മനാമ– ഈ വർഷം ആദ്യ പാദത്തിൽ തന്നെ ആളോഹരി വരുമാനത്തിൽ (ജിഡിപി) വൻ കുതിപ്പ് രേഖപ്പെടുത്തി ബഹ്റൈൻ. ഇൻഫർമേഷൻ & ഇ-ഗവൺമെന്റ് അതോറിറ്റി (iGA) പുറത്തിറക്കിയ ദേശീയ അക്കൗണ്ട് കണക്കുകൾ പ്രകാരം, 2025-ന്റെ ആദ്യ പാദത്തിൽ ബഹ്‌റൈനിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം മുൻവർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ സ്ഥിര വിലയിൽ 2.7 ശതമാനവും നിലവിലെ വിലയിൽ 3 ശതമാനത്തിന്റെ വളർച്ചയും രേഖപ്പെടുത്തി.
ദേശീയ അക്കൗണ്ട് കണക്കുകൾ പ്രകാരം, എണ്ണ, എണ്ണേതര പ്രവർത്തനങ്ങളിലെ വർധനവാണ് ഈ വളർച്ചയ്ക്ക് കാരണം. എണ്ണ മേഖലയിൽ സ്ഥിര വിലയിൽ 5.3 ശതമാനവും, നിലവിലെ വിലയിൽ 4.6 ശതമാനവും വളർച്ച നേടി. എണ്ണേതര മേഖലകളിൽ സ്ഥിര വിലയിൽ 2.2 ശതമാനവും നിലവിലെ വിലയിൽ 2.8 ശതമാനവും വളർച്ച കൈവരിച്ചു.
എണ്ണേതര മേഖലകളിൽ ഏറ്റവും ശ്രദ്ധേയമായ വളർച്ച നേടിയത് താമസ-ഭക്ഷണ സേവന മേഖലയാണ്. 10.3% വളർച്ചയാണ് കൈവരിച്ചത്. തൊട്ടുപിന്നാലെ ഫിനാൻഷ്യൽ, ഇൻഷുറൻസ് പ്രവർത്തനങ്ങൾ 7.5% വളർച്ചയും, നിർമാണ മേഖല 5.4% വളർച്ചയും സ്ഥിര വിലയിൽ രേഖപ്പെടുത്തി.