ജിദ്ദ – എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ് പ്രൊഫഷനുകളില്‍ സൗദിവല്‍ക്കരണം ഉയര്‍ത്താനുള്ള രണ്ട് തീരുമാനങ്ങള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. തൊഴില്‍ വിപണിയില്‍ സൗദി പൗരന്മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും വിവിവിധ പ്രവിശ്യകളില്‍ സ്വദേശികള്‍ക്ക് ഉത്തേജകവും ഉല്‍പ്പാദനപരവുമായ തൊഴിലവസരങ്ങള്‍ നല്‍കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്.
എന്‍ജിനീയറിംഗ് പ്രൊഫഷനുകളിലെ സൗദിവല്‍ക്കരണ നിരക്ക് 30 ശതമാനമായി ഉയര്‍ത്താനും സ്വകാര്യ, നോണ്‍-പ്രോഫിറ്റ് മേഖലകളില്‍ സ്വദേശി എന്‍ജിനീയര്‍മാരുടെ മിനിമം വേതനം 8,000 റിയാലായി ഉയര്‍ത്താനും ആദ്യ തീരുമാനം വ്യവസ്ഥ ചെയ്യുന്നു. എന്‍ജിനീയറിംഗ് പ്രൊഫഷനുകളില്‍ അഞ്ചോ അതിലധികമോ തൊഴിലാളികളെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമാണ്. നഗരസഭാ, ഭവനകാര്യ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെയാണ് എന്‍ജിനീയറിംഗ് പ്രൊഫഷനുകളില്‍ സൗദിവല്‍ക്കരണം ഉയര്‍ത്തുന്നത്.
ആര്‍ക്കിടെക്റ്റ്, പവര്‍ ജനറേഷന്‍ എന്‍ജിനീയര്‍, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയര്‍, ഇലക്‌ട്രോണിക്‌സ് എന്‍ജിനീയര്‍, ഓട്ടോമോട്ടീവ് എന്‍ജിനീയര്‍, മറൈന്‍ എന്‍ജിനീയര്‍, സാനിറ്ററി എന്‍ജിനീയര്‍ എന്നിവ അടക്കം 46 എന്‍ജിനീയറിംഗ് പ്രൊഫഷനുകള്‍ക്ക് ഈ തീരുമാനം ബാധകമാണ്. സൗദി എന്‍ജിനീയര്‍മാര്‍ക്ക് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സില്‍ നിന്നുള്ള പ്രൊഫഷണല്‍ അക്രഡിറ്റേഷന്‍ ആവശ്യമാണ്. ലക്ഷ്യമിടുന്ന സ്ഥാപനങ്ങളുടെ സന്നദ്ധത ഉറപ്പാക്കുന്നതിന് 2025 ഡിസംബര്‍ 31 മുതല്‍ ആറ് മാസത്തിന് ശേഷം തീരുമാനം നടപ്പാക്കാന്‍ തുടങ്ങും.
സ്വകാര്യ മേഖലയിലെ പ്രൊക്യുര്‍മെന്റ് പ്രൊഫഷനുകളില്‍ സൗദിവല്‍ക്കരണ നിരക്ക് 70 ശതമാനമായി ഉയര്‍ത്താന്‍ രണ്ടാമത്തെ തീരുമാനം വ്യവസ്ഥ ചെയ്യുന്നു. പ്രൊക്യുര്‍മെന്റ് പ്രൊഫഷനുകളില്‍ മൂന്നോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമാണ്. പ്രൊക്യുര്‍മെന്റ് മാനേജര്‍, പ്രൊക്യുര്‍മെന്റ് റെപ്രസെന്റേറ്റീവ്, കോണ്‍ട്രാക്ട് മാനേജര്‍, വെയര്‍ഹൗസ് കീപ്പര്‍, ലോജിസ്റ്റിക്‌സ് മാനേജര്‍, വെയര്‍ഹൗസ് മാനേജര്‍, ടെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ്, പ്രൊക്യുര്‍മെന്റ് സ്‌പെഷ്യലിസ്റ്റ്, ഇ-കൊമേഴ്സ് സ്‌പെഷ്യലിസ്റ്റ്, മാര്‍ക്കറ്റ് റിസേര്‍ച്ച് സ്‌പെഷ്യലിസ്റ്റ്, വെയര്‍ഹൗസ് സ്‌പെഷ്യലിസ്റ്റ് എന്നിവ അടക്കം ഈ മേഖലയിലെ 12 പ്രൊഫഷനുകള്‍ സൗദിവല്‍ക്കരണ തീരുമാനത്തില്‍ ഉള്‍പ്പെടുന്നു. 2025 നവംബര്‍ 30 മുതല്‍ ആറ് മാസത്തിനു ശേഷം തീരുമാനം പ്രാബല്യത്തില്‍ വരും. ഇത് നടപ്പാക്കല്‍ ആവശ്യകതകള്‍ നിറവേറ്റാനും ലക്ഷ്യമിട്ട സൗദിവല്‍ക്കരണ നിരക്ക് കൈവരിക്കാനും ലക്ഷ്യമിടുന്ന സ്ഥാപനങ്ങള്‍ക്ക് മതിയായ സമയം നല്‍കും.
ബന്ധപ്പെട്ട സ്‌പെഷ്യലൈസേഷനുകളിലെ തൊഴിലന്വേഷകരുടെ എണ്ണവും പ്രൊക്യുര്‍മെന്റ്, എന്‍ജിനീയറിംഗ് മേഖലകളുടെ ഭാവി ആവശ്യകതകളും കണക്കിലെടുത്ത് തൊഴില്‍ വിപണി ആവശ്യകതകളെ കുറിച്ചുള്ള വിപുലമായ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് രണ്ട് തീരുമാനങ്ങളും കൈക്കൊണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുകയും സ്വദേശികള്‍ക്ക് ഗുണനിലവാരമുള്ള തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും നോണ്‍-പ്രോഫിറ്റ് മേഖല ഉള്‍പ്പെടെയുള്ള സുപ്രധാന മേഖലകളില്‍ അവരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ചൂണ്ടിക്കാട്ടി.



