ദുബൈ– ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചിക (33) യുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനും മകൾ വൈഭവി (ഒന്നര )യുടെ മൃതദേഹം യുഎഇ യിൽ തന്നെ സംസ്കരിക്കാനും തീരുമാനമായി.ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
കോൺസുലേറ്റ് അധികൃതരുടെ നേതൃത്വത്തിൽ ഷൈലജ, കാനഡയിൽ നിന്നെത്തിയ വിപഞ്ചികയുടെ സഹോദരൻ വിനോദ് മണിയൻ എന്നിവരുമായും ഭർത്താവ് നിതീഷ് മോഹന്റെ ബന്ധുക്കളുമായും ഇന്ന് ചർച്ച നടന്നു. എന്നാൽ കുട്ടിയെ യുഎഇയിൽ സംസ്കരിക്കണമെന്ന കാര്യത്തിൽ നിതീഷ് വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായില്ല.
യുഎഇ നിയമപ്രകാരം കുട്ടിയുടെ പിതാവിനാണ് കുട്ടിയുടെ മൃതദേഹം വിട്ടുകൊടുക്കേണ്ടത്. അതിനാൽ കോടതി ഉത്തരവ് പിതാവ് നിതീഷിന് അനുകൂലമായി.
ഇതനുസരിച്ച്, വൈകാതെ ദുബായിലെ പൊതുശ്മശാനത്തിൽ ഹിന്ദു ആചാരപ്രകാരം ശവസംസ്കാരം നടക്കും.
വിപഞ്ചികയുടെയും ഒന്നര വയസ്സുള്ള മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനാണ് കൊല്ലത്ത് നിന്ന് അമ്മ ഷൈലജയും കാനഡയിൽ നിന്ന് സഹോദരൻ വിനോദും യുഎഇയിലെത്തിയത്.