ജിദ്ദ – സൗദിയില്‍ ടൂറിസം മേഖലയില്‍ 2028 ഓടെ സൗദിവല്‍ക്കരണം 50 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നയങ്ങള്‍ ടൂറിസം മന്ത്രാലയം അംഗീകരിച്ചു. ഇതു പ്രകാരം, 2026 ഏപ്രില്‍ 22 ന് നടപ്പാക്കി തുടങ്ങുന്ന ആദ്യ ഘട്ടത്തില്‍ 40 ശതമാനം സൗദിവല്‍ക്കരണം ബാധകമായിരിക്കും.
2027 ജനുവരി 3 ന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ 45 ശതമാനം സൗദിവല്‍ക്കരണമാണ് പാലിക്കേണ്ടത്. ടൂറിസം മേഖലയില്‍ 50 ശതമാനം സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കുന്ന മൂന്നാം ഘട്ടം 2028 ജനുവരി 2 ന് ആരംഭിക്കും.
രാജ്യത്തെ എല്ലാ പ്രവിശ്യകളിലും നഗരങ്ങളിലും ലൈസന്‍സുള്ള ടൂറിസം സ്ഥാപനങ്ങളില്‍ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാനും സ്വദേശിവല്‍ക്കരണം നടപ്പാക്കാനുമുള്ള നയങ്ങളും ചട്ടങ്ങളും ടൂറിസം മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ടൂറിസം മേഖലയിലെ ജോലികളില്‍ സ്വദേശികളെ ശാക്തീകരിക്കാനും ടൂറിസം മേഖലയില്‍ നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്.
സൗദിവല്‍ക്കരിക്കാന്‍ തീരുമാനിച്ച തൊഴിലുകള്‍ രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങളെയും തൊഴിലാളികളെയും ഏല്‍പിക്കുന്നതും ഔട്ട്സോഴ്സ് ചെയ്യുന്നതും പുതിയ നയങ്ങള്‍ നിരോധിക്കുന്നു. ടൂറിസം മന്ത്രാലയം ലൈസന്‍സ് ചെയ്തതോ, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സൗദികളെ നിയോഗിക്കാന്‍ ലൈസന്‍സ് ചെയ്തതോ ആയ സ്ഥാപനങ്ങളെയായിരിക്കണം ഔട്ട്സോഴ്സിംഗ് ചുമതല ഏല്‍പിക്കേണ്ടത്. എല്ലാ ടൂറിസം ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലും ജോലി സമയത്ത് സൗദി റിസപ്ഷനിസ്റ്റ് ഉണ്ടായിരിക്കണമെന്നതും നിര്‍ബന്ധമാണ്.