ജിദ്ദ – മക്ക പ്രവിശ്യയിലെ ജയിലില്‍ വെച്ച് ക്ഷയരോഗം ബാധിച്ചതിന് മുന്‍ തടവുകാരന് 12 ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ മക്ക പ്രവിശ്യ അഡ്മിനിസ്‌ട്രേറ്റീവ് അപ്പീല്‍ കോടതി ഉത്തരവിട്ടതായി അഭിഭാഷകന്‍ അബ്ദുല്‍ വഹാബ് അല്‍ഫഖീഹ് വെളിപ്പെടുത്തി. ക്ഷയരോഗം ബാധിച്ചതിന്റെ ഫലമായി വാദിക്ക് ഉണ്ടായ ആരോഗ്യപരമായ നാശനഷ്ടങ്ങള്‍ക്കും അവശതകള്‍ക്കും മാനസികവും സാമൂഹികവുമായ കഷ്ടനഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ ജയില്‍ ഭരണകൂടം ബാധ്യസ്ഥമാണെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി. ശിക്ഷാ കാലയളവില്‍ ജയിലില്‍ വെച്ച് വാദിക്ക് രോഗം പിടിപെട്ടതായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് തളര്‍വാതം, ചലനശേഷി നഷ്ടപ്പെടല്‍ എന്നിവയിലേക്ക് നയിച്ചുവെന്നും കോടതി സൂചിപ്പിച്ചു.
ആ കാലയളവില്‍ ജയിലിനുള്ളില്‍ നിരവധി ക്ഷയരോഗ കേസുകള്‍ കണ്ടെത്തിയതായി വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. രോഗവ്യാപനം തടയുന്നതിലും കേസുകള്‍ ഉടനടി പരിഹരിക്കുന്നതിലും ജയില്‍ വകുപ്പ് കാണിച്ച അശ്രദ്ധയുടെ സൂചനയായി കോടതി ഇതിനെ കണക്കാക്കി. വാദി അനുഭവിച്ച കഷ്ടനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള അവകാശം കോടതി സ്ഥിരീകരിച്ചു. കോടതി അനുവദിച്ച നഷ്ടപരിഹാരം അവകാശപ്പെട്ട എല്ലാ നാശനഷ്ടങ്ങളും നികത്താന്‍ പര്യാപ്തമാണെന്ന് കണക്കാക്കി, വാദിയുടെ മറ്റ് എല്ലാ ക്ലെയിമുകളും കോടതി നിരസിച്ചു.



