മസ്‌കത്ത്– 1,400-ലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന സുൽത്താൻ ഹൈതം സിറ്റിയിലെ ആദ്യത്തെ സ്കൂളിന്റെ നിർമ്മാണം ആരംഭിച്ചു. നഗരത്തിലെ വിദ്യാഭ്യാസ രംഗത്ത് നാഴികക്കല്ലായി മാറാൻ പോകുന്ന സ്കൂളിൽ 90 ക്ലാസ് മുറികളാണ് ഉണ്ടാകുക. ഇതുകൂടാതെ, എട്ട് സയൻസ് ലബോറട്ടറികൾ, ആറ് ആർട്ട് ആൻഡ് ടെക്നോളജി ക്ലാസ് മുറികൾ, സംയോജിത കായിക സൗകര്യങ്ങൾ എന്നിവയും ഉണ്ടായിരിക്കും. അക്കാദമിക് ആവശ്യങ്ങൾ, കായികം, കലാ പ്രവർത്തനങ്ങൾ എന്നിവ ഉയർത്തികൊണ്ടുവരാൻ സ്കൂൾ ആരംഭിക്കുന്നതിലൂടെ സാധിക്കും. പരമ്പരാഗത സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി നൂതനമായ ഒരു വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ട്ടിക്കുക എന്നതാണ് ഇതിനുപിന്നിലെ ലക്ഷ്യം.
സുൽത്താൻ ഹൈതം സിറ്റിയിൽ ആധുനിക സമുച്ചയങ്ങളിലായി ഒരു സംയോജിത വിദ്യാഭ്യാസ സംവിധാനവും ഉയർന്നുവരുന്നുണ്ട്. 3 ആധുനിക സമുച്ചയങ്ങളിലായി 2,300-ലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളിക്കാൻ സാധിക്കുന്നതാണ് ഈ സംവിധാനം. റെസിഡൻഷൽ ഏരിയയിൽ നിന്ന് 10 മിനിറ്റ് ദൂരത്തിലാണ് ഈ വിദ്യാലയങ്ങൾ.