റിയാദ്– വാല്‍മീകി രാമായണത്തിന്റെ പുനര്‍വായനയിലൂടെ അടുത്ത കാലത്ത് സജീവ ചര്‍ച്ചക്ക് വിധേയമായ ഡോ.ടി എസ് ശ്യാം കുമാര്‍ എഴുതിയ ‘ആരുടെ രാമന്‍’ എന്ന കൃതിയുടെ വായന പങ്കുവച്ച് ‘ചില്ലയുടെ’ നവംബര്‍ വായനക്ക് ശശി കാട്ടൂര്‍ തുടക്കം കുറിച്ചു. വാല്‍മീകി രാമായണം, മഹാഭാരതം, അദ്വൈതവേദാന്തം, അര്‍ത്ഥശാസ്ത്രം, താന്ത്രികവിദ്യ, ധര്‍മശാസ്ത്രങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളെയും വേദാന്ത പാഠപാരമ്പര്യങ്ങളെ വിമര്‍ശനാത്മമായി പരിശോധിക്കുന്ന കൃതിയുടെ വായന അദ്ദേഹം നിര്‍വഹിച്ചു. ബ്രാഹ്മണ്യവും വര്‍ണ്ണവ്യവസ്ഥയും മുറുകെ പിടിച്ച് നിലവിലെ ഇന്ത്യന്‍ ഭരണകൂടം നടപ്പിലാക്കുന്ന ഹിംസാത്മകതയില്‍ ആശങ്ക പങ്കുവച്ച് ശശി കാട്ടൂര്‍ സംസാരിച്ചു.
2025 ലെ വയലാര്‍ അവാര്‍ഡ് നേടിയ ഇ.സന്തോഷ് കുമാര്‍ രചിച്ച തപോമയിയുടെ അച്ഛന്‍ എന്ന നോവലിന്റെ വായനാസ്വാദനം ജോമോന്‍ സ്റ്റീഫന്‍ പങ്കുവച്ചു. അഭയാര്‍ഥി ജീവിതങ്ങളെ പശ്ചാത്തലമാക്കി മനുഷ്യ ബന്ധങ്ങളുടെ സങ്കീര്‍ണവും സവിശേഷവുമായ ജീവിതാവസ്ഥയുടെ കഥ പറയുന്ന നോവലില്‍ അഭയാര്‍ത്ഥികളാകാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ ഹൃദയവ്യഥയും നോവും നൊമ്പരവും ബന്ധനങ്ങളും അതിജീവനസാധ്യതയും ആവിഷ്‌കരിക്കുന്നു.
നിഗൂഢലിപികളിലൂടെ സ്വജീവിതം ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന അത്രയെളുപ്പം മനസിലാക്കാന്‍ കഴിയാത്ത നോവലിലെ മുഖ്യകഥാപാത്രവും അദ്ദേഹത്തിന് ചുറ്റുമുള്ള മനുഷ്യരുടെ ബന്ധങ്ങളുടെയും കഥ ചുരുക്കി അവതരിപ്പിച്ച് ഇതിനകം മലയാള സാഹിത്യത്തില്‍ ശ്രദ്ധനേടിയ നോവല്‍ വായിക്കാനുള്ള താല്പര്യം ശ്രോതാക്കള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ജോമോന്‍ സ്റ്റീഫന് കഴിഞ്ഞു.
വര്‍ത്തമാനകാല ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ ധീരതയോടെ അടയാളപ്പെടുത്തുന്ന വി.ഷിനിലാല്‍ എഴുതിയ ‘സമ്പര്‍ക്കക്രാന്തി’ നോവലിന്റെ വായനാനുഭവം നജീം കൊച്ചുകലുങ്ക് പങ്കുവെച്ചു. ചലിക്കുന്ന തീവണ്ടിയില്‍ വിവിധ കാലങ്ങളിലൂടെ മരിച്ചവരും കൊല്ലപ്പെട്ടവരും ജീവിച്ചിരിക്കുന്നവരുമായ വിവിധ കഥാപാത്രങ്ങള്‍ക്കൊപ്പം രാജ്യത്തിന്റെ നിശ്ശബ്ദതയെ കീറിമുറിച്ച് സമകാലിക ഇന്ത്യയുടെ ചരിത്രത്തിലൂടെ കടന്നുപോകുന്ന സമ്പര്‍ക്കക്രാന്തിയുടെ വായനയും വര്‍ത്തമാനകാല ഇന്ത്യയിലെ യാഥാര്‍ഥ്യങ്ങളെ വരച്ചു കാട്ടാന്‍ ഷിനിലാല്‍ കാണിച്ച ധീരതയും നജീം എടുത്തുകാട്ടി.
ബംഗാളിലെ രാഷ്ടീയ മാറ്റവും അതിന് കാരണവുമായി ഭവിച്ച സിംഗൂര്‍ നന്ദിഗ്രാം സമരങ്ങളുടെ പശ്ചാത്തലത്തില്‍ മിഥുന്‍ കൃഷ്ണ രചിച്ച ‘അപര സമുദ്ര’ എന്ന നോവലിന്റെ വായനുഭവം സതീഷ് കുമാര്‍ വളവില്‍ നിര്‍വഹിച്ചു. ഗുണ്ടാരാജ്, യുക്തിരഹിതമായ വാദങ്ങള്‍, നുണകള്‍, അര്‍ദ്ധസത്യങ്ങള്‍ എന്നിവയാല്‍ വഞ്ചിക്കപ്പെട്ട ബംഗാള്‍ ജനതയുടെ ഇന്നത്തെ അവസ്ഥയും കേരളമടക്കം മറ്റു സംസ്ഥാനങ്ങളില്‍ മുഴങ്ങുന്ന ‘ബംഗാളികള്‍’ എന്ന അപരവിദ്വേഷ പരിഹാസ വിളികളും ബംഗാളിന്റെ സമകാലിക രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളും നോവലിന്റെ പശ്ചാത്തലത്തില്‍ സതീഷ് വിശദീകരിച്ചു.
വായനക്ക് ശേഷം നടന്ന ചര്‍ച്ചക്ക് വിപിന്‍ കുമാര്‍ തുടക്കം കുറിച്ചു. സബീന എം. സാലി, ഷബി അബ്ദുല്‍ സലാം, ഫൈസല്‍ കൊണ്ടോട്ടി, മുഹമ്മദ് ഇക്ബാല്‍ വടകര തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സുരേഷ് ലാല്‍ മോഡറേറ്റര്‍ ആയിരുന്ന പരിപാടിയില്‍ നാസര്‍ കാരക്കുന്ന് ചര്‍ച്ചകള്‍ ഉപസംഹരിച്ചു സംസാരിച്ചു



