മനാമ– ബഹ്‌റൈനിൽ ഇന്റർനെറ്റ് ഉപയോക്താക്കൾ കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് മടങ്ങ് അപ്‌ലോഡ് വേഗതയും ഡൗൺലോഡ് വേഗതയും ആസ്വദിക്കുന്നുണ്ട്. ഫൈബർ വേഗതകളുടെ പ്രവേശനനില വർധിപ്പിക്കാൻ റെഗുലേറ്ററി നടപടികൾ സ്വീകരിച്ചതാണ് ഇതിന് കാരണം. എന്നാൽ ഇപ്പോഴും ഇൻർനെറ്റ് വേഗതക്ക് തടസ്സമായി നിൽക്കുന്ന കാരണത്തെ വ്യക്തമാക്കുകയാണ് അമേരിക്കൻ കണക്ടിവിറ്റി ഇന്റലിജൻസ് കമ്പനിയായ ഊക്ല റിപ്പോർട്ട്.
സാധാരണ റൗട്ടറുകൾ വാങ്ങിയാൽ 3-4 വർഷം വരെ ഉപയോഗിക്കാം. ഇതിനാൽ ഇന്റർനെറ്റ് വേഗതയിലെ മാറ്റങ്ങൾക്കനുസരിച്ച് ആളുകൾ റൗട്ടറിനെ മാറ്റാറുമില്ല. ഇത്തരം പഴയ റൗട്ടറുകളാണ് ഇന്റർനെറ്റ് വേഗത കുറയാൻ കാരണമാവുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2024 അവസാനത്തിൽ 86mp/s ആയിരുന്നു ഡൗൺലോഡിങ് വേഗത. എന്നാൽ ഇപ്പോൾ 130.74mp/s ആയി ഉയർന്നിട്ടുണ്ട്. ഈ വേഗതയെ പിന്തുണക്കാൻ കഴിയുന്ന വൈഫൈ-6 പോലുള്ള പുതിയ റൗട്ടറുകൾ ഉപയോഗിക്കുന്നതാണ് പോംവഴി. അറേബ്യൻ രാജ്യങ്ങളായ ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ 30-40 ശതമാനം ആളുകൾ വൈഫൈ-6 റൗട്ടറുകൾ ഉപയോഗിക്കുന്നു. എന്നാൽ ബഹ്‌റൈനിൽ ഇതിന്റെ ഉപയോഗം പരിമിതമാണെന്നാണ് വിവരം.