മനാമ– ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ യാത്രക്കാരനെ തടഞ്ഞുവെച്ച് പണം കവർന്ന രണ്ട് ബഹ്റൈനി കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. അബുദാബിയിലേക്ക് പോകാനെത്തിയ യാത്രക്കാരനെ പ്രതികൾ തടഞ്ഞ ശേഷം വിമാനത്താവളത്തിലെ ശുചിമുറിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
ശുചിമുറിയിലെ ശുചീകരണ തൊഴിലാളിയെ പുറത്താക്കിയ ശേഷം ഇവർ യാത്രക്കാരനെ ഒരു കാബിനുള്ളിലാക്കി പൂട്ടി. തുടർന്ന് ഭീഷണിപ്പെടുത്തുകയും അതിക്രമം കാട്ടി പണം പരിശോധിക്കുകയുമായിരുന്നു. കൈവശം 40,100 സൗദി റിയാൽ ഉണ്ടെന്ന് ഇവരെ അറിയിച്ചെങ്കിലും പിന്മാറിയില്ലെയെന്നും യാത്രകാരൻ വ്യക്തമാക്കി. പിന്നെ ഇയാളെ വിമാനത്തിൽ കയറ്റി വിട്ടു.സംശയത്തെ തുടർന്ന് പണം എണ്ണിനോക്കിയപ്പോഴാണ് 3,500 റിയാൽ നഷ്ടപ്പെട്ടതായി യാത്രക്കാരൻ മനസ്സിലായത്.
രണ്ട് ദിവസത്തിന് ശേഷം ബഹ്റൈനിൽ തിരിച്ചെത്തിയ യാത്രക്കാരൻ അധികൃതർക്ക് പരാതി നൽകി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, 2,000 റിയാൽ മോഷ്ടിച്ചതായും അത് ഇരുവരും വീതിച്ചെടുത്തതായും സമ്മതിച്ചു. മുമ്പും ഇത്തരത്തിൽ യാത്രക്കാരെ കൊള്ളയടിച്ചിട്ടുണ്ടെന്നും ഇവർ വെളിപ്പെടുത്തി.
നിലവിൽ പ്രതികൾ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുകയാണ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുള്ള മോഷണം, നിയമവിരുദ്ധമായി ഒരാളുടെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുക, കസ്റ്റംസ് നിയമങ്ങൾ ലംഘിച്ചുള്ള പരിശോധന തുടങ്ങിയ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തി. ശുചീകരണ തൊഴിലാളിയുടെ സാക്ഷിമൊഴിയും പ്രതികൾക്കെതിരായ പ്രധാന തെളിവായി കോടതി സ്വീകരിച്ചു. പ്രതിഭാഗത്തിന്റെ വാദം കേൾക്കുന്നതിനായി കോടതി കേസ് ഡിസംബർ 28-ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്.



