ദമാം – വിവിധ രാജ്യങ്ങളിലെ സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന, അതുല്യമായ ടൂറിസ്റ്റ്, വിനോദ കേന്ദ്രമെന്നോണം സ്ഥാപിക്കുന്ന ദമാം ഗ്ലോബല്‍ സിറ്റി നിര്‍മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.
അശ്ശര്‍ഖിയ മേയര്‍ എന്‍ജിനീയര്‍ ഫഹദ് അല്‍ജുബൈര്‍ ഗ്ലോബല്‍ സിറ്റി പ്രദേശം സന്ദര്‍ശിച്ച് നിര്‍മാണ ജോലികളുടെ പുരോഗതി വിലയിരുത്തി. കിഴക്കന്‍ പ്രവിശ്യാ വികസന അതോറിറ്റി ആക്ടിംഗ് സി.ഇ.ഒ ഡോ. ത്വലാല്‍ ബിന്‍ നബീല്‍ അല്‍മഗ്‌ലൂത്ത്, നഗരസഭയിലെ നിക്ഷേപ, റവന്യൂ വികസനകാര്യ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഹംദാന്‍ ബിന്‍ ഔദ അല്‍അറാദി, നഗരസഭയിലെയും കിഴക്കന്‍ പ്രവിശ്യാ വികസന അതോറിറ്റിയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും മേയര്‍ക്കൊപ്പമുണ്ടായിരുന്നു.
ഗ്ലോബല്‍ സിറ്റിയില്‍ വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന 15 പവലിയനുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ആകെ ആറര ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പൂര്‍ത്തിയാക്കുന്ന ഗ്ലോബല്‍ സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടത്തിന് രണ്ടു ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ടാകും. വാസ്തുവിദ്യ, ഭക്ഷണങ്ങള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവയിലൂടെ ഓരോ രാജ്യത്തിന്റെയും തനതായ സവിശേഷതകള്‍ പ്രതിഫലിപ്പിക്കുന്ന പവലിയനുകളിലൂടെ, വിനോദം, സംസ്‌കാരം, വൈവിധ്യം എന്നിവ സമന്വയിപ്പിക്കുന്ന സവിശേഷ അനുഭവം സന്ദര്‍ശകര്‍ക്ക് പ്രദാനം ചെയ്യുന്ന, വ്യത്യസ്ത ജനങ്ങളുടെ സംസ്‌കാരങ്ങളെ ഒരൊറ്റ പരിതസ്ഥിതിയില്‍ ഒരുമിച്ച് കൊണ്ടുവരുന്ന ആഗോള സ്വഭാവം ഗ്ലോബല്‍ സിറ്റി പദ്ധതിയുടെ സവിശേഷതയാണ്.
ടൂറിസം പരിപാടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള കേന്ദ്ര തടാകം, ഫ്‌ളോട്ടിംഗ് മാര്‍ക്കറ്റ്, 8,000 സന്ദര്‍ശകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഓപ്പണ്‍ തിയേറ്റര്‍, ആധുനിക അമ്യൂസ്മെന്റ് പാര്‍ക്ക്, റെസ്റ്റോറന്റുകള്‍, വിവിധ സൗകര്യങ്ങള്‍, കാല്‍നട പാതകള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഇത് കിഴക്കന്‍ പ്രവിശ്യയിലെ പ്രധാന ടൂറിസം, വിനോദ കേന്ദ്രമാക്കി ഗ്ലോബല്‍ സിറ്റി പദ്ധതിയെ മാറ്റും.
കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്റെയും ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ ബന്ദര്‍ രാജകുമാരന്റെയും പിന്തുണയുടെയും മുനിസിപ്പല്‍, ഭവനകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈലിന്റെ ഫോളോ-അപ്പിന്റെയും ഫലമായി കിഴക്കന്‍ പ്രവിശ്യ സാക്ഷ്യം വഹിക്കുന്ന ഗണ്യമായ നിക്ഷേപ പ്രവര്‍ത്തനങ്ങളെ ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നതായി മേയര്‍ പറഞ്ഞു. അശ്ശര്‍ഖിയ നഗരസഭ തങ്ങളുടെ നിക്ഷേപ ആസ്തികളുടെ 95 ശതമാനത്തിലധികവും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മൂവായിരം കോടിയിലേറെ റിയാലിന്റെ പദ്ധതികളില്‍ ഇവ നിക്ഷേപിച്ചിരിക്കുന്നു. ഇത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. നിക്ഷേപകരുടെ നടപടിക്രമങ്ങള്‍ സുഗമമാക്കാനും സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനും അശ്ശര്‍ഖിയ നഗരസഭ പ്രതിജ്ഞാബദ്ധമാണ്. ഫുറുസ് ഡിജിറ്റല്‍ പോര്‍ട്ടലിലൂടെ ലഭ്യമായ നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ നിക്ഷേപകരോടും സംരംഭകരോടും എന്‍ജിനീയര്‍ ഫഹദ് അല്‍ജുബൈര്‍ ആഹ്വാനം ചെയ്തു.


വികസന പദ്ധതികള്‍ക്കുള്ള സൗദി ഭരണാധികാരികളുടെ പിന്തുണയെ ഡോ. ത്വലാല്‍ അല്‍മഗ്‌ലൂത്ത് അഭിനന്ദിച്ചു. പ്രവിശ്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഗുണപരമായ കൂട്ടിച്ചേര്‍ക്കലായ ഗ്ലോബല്‍ സിറ്റി പദ്ധതി സംസ്‌കാരം, വിനോദം, സമുദ്ര പ്രവര്‍ത്തനങ്ങള്‍ എന്നിവ സംയോജിപ്പിക്കുന്ന അസാധാരണമായ അനുഭവം വാഗ്ദാനം ചെയ്യുമെന്നും ഡോ. ത്വലാല്‍ അല്‍മഗ്‌ലൂത്ത് പറഞ്ഞു.