റിയാദ്: സൗദി സാംസ്‌കാരിക, കലാ മേഖലയെ പിന്തുണക്കാനും ശാക്തീകരിക്കാനുമായി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ സാംസ്‌കാരിക മന്ത്രാലയം ടിക് ടോക്കുമായി സഹകരണ കരാർ ഒപ്പുവെച്ചു. റിയാദിലെ സാംസ്‌കാരിക മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേശീയ പങ്കാളിത്തത്തിനും ശേഷി വികസനത്തിനുമുള്ള സാംസ്‌കാരിക മന്ത്രാലയ അണ്ടർ സെക്രട്ടറി നഹ്ല ബിൻത് സഈദ് ഖത്താനും സൗദി അറേബ്യയിൽ ടിക് ടോക്ക് ഗവൺമെന്റ് റിലേഷൻസ് ആൻഡ് പബ്ലിക് പോളിസി സി.ഇ.ഒ ഡോ. ഹാതിം സമ്മാനുമാണ് കരാറിൽ ഒപ്പുവെച്ചത്.
സാംസ്‌കാരിക മന്ത്രാലയത്തിലെയും ടിക് ടോക്കിലെയും മുതിർന്ന ജീവനക്കാർ ചടങ്ങിൽ സംബന്ധിച്ചു. സാംസ്‌കാരികവും സാമൂഹികവുമായ മൂല്യങ്ങൾ രൂഢമൂലമാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക സേവനത്തിനായി സംയുക്ത സംരംഭങ്ങൾ ആരംഭിക്കൽ കരാറിൽ ഉൾപ്പെടുന്നു. സൗദി വിഷൻ 2030നു കീഴിൽ ദേശീയ സാംസ്‌കാരിക തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇത് സഹായിക്കും. സൗദി പ്രതിഭകളുടെ സാംസ്‌കാരികവും കലാപരവുമായ ശേഷികൾ വികസിപ്പിക്കാനായി ശിൽപശാലകളും പരിശീലന കോഴ്‌സുകളും സംഘടിപ്പിക്കലും സൗദി അറേബ്യ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളെ പിന്തുണക്കലും കരാറിൽ ഉൾപ്പെടുന്നു.