ജിദ്ദ– സൗദിയില്‍ ജോലിക്കിടയിലെ ഉച്ച വിശ്രമം പ്രാബല്യത്തിലുണ്ടായിരുന്ന കാലത്ത് വിവിധ പ്രവിശ്യകളില്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട 1,910 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തിയ പരിശോധനകളിലാണ് ഉച്ച വിശ്രമ നിയമം ലംഘനങ്ങൾ കണ്ടെത്തിയത്.
മധ്യാഹ്ന വിശ്രമ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ 17,000 ലേറെ ഫീല്‍ഡ് പരിശോധനകളാണ് മന്ത്രാലയം ഇത്തവണ നടത്തിയത്. ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 26 വരെയുള്ള കാലത്ത് മധ്യാഹ്ന വിശ്രമ നിയമം പാലിക്കാത്തതിനെ കുറിച്ച് മന്ത്രാലയത്തിന് 300 ലേറെ പരാതികള്‍ ലഭിച്ചു. ഇതില്‍ മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു. സുരക്ഷാ, തൊഴില്‍ ആരോഗ്യ മാനദണ്ഡങ്ങളെ കുറിച്ച് സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും അവബോധം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷനല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്തുമായി സഹകരിച്ച് മന്ത്രാലയം ശക്തമായ ബോധവല്‍ക്കരണവും നടത്തി.
സൗദിയില്‍ ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് ഉച്ച വിശ്രമ നിയമം നടപ്പാക്കുന്നത്. ഇക്കാലയളവില്‍ ഉച്ചക്ക് പന്ത്രണ്ടു മുതല്‍ വൈകീട്ട് മൂന്നു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ വെയിലേല്‍ക്കുന്ന നിലയില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന് വിലക്കുണ്ട്. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കാനും അവരുടെ ഉല്‍പാദനക്ഷമത ഉയര്‍ത്താനുമാണ് മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
സ്വകാര്യ മേഖലാ തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ സംരക്ഷിക്കാന്‍ ശ്രമിച്ചും ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും ആരോഗ്യപരമായ അപകടങ്ങളില്‍ നിന്ന് തൊഴിലാളികളെ അകറ്റിനിര്‍ത്താനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നത്. മധ്യാഹ്ന വിശ്രമ നിയമത്തിന് അനുസൃതമായി തൊഴിലാളികളുടെ ജോലി സയമം സ്വകാര്യ സ്ഥാപനങ്ങള്‍ ക്രമീകരിക്കുകയാണ് വേണ്ടത്.
അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികള്‍ക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാര്‍ക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമല്ല. ഈ വിഭാഗം തൊഴിലാളികള്‍ക്ക് വെയിലില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ തൊഴിലുടമകള്‍ ഏര്‍പ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിയമാനുസൃത പിഴയും ചുമത്തുന്നുണ്ട്.