര്യങ്ങൾക്കുള്ള സായുധ സേന അസിസ്റ്റന്റ് ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ഗുലാം മഹ്‌റാബി, ഓപ്പറേഷൻസ് കാര്യങ്ങൾക്കുള്ള സായുധ സേന അസിസ്റ്റന്റ് ചീഫ് ഓഫ് സ്റ്റാഫ് ബ്രിഗേഡിയർ ജനറൽ മഹ്ദി റബ്ബാനി, സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് ഓഫീസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ അബുൽഖാസിം ഫൊറൂട്ടൻ തുടങ്ങിയ നിരവധി ഇറാൻ ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിലും ചർച്ചയിലും പങ്കെടുത്തു.
ഇറാൻ പരമോന്നത ആത്മീയ നേതാവ് അലി ഖാംനഇ, ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാൻ, ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ സെക്രട്ടറി അലി അക്ബർ അഹ്മദിയാൻ എന്നിവരുമായി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പ്രത്യേകം പ്രത്യേകം ചർച്ചകൾ നടത്തി.
അതിനിടെ, സൗദി ഡെപ്യൂട്ടി വിദേശ മന്ത്രി എൻജനീയർ വലീദ് അൽഖുറൈജിയും ഇറാൻ വിദേശ മന്ത്രാലയത്തിൽ കോൺസുലാർ, പാർലമെന്ററി കാര്യ അണ്ടർ സെക്രട്ടറി ഡോ. വഹീദ് ജലാൽ സാദയും റിയാദിൽ ചർച്ച നടത്തി. റിയാദിൽ വിദേശ മന്ത്രാലയ ആസ്ഥാനത്തു വെച്ചാണ് ഇറാൻ വിദേശ മന്ത്രാലയ അണ്ടർ സെക്രട്ടറിയെയും സംഘത്തെയും ഡെപ്യൂട്ടി വിദേശ മന്ത്രി സ്വീകരിച്ചത്. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ബന്ധങ്ങളും മേഖലയിലെ പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചക്കിടെ വിശകലനം ചെയ്തു. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ ഇറാനിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിനിടെയാണ് ഇറാൻ വിദേശ മന്ത്രാലയത്തിൽ കോൺസുലാർ, പാർലമെന്ററി കാര്യ അണ്ടർ സെക്രട്ടറി റിയാദിലെത്തിയത്.
വർഷങ്ങൾ നീണ്ട കടുത്ത ഭിന്നതകൾ അവസാനിപ്പിച്ച് സൗദി അറേബ്യയും ഇറാനും തമ്മിൽ അടുത്ത സൗഹൃദവും സഹകരണവും സ്ഥാപിക്കുന്നത് മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ പ്രധാനമാണ്. സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ശിയാക്കളെ ഉപയോഗിച്ച് ഇറാൻ വർഷങ്ങളോളം വിധ്വംസക പ്രവർത്തനങ്ങൾക്ക് ശ്രമിച്ചതും കിഴക്കൻ പ്രവിശ്യയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതും ഇറാനിലെ സൗദി എംബസിയും കോൺസുലേറ്റുകളും പ്രതിഷേധ പ്രകടനക്കാർ അഗ്‌നിക്കിരയാക്കിയതും യെമനിലെ ഹൂത്തികളെ ഉപയോഗിച്ച് സൗദി അറേബ്യക്കെതിരെ മിസൈൽ ആക്രമണങ്ങൾ നടത്തിയതും ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത വർധിപ്പിച്ചു. എട്ടുവർഷം നീണ്ട ഇടവേളക്കു ശേഷം ചൈനയുടെ മധ്യസ്ഥതയിൽ ബെയ്ജിംഗിൽ വെച്ച് ഇരു രാജ്യങ്ങളും കരാർ ഒപ്പുവെച്ചതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്.