റിയാദ്– കാര്‍ഗോ മേഖലയില്‍ വ്യാജ ഏജന്റുമാര്‍ വഴി തട്ടിപ്പുകള്‍ വ്യാപകമായിട്ടുണ്ടെന്നും ഉപഭോക്താക്കള്‍ സൂക്ഷിക്കണമെന്നും ഐഡിഎ അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്ഥാപനം ഇല്ലാത്ത വ്യക്തികള്‍ മിനി പിക്കപ്പ് വാന്‍, നെയിം കാര്‍ഡ്, സ്റ്റിക്കര്‍, ബില്‍ എന്നിവ ഉപയോഗിച്ച് വളരെ കുറഞ്ഞ വിലക്ക് സാധനങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇവര്‍ ശേഖരിക്കുന്ന സാധനങ്ങള്‍ പലപ്പോഴും നാട്ടിലേക്ക് അയക്കാതെ റിയാദിലെയും നാട്ടിലെയും വിവിധ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന വസ്തുക്കള്‍ കുറഞ്ഞ വിലക്ക് ജിദ്ദയില്‍ വില്‍ക്കുന്ന പ്രവണതയും കണ്ടുവരുന്നു. കുറഞ്ഞ നിരക്ക് പറഞ്ഞ് സാധനം എടുക്കുന്ന ഇത്തരം അനധികൃത ഏജന്റുമാര്‍ മുങ്ങുന്ന സാഹചര്യവുമുണ്ട്.
ഐഡിഎ അസോസിയേഷന്‍ 2021 മെയ് 2നാണ് രൂപീകരിച്ചത്. ഉപഭോക്താക്കളുടെ വിശ്വാസവും സുരക്ഷയും ഉറപ്പാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ രാമചന്ദ്രന്‍, രഞ്ജിത് മോഹന്‍, കെ.ടി റഫീഖ്, ടി.കെ ഹാഫിസ്, സയ്യിദ് സേട്ട്, മുഹമ്മദ് തന്‍വീര്‍, നൂറുദ്ദീന്‍, മുഹമ്മദ് ബശീര്‍ എന്നിവര്‍ സംബന്ധിച്ചു.



