ദോഹ– ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് സാംസ്‌കാരിക വിരുന്നൊരുക്കി ഇന്ത്യൻ കൾച്ചറൽ സെൻ്റർ (ഐ സി സി) സംഘടിപ്പിക്കുന്ന ‘ഭാരത് ഉത്സവ് 2026’ ജനുവരി 22, 23 തിയ്യതികളിൽ അരങ്ങേറും. ഇന്ത്യൻ എംബസിയുമായി സഹകരിച്ച് അബൂഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ വൈകിട്ട് നാല് മുതൽ രാത്രി 11 വരെയാണ് മഹാസാംസ്‌കാരിക മേള നടക്കുന്നത്. ഇന്ത്യയുടെ വൈവിധ്യമാർന്ന കലകളും പൈതൃകവും വിളിച്ചോതുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രശസ്ത പിന്നണി ഗായകൻ ശ്രീനിവാസും സംഘവും അവതരിപ്പിക്കുന്ന ലൈവ് സംഗീത കച്ചേരിയാണ് ഭാരത് ഉത്സവിൻ്റെ പ്രധാന ആകർഷണം. വിവിധ ഭാഷകളിലായി അദ്ദേഹം ആലപിക്കുന്ന ജനപ്രിയ ഗാനങ്ങൾ പ്രേക്ഷകർക്ക് നവ്യാനുഭവമാകും.
2025 ഡിസംബർ ആദ്യവാരം ആരംഭിച്ച ഐ സി സി സ്റ്റാർ സിംഗർ മത്സരത്തിൻ്റെ കലാശപ്പോരാട്ടം ജനുവരി 22-ന് നടക്കും. ഖത്തറിലെ മികച്ച ഗായക പ്രതിഭകളെ കണ്ടെത്തുന്ന ഈ മത്സരത്തിൽ ശ്രീനിവാസൻ ദോരൈസ്വാമി ഉൾപ്പെടുന്ന പ്രമുഖ വിധികർത്താക്കളാണ് വിജയികളെ തീരുമാനിക്കുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ കലാരൂപങ്ങൾ കോർത്തിണക്കിയുള്ള വർണാഭമായ പരിപാടികളാണ് വേദിയിൽ അരങ്ങേറുന്നത്.
കലാരൂപങ്ങൾ: കേരളത്തിൻ്റെ തിരുവാതിര, തമിഴ്‌നാട്ടിലെ ആട്ടം, ഗുജറാത്തിൻ്റെ ഗർബ, തെലുങ്ക് നൃത്തശൈലികൾ എന്നിവ ഉൾപ്പെടുന്ന ഫ്യൂഷൻ നൃത്തങ്ങൾ.
സാംസ്‌കാരിക പരേഡ്: പരമ്പരാഗത വേഷങ്ങളും നാടോടിക്കലകളും അണിനിരക്കുന്ന പരേഡ്.
പവലിയനുകൾ: വിവിധ സംസ്ഥാനങ്ങളുടെ സംസ്കാരം പരിചയപ്പെടുത്തുന്ന കൾച്ചറൽ പവലിയനുകൾ, സർക്കാർ ക്ഷേമപദ്ധതികൾ വിശദീകരിക്കുന്ന പ്രത്യേക സ്റ്റാളുകൾ.
ബസാറും ഫുഡ് കോർട്ടും: കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ പ്രദർശനവും വൈവിധ്യമാർന്ന ഇന്ത്യൻ രുചികൾ വിളമ്പുന്ന ഫുഡ് കോർട്ടും മേളയുടെ ഭാഗമായിരിക്കും.
ഇന്ത്യ-ഖത്തർ സൗഹൃദം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രവാസി സമൂഹത്തിനിടയിൽ ഐക്യം വളർത്താനും ഈ മേള ലക്ഷ്യമിടുന്നു. വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ വിപുൽ, കൗൺസലർ ഡോ. വൈഭവ് തണ്ഡാലേ, ഐ സി സി പ്രസിഡൻ്റ് എ.പി മണികണ്ഠൻ, പി.എൻ ബാബുരാജൻ, ശാന്തം ദേശ്‌പാണ്ഡെ, മനു സജി എന്നിവർ പങ്കെടുത്തു.



