മനാമ – കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയിലെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ 12.40ന് തിരുവനന്തപുരത്തുനിന്നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ എത്തിയ മുഖ്യമന്ത്രിയെ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വര്‍ഗീസ് കുര്യ, പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി ശ്രീജിത്ത്, ചെയര്‍മാന്‍ രാധാകൃഷ്ണ പിള്ള, ലോക കേരള സഭാ അംഗങ്ങളായ സുബൈര്‍ കണ്ണൂര്‍, ഷാനവാസ്, ബഹ്റൈന്‍ കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ലുലു കണ്‍ട്രി മാനേജര്‍ ജൂസര്‍ രുപവാല തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഇന്ന് വൈകീട്ട് ആറരക്ക് ബഹ്റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സംഗമത്തില്‍ ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ്, മന്ത്രി സജി ചെറിയാന്‍, പത്മശ്രീ എംഎ യൂസഫ് അലി എന്നിവര്‍ വിശിഷ്ടാതിഥികളായി ചടങ്ങില്‍ സംസാരിക്കും. എട്ടു വര്‍ഷത്തിനു ശേഷം മനാമയിലെത്തിയ മുഖ്യമന്ത്രിക്ക് ഉജ്വല സ്വീകരണമൊരുക്കാനാണ് തങ്ങള്‍ തീരുമാനിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. മലയാളം മിഷനും ലോക കേരള സഭയും ചേര്‍ന്നാണ് പ്രവാസി മലയാളി സംഗമം ഒരുക്കുന്നത്.