ജിദ്ദ: ആരോഗ്യ നിയമ ലംഘനങ്ങൾ കാരണം താൽക്കാലികമായി അടച്ചുപൂട്ടിയ ഈജിപ്തിലെയും സൗദി അറേബ്യയിലെയും ശാഖകൾ വീണ്ടും തുറക്കുന്നതായി പ്രശസ്ത ഈജിപ്ഷ്യൻ മധുരപലഹാര ശൃംഖലയായ ‘ബിലബൻ’ അറിയിച്ചു.
ഈജിപ്തിലെ ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെയും സൗദി അറേബ്യയിലെ നഗരസഭ, പാർപ്പിടകാര്യ മന്ത്രാലയത്തിന്റെയും പരിശോധനകളെ തുടർന്ന് ഈജിപ്തിലെ 110 ശാഖകളെയും സൗദി അറേബ്യയിലെ ഏതാനും ശാഖകളെയും അടച്ചുപൂട്ടൽ നടപടികൾ ബാധിച്ചിരുന്നു.
ഈജിപ്തിൽ, ഭക്ഷ്യ ഉൽപന്നങ്ങളിൽ രോഗകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം, നിരോധിത അഡിറ്റീവുകളുടെ ഉപയോഗം, അനുചിതമായ സംഭരണ രീതികൾ എന്നിവയുൾപ്പെടെ ഗുരുതരമായ ആരോഗ്യ നിയമ ലംഘനങ്ങൾ ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി റിപ്പോർട്ട് ചെയ്തിരുന്നു. സൗദിയിൽ ഭക്ഷ്യവിഷബാധയെ കുറിച്ച പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സൗദി അധികൃതർ ‘ബിലബൻ’ ശാഖകൾ താൽക്കാലികമായി അടച്ചുപൂട്ടിയത്.
പ്രതിസന്ധി പരിഹരിക്കുന്നതിൽ പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസിയുടെ വേഗത്തിലുള്ള ഇടപെടലിന് ‘ബിലബൻ’ നന്ദി പറഞ്ഞു. സുരക്ഷാ ചട്ടങ്ങളും പ്രവർത്തന മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയന്ത്രണ സ്ഥാപനങ്ങളുമായി സഹകരിക്കാനുള്ള പ്രതിബദ്ധത കമ്പനി അറിയിച്ചു. നിയമ ലംഘനങ്ങൾ പരിഹരിക്കാനുള്ള തിരുത്തൽ നടപടികൾ പാലിക്കാനായി കമ്പനി നിലവിൽ പ്രവർത്തിക്കുന്നു. മുഴുവൻ ആരോഗ്യ, സുരക്ഷാ വ്യവസ്ഥകകളും നിറവേറ്റി ഇരു രാജ്യങ്ങളിലെയും ശാഖകൾ വീണ്ടും തുറക്കാനും കമ്പനി പദ്ധതിയിടുന്നു. ശാഖകൾ വീണ്ടും തുറക്കുന്ന തിയ്യതിയും പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കുന്നതിനെ കുറിച്ച അപ്‌ഡേറ്റുകൾക്കായി ‘ബിലബന്റെ’ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ പിന്തുടരാൻ ഉപഭോക്താക്കളോട് കമ്പനി ആവശ്യപ്പെട്ടു.
ഭക്ഷ്യവിഷബാധയെ തുടർന്ന് കഴിഞ്ഞ മാസം ‘ബിലബൻ’, ‘കരം അൽശാം’, ‘കുനാഫ ആന്റ് ബസ്ബൂസ’, ‘വാഹ്മി ബർഗർ’, ‘ആം ശൽതത്ത്’ എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ ഭക്ഷ്യ ശൃംഖലകളിൽ ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി പരിശോധനകൾ നടത്തിയിരുന്നു. രോഗകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം, നിരോധിത അഡിറ്റീവുകളുടെ ഉപയോഗം, അനുചിതമായ സംഭരണ രീതികൾ തുടങ്ങിയ ഗുരുതരമായ നിയമ ലംഘനങ്ങൾ പരിശോധനകളിൽ കണ്ടെത്തി.
ഇതിന്റെ ഫലമായി ‘ബിലബന്റെ’ ഈജിപ്തിലെ 110 ശാഖകൾ താൽക്കാലികമായി അടച്ചുപൂട്ടുകയായിരുന്നു. ഇത് 25,000 ഓളം ജീവനക്കാരെ ബാധിച്ചു. 2021-ൽ അലക്‌സാണ്ട്രിയയിൽ സ്ഥാപിതമായ ‘ബിലബൻ’ ഈജിപ്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഭക്ഷ്യ ശൃംഖലകളിലൊന്നായി അതിവേഗം വളർന്നു. ധീരവും പാരമ്പര്യേതരവുമായ മാർക്കറ്റിംഗിലൂടെയാണ് ഈ ബ്രാൻഡ് ശ്രദ്ധ നേടിയത്. പലപ്പോഴും പഴയതും കൂടുതൽ സ്ഥിരപ്രതിഷ്ഠ നേടിയതുമായ എതിരാളികളെ പരിഹസിക്കുന്ന അതിന്റെ മിന്നുന്ന മധുരപലഹാരങ്ങളുടെ പേരുകളും നാക്കുപിഴപ്പിക്കുന്ന പരസ്യങ്ങളും ചർച്ചകൾക്ക് വഴിവെച്ചു.