മനാമ– ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സുമായി സഹകരിച്ച് നാലാമത് രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. മനുഷ്യ ജീവന് താങ്ങും തണലുമാകുന്ന ഈ കാരുണ്യ പ്രവര്‍ത്തനത്തില്‍ നിരവധി രക്തദാതാക്കള്‍ പങ്കെടുത്തു. സല്‍മാനിയ ഹോസ്പിറ്റലിന്റെ ബ്ലഡ് ബാങ്കില്‍ നടന്ന ക്യാമ്പ് രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഉണ്ടായിരുന്നു.
ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം സാമൂഹിക പ്രവര്‍ത്തകന്‍ കെ.ടി. സലിം നിര്‍വഹിച്ചു. യോഗത്തില്‍ വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിന്‍ സലിം അധ്യക്ഷത വഹിച്ചപ്പോൾ സംഘടനയുടെ ജനറല്‍ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞു. വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരി അലക്‌സ് ബേബി മുഖ്യാതിഥിയായി പങ്കെടുത്തു. കൃത്യമായ മുന്നൊരുക്കങ്ങളോടെ സംഘടിപ്പിച്ച ക്യാമ്പിലേക്ക് ബഹ്റൈനിലെ വിവിധ മേഖലകളില്‍ നിന്നുള്ള രക്തദാതാക്കള്‍ രാവിലെ മുതല്‍ തന്നെ എത്തിച്ചേര്‍ന്നു. ക്യാമ്പിന്റെ കോര്‍ഡിനേറ്റര്‍ കൂടിയായ ചാരിറ്റി വിങ് കണ്‍വീനര്‍ അജിത് കുമാര്‍ നന്ദി അറിയിച്ചു.



