ദമ്മാം– സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മിറ്റി ചർച്ചാ സംഗമം സംഘടിപ്പിച്ചു. പൗരത്വം തന്നെ സ്വാതന്ത്ര്യം എന്ന വെൽഫെയർ പാർട്ടിയുടെ സ്വാതന്ത്ര്യ ദിന മുദ്രാവാക്യം മുൻനിർത്തിയാണ് ചർച്ച തുടങ്ങിയത്.
ജനാധിപത്യത്തെ തന്നെ അട്ടിമറിക്കുന്ന വോട്ടു അട്ടിമറി വെളിപ്പെട്ട നിലവിലെ സാഹചര്യത്തിലാണ് 79-ാം സ്വാതന്ത്ര്യ ദിനഘോഷം കടന്ന് വരുന്നത്. ഫാസിസം ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവനായും ഇല്ലാതാക്കുന്നതിന്റെ ഒരു തെളിവു കൂടിയാണ് ഇത്. പതിറ്റാണ്ടിലധികമായി തുടരുന്ന വംശീയ അക്രമങ്ങൾ, വെറുപ്പിന്റെ പ്രചാരണം, ന്യൂനപക്ഷ ദളിത് വിഭാഗങ്ങളുടെ അരികുവൽക്കരണം, ഫെഡറലിസത്തെ ദുർബലപ്പെടുത്തൽ തുടങ്ങി സമ്പൂർണ്ണ ഫാസിസത്തിലേക്കും സമഗ്രാധിപത്യത്തിലേക്കും പോയിക്കൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ പാതയിൽ എതിർപ്പിന്റെ പുതിയ ഉണർവ്വുകളും പോരാട്ടങ്ങളും രൂപം കൊള്ളുന്നത് നവ ഇന്ത്യയെ കുറിച്ചുള്ള ഒരു പുതിയ പ്രതീക്ഷയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
പൗരത്വം തന്നെ സ്വാതന്ത്ര്യം എന്ന വെൽഫെയർ പാർട്ടിയുടെ സ്വാതന്ത്ര്യ ദിന മുദ്രാവാക്യം സംഘപരിവാറിന്റെ വംശീയ ജനാധിപത്യത്തിന് എതിരായ സമത്വത്തിന്റെയും സാമൂഹിക നീതിയുടെയും രാഷ്ട്രീയമാണ് ഉയർത്തുന്നത്. സംഘപരിവാർ ഭരണകൂടത്തിനെതിരെ പുതിയ പ്രതിരോധങ്ങൾ രൂപപ്പെടുമ്പോഴും മുസ്ലിം വിരുദ്ധതക്ക് എതിരെ അസമും യുപിയും അടക്കമുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന അടിസ്ഥാന നീതി നിരാകരിക്കുന്ന ബുൾഡോസർ രാജിനെതിരെയും ബംഗാളി ഭാഷ സംസാരിക്കുന്നവർക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾക്കുമെതിരെയും ജനകീയ പ്രതിരോധത്തിന്റെ രാഷ്ട്രീയം പൂർണാർഥത്തിൽ ശക്തിപ്പെടുന്നില്ല.
ചങ്ങാത്ത മുതലാളിത്തവും ഹിന്ദുത്വവും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ട് ജിയോപോളിറ്റിക്കൽ മാറ്റങ്ങളോടൊപ്പം തകർച്ചയിലേക്ക് പോവുകയാണെന്ന സൂചനകൾ കാണുന്നുണ്ട്.
ജുഡീഷ്യറിയെ അടക്കം വരുതിയിലാക്കിയ ഫാസിസത്തിന്റെ മുഴുമേഖലയിലെയും നീരാളിപിടുത്തത്തിനു നിലവിലെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാഹചര്യത്തിൽ ഉയർന്നു വരുന്ന രാഷ്ട്രീയ മുന്നേറ്റം അന്ത്യം കുറിയ്ക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
ദമ്മാം റീജിയണൽ കമ്മിറ്റി അംഗങ്ങളും, ജില്ലാതല എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്ത ചർച്ചാ സംഗമത്തിൽ റീജിയണൽ ജനറൽ സെക്രട്ടറി ബിജു പൂതക്കുളം അധ്യക്ഷത വഹിച്ചു.
പ്രവാസി സൗദി നാഷണൽ ഘടകം ജനറൽ സെക്രട്ടറി ഷബീർ ചാത്തമംഗലവും, ട്രഷറർ സമിയുള്ളയും, പ്രൊവിൻസ് പ്രസിഡൻ്റ് റഹിം തീരുർക്കാടും, ചടങ്ങിൽ സംബന്ധിച്ചു. ജമാൽ കൊടിയത്തൂർ സ്വാഗതവും ജമാൽ പയ്യന്നൂർ നന്ദിയും പറഞ്ഞു.