ന്യൂയോര്‍ക്ക് സിറ്റി: ഫലസ്തീന് രാഷ്ട്ര പദവി നിഷേധിക്കുന്നത് തുടരുന്നത്
ആഗോള സുരക്ഷക്ക് ഭീഷണിയാണെന്ന് യു.എന്‍ രക്ഷാ സമിതിയില്‍ അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്‌മദ് അബുല്‍ഗെയ്ത്ത് പറഞ്ഞു. ഈ മാസം യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ റൊട്ടേഷന്‍ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന അള്‍ജീരിയന്‍ വിദേശ മന്ത്രി അഹ്‌മദ് അത്താഫിന്റെ അധ്യക്ഷതയില്‍ ന്യൂയോര്‍ക്കില്‍ യു.എന്‍ ആസ്ഥാനത്ത് നടന്ന രക്ഷാ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അഹ്‌മദ് അബുല്‍ഗെയ്ത്ത്. അറബ് ലോകത്ത് സംഘര്‍ഷ പരിഹാരം, സമാധാനം കെട്ടിപ്പടുക്കല്‍, മാനുഷിക സഹായം എന്നിവക്കുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ അടിയന്തര ആവശ്യകതക്ക് അടിവരയിടാനാണ് അള്‍ജീരിയ യോഗം വിളിച്ചത്.
അറബ് മേഖല നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ആഗോളതലത്തില്‍ ശക്തി വൈരാഗ്യം വര്‍ധിക്കുന്നത് അറബ് ആശങ്കകളെ ഫലപ്രദമായി അഭിസംബോധന ചെയ്യാനുള്ള യു.എന്‍ രക്ഷാ സമിതിയുടെ കഴിവിനെ സങ്കീര്‍ണമാക്കുകയാണ്. ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധത്തിനും സിറിയ, ലിബിയ, സുഡാന്‍, സൊമാലിയ, യെമന്‍ എന്നിവിടങ്ങളില്‍ നിലനില്‍ക്കുന്ന അസ്ഥിരതക്കും പ്രത്യേക ഊന്നല്‍ നല്‍കി, നിരവധി പ്രധാന അറബ് പ്രതിസന്ധികള്‍ നിലവില്‍ അന്താരാഷ്ട്ര നയതന്ത്ര ആശങ്കകളില്‍ മുന്‍പന്തിയിലാണ്. ചില പ്രതിസന്ധികള്‍ വര്‍ഷങ്ങളായി രക്ഷാ സമിതിയുടെ അജണ്ടയിലുണ്ട്. നമ്മുടെ ആശങ്കകള്‍ ഒന്നുതന്നെയാണ് -ഐക്യരാഷ്ട്രസഭയും അറബ് ലീഗും തമ്മിലുള്ള ചരിത്രപരമായ സഹകരണം കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യത്തിന് അടിവരയിട്ട് അഹ്‌മദ് അബുല്‍ഗെയ്ത്ത് പറഞ്ഞു.
നിലവിലെ തന്ത്രപരമായ ആഗോള മത്സരം ഭൗമരാഷ്ട്രീയ ഭൂപ്രകൃതിയെ രൂപപ്പെടുത്തുന്നു. ഈ ആഗോള പിരിമുറുക്കങ്ങള്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഇസ്രായില്‍-ഫലസ്തീന്‍ സംഘര്‍ഷം അടക്കമുള്ള അറബ് വിഷയങ്ങളില്‍ രക്ഷാ സമിതിയുടെ ഇടപെടലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തിനായുള്ള പോരാട്ടം ഒരു പ്രാദേശിക പ്രശ്നം മാത്രമല്ല, അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കുമുള്ള വലിയ ഭീഷണി കൂടിയാണെന്ന് ഫലസ്തീന്‍ പ്രശ്നത്തില്‍ അറബ് ലീഗിന്റെ ശക്തമായ നിലപാട് ആവര്‍ത്തിച്ച് സെക്രട്ടറി ജനറല്‍ പറഞ്ഞു.
ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന ഗാസ യുദ്ധത്തിനു ശേഷം ഇസ്രായിലും ഹമാസും തമ്മില്‍ വെടിനിര്‍ത്തലിന് നടത്തിയ ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണ്. ഗാസയില്‍ ഇസ്രായില്‍ നടത്തിയത് വംശഹത്യയാണ്. വെടിനിര്‍ത്തല്‍ കരാര്‍ ഒരു താല്‍ക്കാലിക നടപടി മാത്രമാണ്. 1967 ന് മുമ്പുള്ള അതിര്‍ത്തികളെ അടിസ്ഥാനമാക്കി, കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മാത്രമേ സ്ഥിരമായ ഒരു പരിഹാരം കൈവരിക്കാന്‍ കഴിയുകയുള്ളൂ. ഫലസ്തീനികളുടെ അവകാശങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കുന്നത് മേഖലയുടെയും ലോകത്തിന്റെയും സ്ഥിരതക്ക് ഭീഷണിയാണ്. നിരവധി രക്ഷാ സമിതി പ്രമേയങ്ങള്‍ക്ക് അനുസൃതമായി, ദ്വിരാഷ്ട്ര പരിഹാരത്തെ അന്താരാഷ്ട്ര സമൂഹം പിന്തുണക്കേണ്ടത് അടിയന്തിര ആവശ്യമാണ്.
സമീപ മാസങ്ങളില്‍ ഗാസയുടെയോ ഫലസ്തീനിന്റെയോ അതിര്‍ത്തികളില്‍ അവസാനിക്കാതെ പടര്‍ന്ന ഒരു യുദ്ധത്തിന് നാം സാക്ഷ്യം വഹിച്ചു. അതിന്റെ ജ്വാലകള്‍ മേഖലയിലെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കല്‍ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ സെപ്റ്റംബറില്‍ സൗദി അറേബ്യ, യൂറോപ്യന്‍ യൂനിയന്‍, നോര്‍വേ എന്നിവ നേതൃത്വം നല്‍കി രൂപീകരിച്ച ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനുള്ള ആഗോള സഖ്യത്തില്‍ രക്ഷാ സമിതി കൂടുതല്‍ പങ്കു വഹിക്കണം.
ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് സുപ്രധാനമായ മാനുഷിക സഹായം നല്‍കുന്ന യു.എന്‍ റിലീഫ് ആന്റ് വര്‍ക്സ് ഏജന്‍സിയുടെ ഭാവി അറബ് ലീഗ് പ്രധാന പ്രശ്നമായി കാണുന്നു. യു.എന്‍ റിലീഫ് ഏജന്‍സിയെ വിലക്കാനുള്ള ഇസ്രായില്‍ തീരുമാനം അടുത്തയാഴ്ച പ്രാബല്യത്തില്‍ വരും. യു.എന്‍ ഏജന്‍സിയെ ദുര്‍ബലപ്പെടുത്താനുള്ള ഇസ്രായിലിന്റെ പദ്ധതികള്‍ ആശങ്കാജനകമാണ്. മേഖലയുടെ സ്ഥിരതക്ക് യു.എന്‍ റിലീഫ് ഏജന്‍സി പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമാണ്.
ഏജന്‍സിയുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. അത് തകര്‍ക്കാനുള്ള ഏതൊരു ശ്രമവും പ്രാദേശിക സമാധാനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. മാനുഷിക പങ്ക് മാത്രമല്ല യു.എന്‍ റിലീഫ് ഏജന്‍സി നിറവേറ്റുന്നത്, മറിച്ച്, അറബ് മേഖലയിലെ സ്ഥിരതയുടെ പ്രധാന ഘടകമാണ് ഏജന്‍സി. അതിന്റെ പങ്ക് ഇല്ലാതാക്കുന്നത് ഈ സ്ഥിരതക്ക് നേരിട്ടുള്ള ഭീഷണിയാണ്. മാറ്റാനാകാത്തതും നിര്‍ണായകവുമായ പങ്ക് വഹിക്കുന്ന യു.എന്‍ റിലീഫ് ഏജന്‍സിയെ പ്രതിരോധിക്കുന്നതില്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ നിന്ന് നിര്‍ണായക പങ്ക് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അറബ് ലീഗ് സെക്രട്ടറി ജനറല്‍ പറഞ്ഞു.