മനാമ– മേഖലയിൽ തുടരുന്ന സംഘർഷാവസ്ഥയ്ക്കും ഭീതിക്കും ഇടയിൽ സമാധാനത്തിന്റെ സന്ദേശവുമായി ബഹ്‌റൈൻ സംഗീതജ്ഞൻ ഫാരെസ് അഹമ്മദി. ഇറാൻ നടത്തുന്ന ആക്രമണങ്ങൾ സൃഷ്ടിച്ച അനിശ്ചിതത്വവും മാനസിക സമ്മർദ്ദവും പശ്ചാത്തലമാക്കി അദ്ദേഹം രചിച്ച ‘വാൾട്‌സ് ഫോർ പീസ്’ എന്ന പിയാനോ സംഗീതം ശ്രദ്ധേയമാകുന്നു.
സ്വയം പഠിച്ചെടുത്ത സംഗീത മികവിലൂടെ സോളോ പിയാനോ പീസായിട്ടാണ് 34-കാരനായ ഫാരെസ് ഈ കൃതി പുറത്തിറക്കിയത്. മിഡിൽ ഈസ്റ്റിലെ ജനങ്ങൾ നിലവിൽ അനുഭവിക്കുന്ന കടുത്ത മാനസികാവസ്ഥയുടെയും പ്രതിഫലനമാണ് ഈ സംഗീതമെന്ന് അദ്ദേഹം പറഞ്ഞു.
യുദ്ധത്തിന് യഥാർത്ഥ വിജയികളില്ല, അവശേഷിക്കുന്നത് ദുഃഖവും ശൂന്യതയും തകർന്ന ഹൃദയങ്ങളും മാത്രമാണ്. സംഘർഷങ്ങൾക്ക് പകർന്നുനൽകാൻ കഴിയാത്ത സ്നേഹവും മനുഷ്യർ തമ്മിലുള്ള അടുപ്പവും സമാധാനത്തിനായുള്ള മൃദുവായ ആഹ്വാനവും എന്റെ സംഗീതത്തിലൂടെ പകരനാകുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നാണ് ഫാരെസ് പ്രതികരിച്ചത്. സംഘർഷത്തിന്റെ തുടക്കത്തിൽ അനുഭവിച്ച വേദനയും ആശങ്കയുമാണ് തന്നെ ഈ സംഗീതം ചിട്ടപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിവിൽ എൻജിനീയറും മൂവ്‌മെന്റ് കോച്ചും കൂടിയായ ഫാരെസ് അഹമ്മദി, തന്റെ പിയാനോ വായനയിലൂടെ യുദ്ധക്കെടുതികൾക്കിടയിലും പ്രതീക്ഷ കൈവിടരുതെന്ന സന്ദേശമാണ് നൽകുന്നത്. കഴിഞ്ഞ ഫെബ്രുവരി അവസാനം മുതൽ രാജ്യത്തുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്കിടയിലും തളരാതെയാണ് അദ്ദേഹം തന്റെ ഈ കലാസൃഷ്ടി പൂർത്തിയാക്കിയത്. സോളോ പിയാനോ പീസായ ‘വാൾട്‌സ് ഫോർ പീസ്’ ഇപ്പോൾ വിവിധ മ്യൂസിക് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.



