മനാമ– തലസ്ഥാന നഗരത്തിൽ സ്ത്രീകൾക്കായി പ്രത്യേക പിങ്ക് പാർക്കിങ് സ്ലോട്ടുകൾ സ്ഥാപിക്കണമെന്ന നിർദേശം താൽക്കാലികമായി നിർത്തിവെച്ചു. ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡിലെ അംഗങ്ങളുടെ വ്യത്യസ്ത അഭിപ്രായങ്ങൾ മാനിച്ചാണ് ഈ തീരുമാനം. ബോർഡ് അംഗം ഡോ. വഫാ അജൂറാണ് ‘പിങ്ക് പാർക്കിങ് സ്ലോട്ട്’ നിർദേശം മുന്നോട്ടുവെച്ചത്. ഷോപ്പിങ് മാളുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലെ പാർക്കിങ് സ്ഥലങ്ങളിൽ കുറഞ്ഞത് 20 ശതമാനമെങ്കിലും സ്ത്രീകൾക്കായി മാറ്റിവെക്കണമെന്നായിരുന്നു നിർദേശം.
എന്നാൽ 90 ശതമാനവും സ്ത്രീകളാണ് മാളുകളിൽ സാധനങ്ങൾ വാങ്ങിക്കാൻ എത്തുന്നതെന്നും അപ്പോൾ 20 ശതമാനം മാത്രം സ്ത്രീകൾക്കായി മാറ്റിവെക്കുന്നത് ഉപകാരമാവില്ലെന്നും ബോർഡ് ചെയർപേഴ്‌സൺ ഖുൽഹൂദ് അൽ ഖത്താൻ ചൂണ്ടിക്കാട്ടി. പിങ്ക് സ്ലോട്ട് നിർദേശം സ്ത്രീകളുടെ സുരക്ഷ, പ്രാതിനിധ്യം എന്നിവ ഉറപ്പിക്കാനാണെന്ന് ഡോ. വഫാ അജൂർ വ്യക്തമാക്കി. ജർമ്മനി, സൗത്ത് കൊറിയ, യുഎഇ എന്നിവിടങ്ങളിൽ ഇത്തരം പദ്ധതി വിജയകരമായി നടപ്പിലാക്കിയതായും അവർ ചൂണ്ടിക്കാട്ടി.